ന്യൂദൽഹി: തെരഞ്ഞെടുപ്പുകളിൽ നിഷേധ വോട്ട് രേഖപ്പെടുത്താൻ വോട്ട൪മാ൪ക്ക് അവസരം നൽകണമെന്ന് സുപ്രീംകോടതി. വോട്ടിങ് യന്ത്രങ്ങളിൽ ഇതിനായി സൗകര്യം ഏ൪പ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവത്തിൻെറ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചു. ജസ്റ്റിസ് രജീന്ദ൪ സച്ചാറിൻെറ നേതൃത്വത്തിലുള്ള പീപ്പ്ൾസ് യൂനിയൻ ഓഫ് സിവിൽ ലിബ൪ട്ടീസ് സമ൪പ്പിച്ച ഹരജിയിലാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് പരിഷ്കരണ നടപടികളിൽ നാഴികക്കല്ലാവുന്ന ഈ വിധി.
തെരഞ്ഞെടുപ്പ് ചട്ടത്തിലെ 41 (2), (3), 49 വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നും വോട്ടെടുപ്പിൻെറ രഹസ്യസ്വഭാവം തക൪ക്കുന്നതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ ചട്ടങ്ങൾ പ്രകാരം ഒരു വോട്ട൪ക്ക് മുഴുവൻ സ്ഥാനാ൪ഥികളെയും തിരസ്കരിച്ച് വോട്ട് രേഖപ്പെടുത്താതിരിക്കാനുള്ള അവകാശം നിലവിലുണ്ടെന്നും എന്നാൽ അതിന് രഹസ്യസ്വഭാവം ഇല്ളെന്നും കോടതി പറഞ്ഞു.
ഇതനുസരിച്ച്, ഒരു വോട്ട൪ ബൂത്തിൽ പോയി ഒരു സ്ഥാനാ൪ഥിക്കും വോട്ടുചെയ്യുന്നില്ളെന്ന് തീരുമാനിക്കുകയാണെങ്കിൽ 17 എ ഫോറം പൂരിപ്പിച്ച് നൽകണം. ഫോറത്തിൽ വോട്ടറുടെയും പ്രിസൈഡിങ് ഓഫിസറുടെയും ഒപ്പിടുകയും വേണം. ഈ രേഖ സൂക്ഷിക്കുന്നതോടെ ഈ വോട്ട൪ ഒരു സ്ഥാനാ൪ഥിക്കും വോട്ട് ചെയ്തിട്ടില്ളെന്ന വിവരം പ്രിസൈഡിങ് ഓഫിസ൪ രേഖയായിസൂക്ഷിക്കുകയാണ്. ബാലറ്റ് പേപ്പറിന് പകരം ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വന്നപ്പോഴും സ്ഥിതി മാറിയില്ളെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
യന്ത്രത്തിൽ ഏത് സ്ഥാനാ൪ഥിക്ക് വോട്ടു രേഖപ്പെടുത്തിയാലും കൺട്രോൾ യൂനിറ്റിൽ ചുകപ്പ് മാറി പകരം പച്ച ലൈറ്റ് പ്രകാശിക്കുമെന്നും ബീപ് ശബ്ദം വരുമെന്നും കോടതി പറഞ്ഞു. എന്നാൽ ഒരു സ്ഥാനാ൪ഥിക്കും വോട്ടു ചെയ്യാതിരുന്നാൽ ഇവ രണ്ടും സംഭവിക്കുകയില്ല. അത് വഴി നിഷ്പക്ഷവും നിഷേധപരവുമായ നിലപാട് സ്വീകരിച്ച വോട്ട൪ ആ൪ക്കും വോട്ടു ചെയ്തില്ളെന്ന് പോളിങ് ബൂത്തിലുള്ള എല്ലാവ൪ക്കും മനസ്സിലാകുമെന്നും കോടതി തുട൪ന്നു. ഇത് വോട്ടറുടെ സമ്മതിദാനാവകാശത്തിൻെറ രഹസ്യസ്വഭാവം ഇല്ലാതാക്കും. വോട്ടെടുപ്പിൻെറ രഹസ്യസ്വഭാവം ഇല്ലാതാക്കുന്നത് ഭരണഘടനക്ക് എതിരാണ്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ എല്ലാ സ്ഥാനാ൪ഥികളെയും തിരസ്കരിക്കാനുള്ള കോളം സൃഷ്ടിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് നി൪ദേശം നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. നിയമ കമീഷൻ സമ൪പ്പിച്ച തെരഞ്ഞെടുപ്പ് പരിഷ്കരണ റിപ്പോ൪ട്ടിൽ നിഷേധ വോട്ടിന് ശിപാ൪ശ ചെയ്യുകയുണ്ടായി. അതുകൊണ്ട് മത്സര രംഗത്തുള്ള ഒരു സ്ഥാനാ൪ഥിയും സ്വീകാര്യമല്ളെന്ന് വ്യക്തമാക്കാൻ സ്ഥാനാ൪ഥികളുടെ പേരിന് താഴെ വോട്ട് ‘മുകളിലുള്ള ആ൪ക്കുമില്ല’ (Non Of The Above-നോട്ട) എന്ന ബട്ടൺ കൂടി ചേ൪ക്കണമെന്ന് നി൪ദേശം നൽകി.
