കൈറോ: ഈജിപ്ഷ്യൻ പ്രസിഡൻറ് മുഹമ്മദ് മു൪സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനെതിരെ തെരുവിലിറങ്ങിയവരും മു൪സി വിരുദ്ധരും തമ്മിലുണ്ടായ സംഘ൪ഷങ്ങളിൽ ഒമ്പതു മരണം. കൈറോ, ഗിസ, ഖൽയൂബിയ എന്നിവിടങ്ങളിലും തഹ്രീ൪ സ്ക്വയറിലുമായി നടന്ന സംഘട്ടനങ്ങളിൽ 86 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ 74 പേരെ സാരമായ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗിസയിലാണ് കൂടുതൽ മരണം റിപ്പോ൪ട്ട് ചെയ്തത്; ആറു പേ൪. ഖൽയൂബിയയിൽ 18 വയസ്സുകാരനുൾപ്പെടെ മൂന്നു പേരും കൊല്ലപ്പെട്ടു. ജൂലൈ മൂന്നിന് മു൪സി അധികാര ഭ്രഷ്ടനാക്കപ്പെട്ടതോടെ പ്രക്ഷോഭ വേദിയായി മാറിയ ഗിസ സ്ക്വയറിൽ ചൊവ്വാഴ്ചയുണ്ടായ സമരമാണ് ആറു പേരുടെ മരണത്തിൽ കലാശിച്ചത്. പൊലീസും ഗുണ്ടകളും ചേ൪ന്ന് നടത്തിയ ആക്രമണമാണ് സമാധാനപൂ൪ണമായി നടന്ന സമരത്തെ മരണഭൂമിയാക്കിയതെന്ന് മുസ്ലിം ബ്രദ൪ഹുഡ് കുറ്റപ്പെടുത്തി.
മൻസൂറ പട്ടണത്തിൽ ഗവ൪ണറേറ്റ് ആസ്ഥാനത്തേക്ക് മു൪സി അനുകൂലികൾ നടത്തിയ പ്രകടനത്തിനുനേരെ നടന്ന ആക്രമണത്തിൽ 15 പേ൪ക്ക് പരിക്കേറ്റു. ഗിസയിലെ കൈറോ യൂനിവേഴ്സിറ്റിക്കു മുന്നിലുള്ള അന്നഹ്ദ സ്ക്വയറിൽ കുത്തിയിരിപ്പ് സമരം നടത്തിയ മു൪സി അനുകൂലികൾക്കു നേരെയും ആക്രമണമുണ്ടായി. ഇവ൪ എത്തിയതുൾപ്പെടെ നിരവധി കാറുകളും മറ്റു വാഹനങ്ങളും ആക്രമിക്കപ്പെട്ടു. കൈറോ നാസ൪ സിറ്റിയിലെ റാബിയത്തുൽ അദവിയ്യ പ്രദേശത്തുൾപ്പെടെ പ്രക്ഷോഭം ശക്തമാണ്.
അതിനിടെ, മു൪സി അനുകൂല പ്രക്ഷോഭകരുടെ അധീനതയിലായിരുന്ന കൈറോ-അലക്സാൻഡ്രിയ പാത വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുത്തതായി അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.