ശ്രീനഗ൪: ജമ്മുകശ്മീരിലെ കിശ്തറിൽ ഈദ് ദിനത്തിൽ ഇരു സമുദായങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട സംഘ൪ഷങ്ങളുമായി ബന്ധപ്പെട്ട് കിശ്തറുൾപ്പെടെ എട്ടു ജില്ലകളിൽ ക൪ഫ്യൂ തുടരുന്നു. 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കിശ്തറിൽ സംഘ൪ഷം നിലനിൽക്കുകയാണ്. ഇവിടെ ചില ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായി. എന്നാൽ, സംസ്ഥാനത്ത് പൊതുവിൽ അന്തരീക്ഷം സമാധാനപരമാണ്. സംഘ൪ഷ സ്ഥലങ്ങളിൽ വിവിധ സമുദായാംഗങ്ങൾ ചൊവ്വാഴ്ച സമാധാനമാ൪ച്ചുകൾ നടത്തി.
കിശ്തറിലെ ഷാലിമാ൪ ചൗക്കിൽ പൊലീസ് വാഹനം അക്രമികൾ അഗ്നിക്കിരയാക്കി. അറസ്റ്റുചെയ്യപ്പെട്ടവരിൽ തീവ്രപക്ഷക്കാരനായ അബ്ദുൽ ഖയ്യൂം മട്ടുവും ഉൾപ്പെടുന്നു. അക്രമങ്ങൾ പട൪ത്തിയതിന് ഉത്തരവാദിത്തം ആരോപിച്ചാണ് അറസ്റ്റ്. ഇവിടെ ക൪ഫ്യൂ ലംഘിച്ചും പ്രകടനം നടന്നു.
അഞ്ചു പ്രതിഷേധക്കാ൪ക്ക് പരിക്കേറ്റു. കിശ്തറിനു പുറമെ ജമ്മു മേഖലയിലെതന്നെ കത്വാ, സാംബാ, ഉധംപൂ൪, രജൗറി, ദോഡ തുടങ്ങിയ എട്ടു ജില്ലകളിലാണ് ക൪ഫ്യൂ നിലനിൽക്കുന്നത്.
കിശ്തറിൽ വെള്ളിയാഴ്ച തുടങ്ങിയ ക൪ഫ്യൂ അഞ്ചാം ദിനം പിന്നിട്ടു. ചില ജില്ലകളിൽ മൂന്നു മണിക്കൂ൪ ഇളവ് നൽകി. മൂന്നു പേരാണ് സംഘ൪ഷങ്ങളെ തുട൪ന്ന് കൊല്ലപ്പെട്ടത്. അതേസമയം, കശ്മീരിലെമ്പാടും തുട൪ച്ചയായ മൂന്നാം ദിവസവും ഇൻറ൪നെറ്റ് സംവിധാനം വിച്ഛേദിച്ചിരിക്കുകയാണ്.
ഇതിനിടെ, സാമുദായിക സംഘ൪ഷത്തെപ്പറ്റി വിശദ സത്യവാങ്മൂലം സമ൪പ്പിക്കാൻ ജമ്മുകശ്മീ൪ ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി ഉത്തരവിട്ടു. തീ൪ഥാടക൪ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീ൪ നാഷനൽ പാന്തേഴ്സ് പാ൪ട്ടി നേതാവ് സുധീഷ് ദോ൪ഗ സമ൪പ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് ഉത്തരവ്. ആഗസ്്റ്റ് 21 നു മുമ്പ് സത്യവാങ്മൂലം സമ൪പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം ഉൾപ്പെട്ട ബെഞ്ച് നി൪ദേശിച്ചു. സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്ന് സ൪ക്കാ൪ കോടതിയെ അറിയിച്ചു. സംഘ൪ഷത്തിൽ മരിച്ചവരുടെ ആശ്രിത൪ക്ക് അഞ്ചുലക്ഷവും സ്വത്തുക്കൾ നശിച്ചവ൪ക്ക് രണ്ടു ലക്ഷം വീതവും നഷ്ടപരിഹാരം നൽകുമെന്നും സ൪ക്കാ൪ ഉറപ്പുനൽകി.
ഇതിനിടെ, സംഘ൪ഷങ്ങളുടെ പശ്ചാത്തലത്തിൽ അമ൪നാഥ് യാത്ര മൂന്നു ദിവസത്തേക്ക് നി൪ത്തിവെക്കാൻ തീ൪ഥാടക൪ക്ക് നി൪ദേശം നൽകിയതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ കനത്ത സുരക്ഷയിൽ 225 തീ൪ഥാടകരെ അമ൪നാഥ് യാത്ര തുടരാൻ അനുവദിച്ചിരുന്നു. ജമ്മു ശ്രീനഗ൪ ഹൈവേയിൽ ഗതാഗതം നിലച്ചിരിക്കുകയാണ്. പത്താൻകോട് ജമ്മു പാതയിലും വാഹനഗതാഗതം തടസ്സപ്പെട്ടു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ആഭ്യന്തര സഹമന്ത്രി സജ്ജാദ് കിച്ലു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.