ന്യൂദൽഹി: ഇറാനും ആറ് വൻശക്തി രാജ്യങ്ങളും ഒപ്പുവെച്ച ഇടക്കാല ആണവ കരാറിൻെറ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് വാങ്ങുന്ന ക്രൂഡ് ഓയിലിന് ഇന്ത്യ യൂറോയിൽ വില നൽകുന്നത് പുനരാരംഭിക്കാൻ സാധ്യത.
അതേസമയം, 2014 മാ൪ച്ച് 31ഓടെ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി 15 ശതമാനം കുറക്കാനുള്ള തീരുമാനത്തിൽ ഇന്ത്യ ഉറച്ചുനിൽക്കും. ഇറാനെതിരായ ഉപരോധത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഇളവ് പ്രഖ്യാപിച്ചെങ്കിലും വ൪ധിച്ച ഇറക്കുമതി അനുവദിക്കാത്തതാണ് ഇതിന് കാരണം.
ഉപരോധത്തിലെ ഇളവിലൂടെ യൂറോയിൽ പണം നൽകുന്നതിനുള്ള അവസരം തുറന്നിരിക്കുകയാണ്. ഇറാനിൽനിന്ന് എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾ ഇൻഷൂ൪ ചെയ്യുന്നതിന് ഏ൪പ്പെടുത്തിയിരുന്ന വിലക്ക് യൂറോപ്യൻ യൂനിയൻ നീക്കുകയും ചെയ്തുവെന്ന് പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥ൪ അറിയിച്ചു.
പണം നൽകുന്നതിനുള്ള ചാനൽ തുറന്നതോടെ ഏത് ബാങ്ക് അല്ളെങ്കിൽ രാജ്യം വഴിയാണ് പണം നൽകാൻ കഴിയുക എന്ന് ഇറാൻ അധികൃതരുമായി ച൪ച്ച നടത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു.
2011 ജൂലൈ മുതൽ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 55 ശതമാനം എണ്ണക്ക് അങ്കാറയിലെ ഹാൾക്ക് ബാങ്ക് വഴി യൂറോയിലാണ് പണം നൽകിയിരുന്നത്. ശേഷിക്കുന്ന 45 ശതമാനം എണ്ണക്ക് കൊൽക്കത്ത ആസ്ഥാനമായ യൂക്കോ ബാങ്കിൽ ഇറാൻ എണ്ണക്കമ്പനി തുടങ്ങിയ അക്കൗണ്ടിൽ രൂപയിലും തുക നൽകി. സാമ്പത്തിക ഉപരോധം ശക്തമായതോടെ, ഈ വ൪ഷം ഫെബ്രുവരി ആറ് മുതൽ യൂറോയിൽ പണം നൽകുന്നത് മുടങ്ങി. യൂക്കോ ബാങ്ക് വഴി യൂറോയിൽ പണം നൽകുന്നത് തുടരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.