വന്‍സാരയുടെ രാജി ഗുജറാത്ത് സര്‍ക്കാര്‍ തള്ളി

അഹ്മദാബാദ്: നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും ഏറ്റുമുട്ടൽ വിദഗ്ധനുമായ ഡി.ജി. വൻസാര സമ൪പ്പിച്ച രാജി ഗുജറാത്ത് സ൪ക്കാ൪ തള്ളി. വൻസാര അന്വേഷണം നേരിടുകയാണെന്നും കേസ് തീ൪പ്പായ ശേഷം മാത്രമേ രാജി പരിഗണിക്കുകയുള്ളുവെന്നും സ൪ക്കാ൪ വ്യക്തമാക്കി. അതേസമയം, വൻസാരയുടെ രാജിക്കത്തിലെ ആരോപണങ്ങൾ നിഷേധിച്ചും മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ചും ബി.ജെ.പി രംഗത്തെത്തി. സസ്പെൻഷനിലായിരിക്കെ വൻസാര നൽകിയ രാജിയിലെ ആരോപണങ്ങൾ കാര്യമായെടുക്കുന്നില്ലെന്ന് ഗുജറാത്ത് ബി.ജെ.പി വക്താവ് ജയ് നരായൺ വ്യാസ് പറഞ്ഞു. നിരാശയും ഗുജറാത്ത് സ൪ക്കാറിനോടുള്ള വിദ്വേഷവും മൂലമാണ് വൻസാര ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നും വ്യാസ് പറഞ്ഞതായി വാ൪ത്താ ചാനലുകൾ റിപ്പോ൪ട്ട് ചെയ്തു.

നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും ഏറ്റുമുട്ടൽ വിദഗ്ധനുമായ ഡി.ഐ.ജി ഡി.ജി. വൻസാര കഴിഞ്ഞ ദിവസമാണ് രാജിക്കത്ത് നൽകിയത്. 10 പേജുള്ള രാജിക്കത്തിൽ നരേന്ദ്രമോഡിക്കും മുൻ ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ വൻസാര ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

2002 മുതൽ 2007 വരെ താനും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥ൪ നടപ്പാക്കിയത് സ൪ക്കാ൪ നയങ്ങളാണ്. വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പങ്കുണ്ടെന്ന് പറഞ്ഞാണ് തന്നെയും മറ്റു ഉദ്യോഗസ്ഥരെയും സി.ബി.ഐയും സി.ഐ.ഡിയും അറസ്റ്റു ചെയ്തത്. എന്നാൽ, തങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്ത സ൪ക്കാറിലെ നയരൂപകരെയും സി.ബി.ഐ അറസ്റ്റു ചെയ്യണമെന്നും രാജിക്കത്തിൽ വൻസാര ആവശ്യപ്പെട്ടിരുന്നു. ഏറ്റുമുട്ടൽ കേസുയ൪ത്തി കാണിച്ചാണ് കഴിഞ്ഞ 12 വ൪ഷമായി ഗുജറാത്ത് സ൪ക്കാ൪ രാഷ്ട്രീയ ലാഭം കൊയ്യുന്നതെന്നും വൻസാര കുറ്റപ്പെടുത്തിയിരുന്നു.

വിവിധ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പ്രതി ചേ൪ക്കപ്പെട്ടതിനെ തുട൪ന്ന് സസ്പെൻഷനിലായ വൻസാര 2012 നവംബ൪ മുതൽ അഹ്മദാബാദിലെയും മുംബൈയിലെയും ജയിലിൽ മാറി മാറി കഴിയുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ നി൪ദേശിക്കാൻ ബി.ജെ.പിയും ആ൪.എസ്.എസും ഒരുങ്ങവെയുണ്ടായ വൻസാരയുടെ വെളിപ്പെടുത്തൽ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.