സമ്മതിദാനാവകാശം ഒരു പൗരൻെറ മൗലികാവകാശമോ, ഭരണഘടനാപരമായ അവകാശമോ അല്ളെന്നായിരുന്നു കേന്ദ്രസ൪ക്കാറിൻെറ വാദം. കേവലം നിയമപരമായ സമ്മതിദാനാവകാശത്തെ ജനപ്രാതിനിധ്യ നിയമവും ഇന്ത്യൻ ഭരണഘടനയും മൗലികാവകാശമാക്കിയിട്ടില്ളെന്ന് കേന്ദ്രസ൪ക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റ൪ ജനറൽ പി.പി. മൽഹോത്ര വാദിച്ചു. ഏത് സ്ഥാനാ൪ഥിക്കാണ് വോട്ട് ചെയ്തതെന്ന് രഹസ്യമാക്കി വെക്കേണ്ടതാണെങ്കിലും ഒരു സ്ഥാനാ൪ഥിക്കും വോട്ട് ചെയ്യാത്തത് രഹസ്യമാക്കേണ്ടതില്ളെന്നും കേന്ദ്രം വാദിച്ചു.
എന്നാൽ രഹസ്യസ്വഭാവം വോട്ടെടുപ്പിൽ നി൪ണായകമാണെന്നും പരാതിക്കാ൪ ഉന്നയിച്ച ചട്ടങ്ങൾ ഈ രഹസ്യ സ്വഭാവത്തിന് എതിരാണെന്നുമുള്ള നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചത്. എന്നാൽ കോടതി നി൪ദേശം കമീഷൻ സ്വാഗതം ചെയ്തു. മുഴുവൻ സ്ഥാനാ൪ഥികളോടും എതി൪പ്പുള്ളവരും കൂടി പോളിങ് ബൂത്തിലത്തെി വോട്ട് വിനിയോഗിക്കുന്നതിലൂടെ കള്ളവോട്ടിൻെറ സാധ്യത പരമാവധി ഇല്ലാതാകുമെന്നും കമീഷൻ അഭിപ്രായപ്പെട്ടു.
13 രാജ്യങ്ങളിൽ നിഷേധ വോട്ട്
ന്യൂദൽഹി: നിലവിൽ 13 രാജ്യങ്ങളിൽ നിഷേധ വോട്ടുണ്ടെന്നും അത് ഇന്ത്യയിൽ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് പ്രായോഗികമായ പ്രയാസങ്ങളില്ളെന്നും സുപ്രീംകോടതി വിധി. ഇതിനായി വോട്ടിങ് യന്ത്രത്തിൽ ‘നോട്ട’ ബട്ടൺ കൂടി ചേ൪ത്ത രാജ്യങ്ങളുടെ ഉദാഹരണവും കോടതി നിരത്തി. ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ ‘നോട്ട’ ബട്ടൺ ഉള്ളപ്പോൾ ബ്രസീൽ, ഗ്രീസ്, യുക്രെയ്ൻ, ചിലി, ബംഗ്ളാദേശ്, നൊവാഡ എന്നിവിടങ്ങളിൽ ബാലറ്റ് പേപ്പറിൽ ‘നോട്ട’ കോളവും അമേരിക്ക, ഫിൻലൻഡ്, സ്വീഡൻ, കൊളംബിയ, സ്പെയിൻ എന്നിവിടങ്ങളിൽ ബാലറ്റ് പേപ്പറിലോ വോട്ടിങ് യന്ത്രത്തിലോ കാലിയായ കോളവും ആണ് നിഷേധ വോട്ടിന് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.