കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു

മാനന്തവാടി: കണ്ടക്ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത് പതിവാകുന്നു. ഇതുമൂലം ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. രണ്ടുമാസം മുമ്പാണ് 74 കണ്ടക്ടര്‍മാരെ പി.എസ്.സി വഴി നിയമിച്ചത്. ഇതില്‍ 17 പേര്‍ വനിതകളാണ്. 14 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. 25 പേര്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം മെഡിക്കല്‍ അവധിയില്‍ പോയി. രണ്ടുപേര്‍ ജോലിയുപേക്ഷിക്കുകയും ചെയ്തു. പി.എസ്.സി നിയമനം നടന്നതോടെ എംപ്ളോയ്മെന്‍റ് വഴി ജോലിചെയ്തവരെ പിരിച്ചുവിട്ടിരുന്നു. ഇത് കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയായി. മിക്ക ദിവസങ്ങളിലും കണ്ടക്ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ദിവസവും അഞ്ച് ഷെഡ്യൂളുകളെങ്കിലും മുടങ്ങുന്നുണ്ട്. ഞായറാഴ്ചകളില്‍ 12 ഷെഡ്യുളുകള്‍ വരെ വെട്ടിച്ചുരുക്കേണ്ടി വരുന്നു. ഗ്രാമീണ സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കപ്പെടുന്നവയില്‍ ഉള്‍പ്പെടും. പതിനായിരക്കണക്കിന് രൂപയാണ് കോര്‍പറേഷന് ദിനംപ്രതി നഷ്ടം. മലബാറില്‍ മാനന്തവാടിയിലും കോഴിക്കോടുമാണ് ഏറ്റവുമധികം സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടിവരുന്നത്. കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന ഗ്രാമീണ റൂട്ടുകളില്‍ ഇതോടെ യാത്രാക്ളേശം രൂക്ഷമാണ്. പി.എസ്.സി വഴി നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയില്‍ പ്രവേശിക്കുന്നത് പകരക്കാരെ നിയമിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ജോലിയുടെ കാഠിന്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരും മറ്റ് പി.എസ്.സി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമാണ് അവധിയില്‍ പ്രവേശിക്കുന്നവരില്‍ അധികവും. നിയമനം ലഭിച്ചവര്‍ കൃത്യമായി ജോലിക്ക് എത്തിയില്ലെങ്കില്‍ പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിച്ചാലേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.