സുല്‍ത്താന്‍ ബത്തേരി പാല്‍വിതരണ സഹ. സംഘം വികസനപാതയില്‍

സുല്‍ത്താന്‍ ബത്തേരി: വികസന പാതയില്‍ മുന്നേറുന്ന ബത്തേരി പാല്‍ വിതരണ സഹ. സംഘം 36 ലക്ഷം രൂപ ഇത്തവണ പ്രോത്സാഹന വിലയായി ക്ഷീരകര്‍ഷകര്‍ക്ക് അധികം നല്‍കുമെന്ന് സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1963ല്‍ 14 ലിറ്റര്‍ പാല്‍ സംഭരിച്ച് ആരംഭിച്ച ബത്തേരി ക്ഷീര സഹകരണ സംഘം ഇപ്പോള്‍ പ്രതിദിനം 23,000 ലിറ്റര്‍ പാല്‍ സംഭരിച്ച് വിതരണം ചെയ്യുന്നുണ്ട്. 2008ല്‍ സ്വന്തമായി ശീതീകരണ പ്ളാന്‍റും 2010ല്‍ സംസ്കരണ കേന്ദ്രവും പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ശീതീകരണ പ്ളാന്‍റിനോടനുബന്ധിച്ച് ആരംഭിച്ച ഉപോല്‍പന്ന നിര്‍മാണ യൂനിറ്റില്‍ പാല്‍പേട, തൈര്, സംഭാരം എന്നിവ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്. ഐസ്ക്രീം ഉല്‍പാദന യൂനിറ്റ് ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ സംഘം. ലിറ്ററിന് ശരാശരി 27 രൂപ 50 പൈസ വില നല്‍കിയാണ് ക്ഷീരകര്‍ഷകരില്‍നിന്നും പാല്‍ സംഭരിക്കുന്നത്. 33 രൂപയാണ് ചില്ലറ വില്‍പന വില. ലാഭവിഹിതം സംഘാംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്കു തന്നെ നല്‍കുന്നു. പ്രതിദിനം 25,000 ലിറ്റര്‍ പാല്‍ സംസ്കരിക്കാന്‍ ശേഷിയുള്ളതാണ് നമ്പിക്കൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്കരണ കേന്ദ്രം. മേയ് 26, 27 തീയതികളില്‍ അധിക പ്രോത്സാഹന വില സംഘം ശാഖകളില്‍നിന്ന് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. സംഘം പ്രസിഡന്‍റ് ബേബി വര്‍ഗീസ്, വൈ. പ്രസിഡന്‍റ് കെ.കെ. പൗലോസ്, ഡയറക്ടര്‍മാരായ കെ.കെ. ശ്രീധരന്‍ നായര്‍, എബി ജോസഫ്, സി.ഡി. സഹദേവന്‍, എന്‍. സിദ്ദീഖ്, കെ.സി. ഗോപിദാസ്, കെ.വി. ശ്രീരാമന്‍, ലീലാ ജോസ്, സെക്രട്ടറി പി.പി. വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.