ഓവുചാല്‍ വൃത്തിയാക്കല്‍ നിര്‍ത്താന്‍ ഉത്തരവ്

മാനന്തവാടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പൊതുമരാമത്ത് റോഡുകളുടെ ഓവുചാലുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്. 1310/EGS A/14/REGS നമ്പര്‍ പ്രകാരം മേയ് 16നാണ് സംസ്ഥാന തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ ഡോ. എ.കെ. കൗസിംഗന്‍ ഉത്തരവിറക്കിയത്. മസ്റ്റ്റോള്‍ വിതരണം ചെയ്ത പ്രവൃത്തികള്‍ മാത്രമേ ചെയ്യാവൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മിക്ക പഞ്ചായത്തുകളും മഴക്കാലത്തിന് മുന്നോടിയായി ഗ്രാമീണ റോഡുകളുടെയും പൊതുമരാമത്ത് റോഡുകളുടെയും ഓവുചാല്‍ നന്നാക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഓവുചാലുകളിലെ കാട് വെട്ടിമാറ്റുക, മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ പ്രവൃത്തികളാണ് നടത്തിവന്നിരുന്നത്. എന്നാല്‍, പൊതുമരാമത്ത് റോഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്നുണ്ടെങ്കിലും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് ഫണ്ടില്‍നിന്ന് തുക എഴുതിയെടുക്കുന്നതായി മുന്‍ വര്‍ഷങ്ങളില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരുന്ന സാഹചര്യത്തിലാണ് പ്രവൃത്തികള്‍ നിര്‍ത്തിക്കൊന്‍ ഉത്തരവായത്. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്. 2005ല്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത് മുതല്‍ പൊതുമരാമത്ത് റോഡുകളിലെ കാനകള്‍ നന്നാക്കിവന്നിരുന്നു. സര്‍ക്കാര്‍ ഉത്തരവോടെ ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങളാണ് നഷ്ടമാകുക. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനുള്ള പഞ്ചായത്തുകളുടെ ശ്രമങ്ങള്‍ക്കും തിരിച്ചടി നേരിടും. തോടുകളും കയ്യാലകളും വൃത്തിയാക്കുന്ന പ്രവൃത്തികള്‍ മാത്രമേ ഇപ്പോള്‍ ഇതുമൂലം നടത്താനാകൂ. മഴക്കാലത്തിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് ഓടകള്‍ വൃത്തിയാക്കിയില്ലെങ്കില്‍ വെള്ളം റോഡിലൂടെ ഒഴുകുകയായിരിക്കും ഫലം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.