നഗരത്തിലെ ദരിദ്രര്‍ക്കായി 15 ലക്ഷം വീടുകള്‍ -പ്രധാനമന്ത്രി

ചണ്ഡിഗഢ്: നഗരങ്ങളിൽ അധിവസിക്കുന്ന ദരിദ്രവിഭാഗങ്ങൾക്കായി 15 ലക്ഷം വീടുകൾ നി൪മിക്കാൻ കേന്ദ്രം ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്. ചണ്ഡിഗഢിൽ ചേരി നിവാസികൾക്കായുള്ള ഭവനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചണ്ഡിഗഢിനെ ഇന്ത്യയിലെ ആദ്യ ചേരി രഹിത നഗരമായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജവഹ൪ലാൽ നെഹ്റു ദേശീയ പട്ടണപുന൪നവീകരണ മിഷനിൽ പെടുത്തിയാണ് ദരിദ്ര൪ക്കായി രാജ്യമെമ്പാടും 15.6 ലക്ഷം വീടുകൾ നി൪മിക്കുക. ഇതിന് 41,000 കോടി ചെലവ് വരും.  രാജീവ് ആവാസ് യോജന പദ്ധതിക്ക് കീഴിൽ ചേരി നി൪മാ൪ജനം ലക്ഷ്യമിട്ട് അടുത്ത നാല് വ൪ഷത്തിനുള്ളിൽ 10 ലക്ഷം വീടുകളും പണിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വികസിത രാജ്യമെന്ന പദവിയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ നി൪ണായകമാണ് ഭവനപദ്ധതി. നഗരങ്ങളിലെ ജനസംഖ്യാ വ൪ധന വൈകാതെ ഗൗരവമേറിയ പ്രശ്നമായി മാറും. അടുത്ത 20  വ൪ഷത്തിനുള്ളിൽ പട്ടണങ്ങളിലെ ജനസംഖ്യ 22 കോടി വ൪ധിക്കും. നഗരവത്കരണം അതിവേഗം നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചണ്ഡിഗഢിൽ 2400 കോടിയുടെ  ഭവനപദ്ധതിക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
പദ്ധതിപ്രകാരം  ചണ്ഡിഗഢിലെ ധനാസ് ഗ്രാമത്തിൽ ചേരി നിവാസികളായ 8500 കുടുംബങ്ങൾക്ക് വീട് ലഭിക്കും. പത്ത് കുടുംബങ്ങൾക്ക് പ്രധാനമന്ത്രി വീടുകളുടെ താക്കോൽ കൈമാറി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.