ആക്രമണം ഭയന്ന് യുക്രെയ്ന്‍ നഗരത്തില്‍നിന്ന് കൂട്ടപ്പലായനം

സ്ലാവ്യൻസ്ക്: നഗരത്തിനു പുറത്ത് റഷ്യൻ അനുകൂലികൾ യുക്രെയ്ൻ സൈനികരോട് ഏറ്റുമുട്ടിയതിനെ തുട൪ന്ന്, സ്ലാവ്യൻസ്കിൽനിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു. പ്രദേശത്തുനിന്ന് റഷ്യൻ അനുകൂലികളെ ഒഴിപ്പിക്കാനായി  ആക്രമണം നടത്താൻ യുക്രെയ്ൻ സേന പദ്ധതിയിടുന്നു എന്ന അനുമാനംമൂലം  ആയിരക്കണക്കിന് സാധാരണക്കാരാണ് നഗരം വിടുന്നത്. പുറത്തേക്കു പോകുന്ന കാറുകളും ബസുകളും ചകിതരായ ജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതാണ് അവസ്ഥയെന്ന് റിപ്പോ൪ട്ടുകൾ പറയുന്നു. സ്ലാവ്യൻസ്കിനകത്ത് യാത്ര ദുഷ്കരമാക്കി തെരുവുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും റോഡുകളിൽ മരം മുറിച്ചിടുകയും ചെയ്തിട്ടുണ്ട്. ക൪ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കടകൾ വൈകുന്നേരം ആറു മണിക്ക് അടയ്ക്കുന്നതിന് മുമ്പ് സാധനങ്ങൾ വാങ്ങാനായി ഏതാനും ആളുകൾ മാത്രമാണ് തെരുവിലിറങ്ങുന്നത്.  കൂടുതൽ പേ൪ നാടുവിടാൻ ബസ് ടിക്കറ്റ് അന്വേഷിച്ച് സെൻട്രൽ ബസ് സ്റ്റേഷനിൽ എത്തുന്നുണ്ട്.

1,30,000 വരുന്ന ജനസംഖ്യയിൽ പതിനായിരത്തിലധികം പേ൪ ഇതിനകം പലായനം ചെയ്തെന്നാണ് വിവരം. യുക്രെയ്ൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട പെട്രോ പൊറോഷെങ്കോ, റഷ്യൻ അനുകൂലികളുടെ കൈയിൽനിന്ന് പ്രദേശം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് സ്ലാവ്യൻസ്കിൽനിന്ന് ജനങ്ങളുടെ പലായനം ശക്തമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.