കോഴിക്കോട്: ഓട്ടോഡ്രൈവറുടെ വേഷത്തിലും രോഗിയുടെ സഹായിയായും ചമഞ്ഞ് ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പിടികിട്ടാപ്പുള്ളിയെ സൗത് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളുവമ്പ്രം പുല്ലാരമറ്റത്ത് വീട്ടിൽ മുഹമ്മദ് നവാസാണ് (37) തിങ്കളാഴ്ച ഉച്ചക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പിടിയിലായത്. കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചു. കോഴിക്കോട്ടെ മോഷണദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞതിനാൽ മൊബൈൽ ഫോൺ ഉപയോഗിക്കാതെയും വീട്ടിൽ പോകാതെയും ഒളിച്ചുകഴിയുകയായിരുന്നു.
കൈയിൽ ഫ്ളാസ്കുമായി ആശുപത്രി വരാന്തയിലും ഐ.സി.യുവിനു മുന്നിലും കറങ്ങിനടന്ന് രോഗികളുടെ ബന്ധുക്കളോട് ചങ്ങാത്തംകൂടിയാണ് മോഷണം നടത്തുന്നത്. കോഴിക്കോട് കോ൪ട്ട് റോഡിലെ കാലിക്കറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്സിങ് ഹോമിൽ കാക്കിധരിച്ച് ഓട്ടോ ഡ്രൈവറായി അഭിനയിച്ചാണ് മാങ്കാവ് ചൈതന്യയിൽ താമസിക്കുന്ന ഡോ. വി.കെ. സുശീലയുടെ നാലര പവൻെറ സ്വ൪ണമാല കവ൪ന്നത്. ഗൈനക്കോളജിസ്റ്റായ ഡോക്ട൪ ഓപറേഷൻ തിയറ്ററിൽ പോകുംമുമ്പ് മാല മുറിയിലെ മേശയിൽ ഊരിവെച്ചതായിരുന്നു.
ട്രെയിനിൽ യാത്രചെയ്ത് യാത്രക്കാരുടെ പണവും ബാഗും മോഷ്ടിക്കുന്ന പതിവുമുണ്ട്. മുമ്പ് 18 പവൻെറ സ്വ൪ണമടങ്ങിയ ബാഗ് റിസ൪വേഷൻ കമ്പാ൪ട്ടുമെൻറിൽ നിന്ന് കവ൪ന്ന കേസിൽ ഇയാളെ ക്രൈം സ്ക്വാഡ് പിടികൂടിയിരുന്നു. മെഡിക്കൽ കോളജ്, ടൗൺ, ഫറോക്ക്, എറണാകുളം എന്നിവിടങ്ങളിൽ പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സൗത് അസി. കമീഷണ൪ എ.ജെ. ബാബുവിന് ലഭിച്ച രഹസ്യവിവരമനുസരിച്ച് ടൗൺ സി.ഐ ടി.കെ. അഷ്റഫ്, എസ്.ഐമാരായ കൃഷ്ണൻകുട്ടി, കെ.പി. അബൂബക്ക൪, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ടി.പി. ബിജു, കെ.ആ൪. രാജേഷ്, എം.വി. അനീഷ്, കെ. ഹാദിൽ, ഉണ്ണികൃഷ്ണൻ എന്നിവ൪ ചേ൪ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.