കാതിക്കുടം (തൃശൂ൪): പൊലീസ് അതിക്രമത്തിൻെറ നടുക്കുന്ന ഓ൪മകളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കാതിക്കുടം. ഞായറാഴ്ച നിറ്റാ ജലാറ്റിൻ കമ്പനിക്ക് മുന്നിലെ സമരപ്പന്തലും സമരാനുകൂല ബോ൪ഡുകളും പൊലീസ് തക൪ത്തിരുന്നു.
സ്ത്രീകളെ അറസ്റ്റ് ചെയ്ത് സമരത്തിന് നേതൃത്വം നൽകുന്നവരെ തിരഞ്ഞുപിടിച്ചു മ൪ദിച്ച പൊലീസ്, കമ്പനിക്കെതിരെ ഇനിയാരും ചെറുവിരൽ അനക്കരുതെന്ന വാശിയിലാണ് തല്ലിത്തീ൪ത്തത്.നോമ്പ് നോറ്റ് എത്തിയ യുവാക്കളെയും തൊട്ടടുത്ത അയ്യപ്പൻകാവ് അമ്പലത്തിൽ രാമായണ മാസത്തിൽ ഭജനയിരുന്നവരെയും പൊലീസ് വെറുതെ വിട്ടില്ല.
പെൺകുട്ടികൾ കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ പറയാനാവാത്ത വിധം പേടിച്ചിരിക്കുകയാണ്. ആൺകുട്ടികൾ ബന്ധുവീടുകളിലേക്ക് പലായനം ചെയ്തു. ശുദ്ധജലത്തിനും വായുവിനുമായി സമരത്തിനിറങ്ങിയവരെ തല്ലിച്ചതച്ച പൊലീസിനെതിരെ നാട്ടുകാരുടെ ഉള്ളിൽ രോഷം അണയുന്നില്ല.
തിങ്കളാഴ്ച രാവിലെ 9.30 ആയപ്പോഴേക്കും സമരസമിതി പ്രവ൪ത്തക൪ കമ്പനിക്ക് മുന്നിലേക്ക് പ്രകടനം തുടങ്ങിയിരുന്നു. ഒന്നോ രണ്ടോ ആളുകളിൽ നിന്ന് തുടങ്ങിയ പ്രകടനം പിന്നീട് ഗ്രാമം ഏറ്റെടുക്കുകയായിരുന്നു. പൊലീസിനും കമ്പനിക്കുമെതിരെ മുദ്രാവാക്യം വിളിച്ച സമരക്കാ൪ കമ്പനിക്ക് മുന്നിൽ ഒരുമിച്ചുകൂടി. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും സമരത്തിനത്തെിയിരുന്നു. പ്രതിഷേധയോഗത്തിൽ മുൻമന്ത്രി കെ.പി. രാജേന്ദ്രൻ , മുൻ എം.എൽ.എ എ.കെ. ചന്ദ്രൻ , ചാലക്കുടിപ്പുഴ സംരക്ഷണസമിതി നേതാവ് എസ്.പി. രവി , വെൽഫെയ൪ പാ൪ട്ടി ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻവൈദ്യ൪, ബി.ജെ.പി ജില്ലാ പ്രസിഡൻറ് നാഗേഷ് സാമൂഹികപ്രവ൪ത്തക കുസുമം ടീച്ച൪, കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ഫ്രാൻസിസ്, പഞ്ചായത്തംഗം വി.കെ. മോഹനൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.