ബോഡോലാന്‍ഡ്: അക്രമം വ്യാപിക്കുന്നു; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

കൊക്രജ൪ (അസം): തെലങ്കാന രൂപവത്കരണത്തിന്റെ പശ്ചാത്തലത്തിൽ അസം വിഭജിച്ച് നാലു സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി. പ്രക്ഷോഭക്കാ൪ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ നാലു പേ൪ക്കു പരുക്കേറ്റു. സംഘ൪ഷാവസ്ഥ ലഘൂകരിക്കാൻ സൈന്യം ഫ്ളാഗ് മാ൪ച്ച് നടത്തി. വിവിധ സ്ഥലങ്ങളിൽ ക൪ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കൊക്രജറിനു പുറമെ ചിരാങ്, ബക്സ്, നൽബരി തുടങ്ങിയ ജില്ലകളിലും കനത്ത സുരക്ഷ ഏ൪പ്പെടുത്തിയിട്ടുണ്ട്.

ബോഡോലാൻഡിനു വേണ്ടിയുള്ള പ്രക്ഷോഭം അക്രമാസക്തമായി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ബോഡോലാൻഡ് പ്രക്ഷോഭകാരികൾ ആഹ്വാനം ചെയ്ത തീവണ്ടി തടയലും ബന്ദും മൂലം സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ തീവണ്ടി ഗതാഗതം താറുമാറായി. ബ്രഹ്മപുത്ര മെയിൽ, ഗരീഭ്രഥ് തുടങ്ങിയ വണ്ടികൾ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗോഹട്ടിയിൽ ഒമ്പതു ട്രെയ്നുകൾ റദ്ദാക്കി. 17 ട്രെയ്നുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. കഴിഞ്ഞ ദിവസം, ഓൾ ബോഡോ സ്റ്റുഡൻറ്സ് യൂനിയൻ, എൻ.ഡി.എഫ്.ബി, ഓൾ ബോഡോ വിമൻസ് ഫെഡററേഷൻ തുടങ്ങി വിവിധ സംഘടനകളുടെ പ്രവ൪ത്തക൪ റെയിൽവേ ട്രാക്കുകളിൽ കുത്തിയിരുന്നും സ്റ്റേഷനുകളിൽ ധ൪ണനടത്തിയും, ഒറ്റ വണ്ടിപോലും കൊക്രജറിലേക്ക് പ്രവേശിക്കാതെയും പുറത്തുപോകാതെയും ഉപരോധം ഏ൪പ്പെടുത്തിയിരുന്നു.

അതേസമയം, കോൺഗ്രസ് എം.പി സൈറൺ സിങിന്റെ വീടിന് പ്രക്ഷോഭകാരികൾ തീയിട്ടു. എം.പിയുടെ എസ്റ്റേറ്റിലെ മരങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അസം വിഭജിച്ച് നാലു സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള മുറവിളി നേരത്തേ തന്നെ ഉണ്ടായിരുന്നു. തെലുങ്കാന പ്രഖ്യാപനത്തെ തുട൪ന്ന് ബോഡോ, ക൪ബി ആങ് ലോങ്ങ്, ദിമാസാസ്, കൊച്ച് രജ്ബോങ്ഷിസ് എന്നീ സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ള ആവശ്യങ്ങൾ സജീവമാകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.