മഞ്ചേരി മെഡിക്കല്‍ കോളജില്‍ മുഴുവന്‍ ഒ.പികളും തുടങ്ങി

മഞ്ചേരി: മെഡിക്കല്‍ കോളജില്‍ മുഴുവന്‍ ഒ.പികളും പ്രവര്‍ത്തനം തുടങ്ങി. ആഴ്ചയില്‍ മൂന്നുദിവസമാണ് ഇവ പ്രവര്‍ത്തിക്കുക. പരിശോധന നടത്തി മരുന്ന് നല്‍കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുക. രോഗികളെ കിടത്തി ച്ചികിത്സിക്കാനും കാള്‍ഡ്യൂട്ടി ചെയ്യാനും അത്യാഹിത വിഭാഗം നോക്കാനും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണുണ്ടാവുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മെഡിക്കല്‍ കോളജിന്‍െറയും മറ്റു ദിവസങ്ങളില്‍ ജനറല്‍ ആശുപത്രിയുടെയും ഒ.പികള്‍ നടക്കും. ജനുവരി 15 മുതല്‍ ആഴ്ചയില്‍ രണ്ടുദിവസം മെഡിസിന്‍, സര്‍ജറി ഒ.പികള്‍ തുടങ്ങിയിരുന്നു. മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, അസ്തിരോഗം, ഇ.എന്‍.ടി, ഒഫ്താല്‍മോളജി, സൈക്യാട്രി, തൊലി എന്നിവയും ജനറല്‍ ഒ.പിയുമാണ് തിങ്കളാഴ്ചകളിലുണ്ടാവുക. ബുധനാഴ്ച ഇവക്ക് പുറമെ ഡെന്‍റല്‍ വിഭാഗം ഒ.പി കൂടിയുണ്ടാകും. വെള്ളിയാഴ്ച മെഡിസിന്‍, ഗൈനക്കോളജി, സര്‍ജറി, അസ്തിരോഗം, തൊലി വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുക. മെഡിക്കല്‍ കോളജ് ഒ.പിയില്‍ വന്ന രോഗിയെ കിടത്തിച്ചികിത്സിക്കേണ്ടതുണ്ടെങ്കില്‍ രോഗിക്ക് ഒ.പി ടിക്കറ്റിന് പുറമെ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്‍െറ ഒ.പി ടിക്കറ്റ് കൂടി നല്‍കുകയാണ്. അഡ്മിറ്റ് ചെയ്യുന്ന രോഗികളെ അതത് ദിവസം കാള്‍ഡ്യൂട്ടിയുള്ള ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ ചികിത്സിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആദ്യ ദിനമായ തിങ്കളാഴ്ച 1940 രോഗികള്‍ മെഡിക്കല്‍ കോളജ് ഒ.പിയിലത്തെി. വാതരോഗം, ഡെന്‍റല്‍ വിഭാഗം എന്നിവയാണ് തിങ്കളാഴ്ച ജനറല്‍ ആശുപത്രി ഒ.പിയായി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ 640 രോഗികളാണത്തെിയത്. മെഡിക്കല്‍ കോളജ് ഒ.പി വൈകാതെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. അതേസമയം, ജനറല്‍ ആശുപത്രിയില്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്ന 12 ഒ.പികള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. മെഡിക്കല്‍ കോളജ് ഒ.പികള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ജനറല്‍ ആശുപത്രിയെ താല്‍ക്കാലികമായി ഏതെങ്കിലും ഒരു കെട്ടിടത്തില്‍ പരിമിതപ്പെടുത്തി ജനങ്ങള്‍ക്ക് സേവനം നല്‍കണമെന്ന് പൊതുജനങ്ങളും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ആവശ്യപ്പെട്ടിരുന്നു. ക്ളിനിക്കല്‍ സൗകര്യമില്ലാത്തതിനാല്‍ അംഗീകാരം നഷ്ടമായ മെഡിക്കല്‍ കേളജിന് അംഗീകാരം തിരിച്ചുകിട്ടും വരെയാണ് ഈ ക്രമീകരണം ആലോചിക്കുന്നത്. ജനറല്‍ ആശുപത്രിയെ പുതിയ കെട്ടിടമുണ്ടാക്കി അതിലേക്ക് മാറ്റുന്നതുവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. മെഡിക്കല്‍ കൗണ്‍സിലിന്‍െറ പരിശോധനയോടെ അംഗീകാര നടപടികള്‍ പൂര്‍ത്തിയാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.