തെലങ്കാന: പ്രതിഷേധം മൂര്‍ച്ഛിക്കുന്നു; ഏഴ് എം.പിമാര്‍ രാജിവെച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം മൂന്നാം ദിനവും ശക്തം. ആന്ധ്രയിലെ ഏഴ് കോൺഗ്രസ് എം.പിമാ൪ രാജിവെച്ചു. കൂടുതൽ എം.പിമാ൪ രാജിവെക്കുമെന്നും സൂചനയുണ്ട്.  
എം.പിമാരായ എ. സായി പ്രതാപ്, അനന്ത വെങ്കടരാമ റെഡ്ഢി,  സി.വി. ഹ൪ഷ കുമാ൪, വുൻഡവല്ലി അരുൺ കുമാ൪, ലഗതാപതി രാജഗോപാൽ, എസ്.പി.വൈ. റെഡ്ഢി എന്നിവരാണ് രാജിവെച്ചത്.  ലോക്സഭാ സെക്രട്ടറി ജനറലിന് രാജിക്കത്ത് കൈമാറി. രാജ്യസഭാംഗം കെ.വി.പി. രാമചന്ദ്ര റാവുവും രാജി സമ൪പ്പിച്ചു.  എം.പിമാരായ ശബ്ബം ഹരി, മഗുന്ത ശ്രീനിവാസലു റെഡ്ഢി, രായപ്പെട്ടി സാംബശിവ റാവു എന്നിവ൪ ഉടൻ രാജവെക്കുമെന്നാണ് സൂചന.
ആന്ധ്രയിലെ നാല് കേന്ദ്രമന്ത്രിമാ൪ ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി രാജി സമ൪പ്പിക്കുമെന്ന് രാജിവെച്ച എം.പിമാ൪ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
അതിനിടെ, സീമാന്ധ്രയിലുൾപ്പെടെ പ്രതിഷേധം ശക്തമായി. കേന്ദ്രതീരുമാനം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്രതിഷേധത്തിൽ സീമാന്ധ്ര  നിശ്ചലമായി. പലയിടത്തും ജനം അക്രമാസക്തമായി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോ൪ട്ട് കോ൪പറേഷൻെറ ബസുകൾ ഒന്നും നിരത്തിലിറങ്ങിയില്ല. വ്യാപാരസ്ഥാപനങ്ങളും വിദ്യാലയങ്ങളും മൂന്നാംദിനവും അടഞ്ഞുകിടക്കുകയാണ്.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും വീടുകൾ വളഞ്ഞ് പ്രതിഷേധക്കാ൪ സമൈക്യക്ക് വേണ്ടി (ഐക്യ ആന്ധ്ര)  നിലകൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഗുണ്ടൂ൪ ജില്ലയിലെ ബാപ്തലയിൽ കേന്ദ്രമന്ത്രി പൻബക ലക്ഷ്മണയുടെ വീട് വിദ്യാ൪ഥികൾ അടക്കമുള്ളവ൪ വളഞ്ഞു. തെനാലിയിൽ നിയമസഭാ സ്പീക്ക൪ എൻ. മനോഹറുടെ വീടിനുനേരെയും പ്രതിഷേധമുയ൪ന്നു.
പലയിടത്തും ജവഹ൪ലാൽ നെഹ്റു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രതിമൾക്കുനേരെ ആക്രമണം നടന്നു. വിശാഖപട്ടണത്തും പശ്ചിമ ഗോദാവരിയിലും രാജീവ്ഗാന്ധിയുടെ പ്രതിമകൾ തക൪ത്തു.
കേന്ദ്ര തീരുമാനത്തിനെതിരെ മനുഷ്യച്ചങ്ങലകൾ തീ൪ത്തും റോഡ്-ട്രെയിൻ ഗതാഗതം തടഞ്ഞുമാണ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്. തീര ആന്ധ്രയിലെ ഒമ്പതും റായലസീമയിലെ നാലും ജില്ലകളിലാണ് പ്രതിഷേധം കൂടുതൽ ശക്തം.
അനന്തപൂ൪, വിജയനഗരം, തിരുപ്പതി എന്നിവിടങ്ങളിൽ വാഹനങ്ങൾ അഗ്നിക്കിരയാക്കി. തിരുമല ക്ഷേത്രത്തിലേക്കുള്ള ബസ് സ൪വീസ് നി൪ത്തിയത് തീ൪ഥാടകരെ വലച്ചു. വിശാഖപട്ടണത്ത് ആന്ധ്ര സ൪വകലാശാലയിലെ വിദ്യാ൪ഥികളുടെ നിരാഹാര സമരം തുടരുകയാണ്. ഗുണ്ടൂ൪ പട്ടണത്തിൽ യുവാവ് ആത്മാഹുതിക്ക് ശ്രമിച്ചു. ഇവിടെ ബി.ജെ.പി ഓഫിസിന് പ്രതിഷേധക്കാ൪ തീകൊളുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.