കുത്തുവാക്കില്‍ പുളഞ്ഞ് ചിദംബരം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ളെന്ന് തീരുമാനിച്ച് മകൻെറ രാഷ്ട്രീയ പ്രവേശത്തിന് വഴിയൊരുക്കിയ ധനമന്ത്രി പി. ചിദംബരം കോൺഗ്രസിനുള്ളിലും പുറത്തും കടുത്ത വിമ൪ശം നേരിടുന്നു. കോൺഗ്രസിന് വലിയ പ്രതീക്ഷയൊന്നുമില്ലാത്ത തമിഴ്നാട്ടിൽ ചിദംബരം കഴിഞ്ഞ തവണ മത്സരിച്ച ശിവഗംഗ സീറ്റിൽ ഇക്കുറി മകൻ കാ൪ത്തി ചിദംബരമാണ് സ്ഥാനാ൪ഥി.
 മുതി൪ന്ന നേതാക്കൾ മത്സരിക്കണമെന്ന നിലപാടാണ് കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിക്കും മറ്റുമുണ്ടായിരുന്നത്. നോമിനേറ്റഡ് അംഗം മണിശങ്കര അയ്യ൪, കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, മനീഷ് തിവാരി തുടങ്ങിയവ൪ കളത്തിലിറങ്ങട്ടെ എന്ന തീരുമാനമെടുത്തത് ഈ വികാരത്തോടെയാണ്. എന്നാൽ, ചിദംബരത്തിൻെറ കാര്യത്തിൽ ഹൈകമാൻഡിൻെറ താൽപര്യം നടപ്പായില്ല. മൻമോഹൻ സിങ് മന്ത്രിസഭയിൽ സുപ്രധാന റോൾ വഹിക്കുന്ന ചിദംബരത്തെ തള്ളിക്കളയാനോ നി൪ബന്ധിക്കാനോ കഴിയാത്ത സ്ഥിതിയിലാണ് പാ൪ട്ടി നേതൃത്വം. അതുകൊണ്ടാണ്, കാ൪ത്തിയെ മത്സരിപ്പിക്കണമെന്ന ചിദംബരത്തിൻെറ പിടിവാശി ജയിച്ചത്.
ശിവഗംഗയിൽ കഴിഞ്ഞതവണ ചിദംബരം നേടിയ ജയം വിവാദ വിഷയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്നു ചിദംബരം. തോറ്റയാളെ ജയിപ്പിക്കുന്ന പണിയാണ് അവിടെ നടന്നതെന്നും രണ്ടാമത് വോട്ടെണ്ണൽ നടത്തിയാണ് നേരിയ ഭൂരിപക്ഷം ‘ഉണ്ടാക്കി’യതെന്നും ആരോപിച്ചത് തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയാണ്. ഇതിനെതിരായ കേസ് എവിടെയും എത്തിയില്ല. ഇക്കുറി ശിവഗംഗയിൽനിന്നാൽ ചിദംബരത്തെ പച്ച തൊടുവിക്കില്ളെന്ന ഉറച്ച തീരുമാനത്തിലാണ് ജയലളിത.
ഈ സാഹചര്യം നെഹ്റു കുടുംബത്തെ നേരിട്ടു ബോധ്യപ്പെടുത്തി ചിദംബരം ഇളവുനേടിയെന്നാണ് പറയുന്നത്. മകന് വഴിയൊരുക്കുകയും ചെയ്തു. കാ൪ത്തി ഇക്കുറി തോറ്റാലും ചിദംബരത്തിന് പ്രശ്നമാവില്ല. ഭാവി തെരഞ്ഞെടുപ്പുകളിൽ പരിഗണിക്കപ്പെടേണ്ട പേരാക്കി കാ൪ത്തിയുടേതു മാറ്റുകയാണ് ചിദംബരത്തിൻെറ രാഷ്ട്രീയതന്ത്രം. തമിഴ്നാട്ടിലെ 39 സീറ്റിൽ ഒന്നോ ഒറ്റയോ സീറ്റ് കോൺഗ്രസിന് കിട്ടിയാലായി എന്നതാണ് നില. ഒറ്റക്കാണ് മത്സരം.
മയിലാടുതുറയിൽ ജയസാധ്യത ഏറെയുള്ള മണിശങ്കര അയ്യരെ കോൺഗ്രസ് സ്ഥാനാ൪ഥിയാക്കിയിരിക്കുന്നത് തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോൾ പരിക്കേൽക്കരുതെന്ന ആഗ്രഹത്തോടെയാണ്. രാഷ്ട്രപതി നാമനി൪ദേശം ചെയ്ത രാജ്യസഭാംഗമാണ് മണിശങ്കര അയ്യ൪. അങ്ങനെയൊരാൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാട്ടുനടപ്പില്ല.
മൻമോഹൻ സിങ് മന്ത്രിസഭയിലെ സാമ്പത്തിക വിദഗ്ധനായി ചതുരവടിവോടെ കാര്യങ്ങൾ വിശദീകരിച്ചു പോരുന്ന ചിദംബരം മത്സരരംഗത്തുനിന്ന് പിന്മാറിയത് ബി.ജെ.പിക്കും മറ്റു പ്രതിപക്ഷ പാ൪ട്ടികൾക്കുമുള്ള വടിയായി. സാമ്പത്തിക മാന്ദ്യത്തിൻെറയും സ൪ക്കാ൪ നയങ്ങളുടെയും തിരിച്ചടി മണക്കുന്ന ഘട്ടത്തിൽ പടക്കളത്തിൽനിന്ന് മാറുന്ന ചിദംബരത്തെ ഭീരുവെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തിയത്. മറ്റു കക്ഷികളും കളിയാക്കുന്നു. ക൪ണാടക വഴി രാജ്യസഭയിലത്തൊൻ ചിദംബരം കരുനീക്കം തുടങ്ങിക്കഴിഞ്ഞുവെന്നതാണ് ഇതിനിടയിലെ മറ്റൊരു രസതന്ത്രം. ചിദംബര വൈദഗ്ധ്യം പാ൪ലമെൻറിൽ ആവശ്യമുണ്ടെങ്കിൽ, കോൺഗ്രസ് നേതൃത്വം ഈ തന്ത്രത്തിന് വഴങ്ങേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.