തിരുവനന്തപുരം: ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിലെ കനത്ത മഴയിൽ റെയിൽവേ പാളങ്ങൾ ഒലിച്ചുപോയതിനാൽ സംസ്ഥാനത്ത് നിന്ന് ഇതുവഴി പോകേണ്ട നിരവധി ട്രെയിനുകൾ മുടങ്ങുകയും പലതും മണിക്കൂറുകൾ വൈകുകയും ചെയ്തത് യാത്രികരെ ദുരിതത്തിലാക്കി.
ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളുടെ തീരദേശത്ത്കൂടി കടന്ന് പോകുന്ന റെയിൽപാളങ്ങൾക്കാണ് സാരമായ നാശം സംഭവിച്ചത്. ഇതുകാരണം കിഴക്കൻ തീരമേഖലയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പല വണ്ടികളും ഓട്ടം നി൪ത്തി. പല വണ്ടികൾക്കും ജോടി ഇല്ലാത്തതിനാൽ സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന വണ്ടികൾ പിടിച്ചിട്ടിരിക്കുകയാണ്. ഇത് ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള ദീ൪ഘദൂര യാത്രിക൪ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. ഈസ്റ്റ് കോസ്റ്റ് സോണിലൂടെ സംസ്ഥാനത്തേക്ക് വരുന്ന വണ്ടികളിൽ നിരവധി മലയാളികൾ കുടുങ്ങിയതായാണ് വിവരം. ഇവ൪ക്ക് വേണ്ടി ദക്ഷിണ റെയിൽവേ ചെന്നൈയിൽ കൺട്രോൾ റൂം തുടങ്ങുകയും ഹെൽപ് ലൈൻ നമ്പ൪ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള രണ്ട് ട്രെയിനുകളാണ് ഇന്നലെ റദ്ദാക്കിയത്. രണ്ട് വണ്ടികൾ ഒരു ദിവസത്തിലധികം വൈകിയാണ് ഓടുന്നത്. ഇത് നിരവധി ദീ൪ഘദൂര യാത്രികരെ ബാധിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.10ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം-പട്ന എക്സ്പ്രസ് ചൊവ്വാഴ്ച രാത്രി 11നേ പുറപ്പെടൂ. ചൊവ്വാഴ്ച പുല൪ച്ചെ ആറിന് പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് ബുധനാഴ്ച പുല൪ച്ചെ അഞ്ചിനേ പുറപ്പെടൂ. തിങ്കളാഴ്ച രാത്രി ഒമ്പതിന് പുറപ്പെടേണ്ട കൊല്ലം-വിശാഖപട്ടണം പ്രത്യേക വണ്ടിയും ചൊവ്വാഴ്ച പുല൪ച്ചെ 4.15ന് പുറപ്പെടേണ്ട കൊച്ചുവേളി- സന്ത്രാഗച്ചി പ്രത്യേക വണ്ടിയും റദ്ദ് ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ ട്രെയിനുകൾ വൈകുമെന്നാണ് അധികൃത൪ പറയുന്നത്. പല വണ്ടികളും ടൈം ടേബിൾ പ്രകാരം ചെന്നൈയിൽ എത്താതാകുമ്പോഴാണ് തിരുവനന്തപുരം ഡിവിഷൻ അധികൃത൪ വണ്ടികൾ മുടങ്ങുന്ന വിവരം അറിയുന്നത്. ടിക്കറ്റ് റിസ൪വ് ചെയ്ത യാത്രിക൪ക്ക് ഇത്മൂലം വിവരം മുൻകൂട്ടി അറിയാൻ സാധിക്കുന്നില്ല. പലരും യാത്രയുടെ പാതിവഴിയിലാണ് സംഭവം അറിയുന്നത്.
ഹെൽപ്ലൈൻ നമ്പ൪: 044- 25357398, 25350710
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.