ബംഗളൂരു: സ൪ക്കാ൪ നി൪ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാത്തതിനാൽ നഗരത്തിലെ 1027 എ.ടി.എം കൗണ്ടറുകൾ പൊലീസ് അടച്ചുപൂട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാൻ ഞായറാഴ്ച വൈകീട്ട് നാല് വരെയായിരുന്നു ബാങ്കുകൾക്ക് സമയപരിധി നൽകിയിരുന്നത്.
വിവിധ ബാങ്കുകളുടെ 2580 എ.ടി.എം കൗണ്ടറുകളിൽ 1,050ഓളം കൗണ്ടറുകൾക്ക് സുരക്ഷ ജീവനക്കാരോ, സി.സി.ടി.വി കാമറകളോ ഇല്ളെന്ന് നേരത്തേ കണ്ടത്തെിയിരുന്നു. ഈ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തി എ.ടി.എം കൗണ്ടറുകൾ അടച്ച് നോട്ടീസ് പതിച്ചത്. മധ്യ ബംഗളൂരുവിൽ 90, ദക്ഷിണ മേഖലയിൽ 234, ഉത്തര ബംഗളൂരുവിൽ 160, പശ്ചിമ മേഖലയിൽ 142, കിഴക്കൻ ബംഗളൂരുവിൽ 191 എ.ടി.എം കൗണ്ടറുകളാണ് പൂട്ടിയത്. അതേസമയം, പൊലീസ് നി൪ദേശത്തെതുട൪ന്ന് നിരവധി എ.ടി.എം കൗണ്ടറുകൾക്ക് ബാങ്കുകൾ ഞായറാഴ്ച സുരക്ഷാ ജീവനക്കാരെ നിയമിച്ചു. സി.സി.ടി.വി കാമറകളും പ്രവ൪ത്തിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
സുരക്ഷാ ജീവനക്കാരെ നി൪ത്തുക, കൗണ്ടറുകളുടെ അകത്തും പുറത്തും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക, അപകട മുന്നറിയിപ്പ് നൽകുന്ന അലാറം സ്ഥാപിക്കുക, കൗണ്ടറുകളുടെ വാതിലുകൾക്ക് മാഗ്നറ്റിക് പൂട്ട് ഘടിപ്പിക്കുക തുടങ്ങിയ നി൪ദേശങ്ങളാണ് പൊലീസ് ബാങ്കുകൾക്ക് നൽകിയത്. ഇതുസംബന്ധിച്ച് പൊലീസ് പൊതുമേഖല, സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥരുമായി ച൪ച്ച നടത്തിയിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ബാങ്കുകളുടെ ഉത്തരവാദിത്തമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പൂ൪ണമായും പാലിച്ചാൽ എ.ടി.എം കൗണ്ടറുകൾ തുറക്കാൻ അനുമതി നൽകുമെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണ൪ രാഘവേന്ദ്ര ഒൗരാദ്ക൪ പറഞ്ഞു.
മൈസൂരിൽ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാത്ത നിരവധി എ.ടി.എം കൗണ്ടറുകൾ അടച്ചുപൂട്ടി. സുരക്ഷയുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തേ നടത്തിയ സ൪വേയിൽ 272 എ.ടി.എം കൗണ്ടറുകളിൽ 29 എണ്ണം സി.സി.ടി.വി സൗകര്യമില്ലാതെയും 121 കൗണ്ടറുകൾ സുരക്ഷാ ജീവനക്കാരില്ലാതെയുമാണ് പ്രവ൪ത്തിക്കുന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.