ടി.പിയെ വധിക്കാനുള്ള പാര്‍ട്ടി തീരുമാനം സ്ഥിരീകരിച്ചത് മോഹനന്‍ മാസ്റ്ററെന്ന് പൊലീസ്

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊല്ലാൻ പാ൪ട്ടി തീരുമാനമുണ്ടെന്ന് പ്രതി സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന് സ്ഥിരീകരണം നൽകിയത്  കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ മാസ്റ്ററാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി. അഡീഷനൽ സെഷൻസ് ജഡ്ജി ആ൪.  നാരായണ പിഷാരടി മുമ്പാകെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷാണ്  മൊഴി നൽകിയത്.  ഇതിനാലാണ്  ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലി മോഹനൻ മാസ്റ്ററെ കൊയിലാണ്ടിക്കടുത്തുനിന്ന് കസ്റ്റഡിയിലെടുത്തതെന്ന്  അദ്ദേഹം വ്യക്തമാക്കി.
 രാവിലെ 9.40ന് വടകര ഡിവൈ.എസ്.പി ഓഫിസിൽ മോഹനൻ മാസ്റ്ററെ എത്തിച്ചു. രണ്ടുമണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഹനൻ മാസ്റ്ററുടെ ആവശ്യപ്രകാരം സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനെ അറസ്റ്റ് അറിയിച്ചിരുന്നു.
2012 ജൂൺ 23ന് രാവിലെ   കുഞ്ഞനന്തൻ തൻെറ വീട്ടിൽ വന്നിരുന്നുവെന്ന് കൂറുമാറിയ  സാക്ഷിയും സി.പി.എം പാനൂ൪ ഏരിയ സെക്രട്ടറിയുമായ കെ.കെ. പവിത്രൻ അന്വേഷണസമയം മൊഴിനൽകിയിരുന്നതായി ഡിവൈ.എസ്.പി കോടതിയിൽ പറഞ്ഞു.
കോടതിയിൽ ഹാജരാകാൻ സൗകര്യം ഏ൪പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ വീട്ടിലത്തെിയത്.  ഉടൻ അഭിഭാഷകനെ കൂട്ടി വടകര വരാൻ പാ൪ട്ടി ഏരിയാ കമ്മിറ്റിയംഗം സുധീ൪കുമാറിന് നി൪ദേശം നൽകിയെന്നും പവിത്രൻ മൊഴിതന്നിരുന്നുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ പവിത്രൻ നിഷേധിച്ചിരുന്നു. കുഞ്ഞനന്തൻ കുറ്റസമ്മതമൊഴിയിൽ ഒളിവിൽ താമസിച്ച സ്ഥലങ്ങളെപ്പറ്റി പറഞ്ഞുവെന്നും സ്ഥലങ്ങൾ  നേരിട്ട് കാണിച്ചുതന്നെന്നും ഡിവൈ.എസ്.പി മൊഴിനൽകി.
2012 ജൂലൈ ഒന്നിന് ഏഴോം പഞ്ചായത്തിലുള്ള സുരേഷ്കുമാറിൻെറ വീടും പാനൂരിലുള്ള  പ്രതി പൊന്നത്ത് കുമാരൻെറ പൂട്ടിയിട്ട വീടും അതേദിവസം വൈകീട്ട്  പ്രതി പൊന്നത്ത് രാജൻെറ പൂട്ടിയിട്ട വീടും,  74ാം പ്രതി കെ. യൂസുഫിൻെറ പൂട്ടിയിട്ട വീടും കുഞ്ഞനന്തൻ ചൂണ്ടിക്കാണിച്ച പ്രകാരം പരിശോധിച്ചിരുന്നു.  കൊലയാളി സംഘങ്ങൾക്ക് കാണിച്ചുകൊടുക്കാൻ കത്ത് കൈമാറിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
ടി.പിയെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ പ്രതി അണ്ണൻ സിജിത്ത് കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലത്തെിയപ്പോൾ  പ്രതി സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനൊപ്പം വി.പി. ഷിജീഷ് എന്ന നാണപ്പനും ഉള്ളതായി ചോദ്യംചെയ്യലിൽ ബോധ്യപ്പെട്ടിരുന്നു.അതിൻെറ അടിസ്ഥാനത്തിൽ ഷിജീഷിനെ അറസ്റ്റ് ചെയ്തതും താനാണെന്ന് ഡിവൈ.എസ്.പി സന്തോഷ് മൊഴിനൽകി.  കുഞ്ഞനന്തനെ ഒളിവിൽ താമസിക്കാൻ പഴയങ്ങാടി മാടായി ഏരിയാ കമ്മിറ്റി ഓഫിസിൽ എത്തിച്ചുവെന്ന് വ്യക്തമായതിനാലാണ് 56ാം പ്രതി എസ്.എഫ്.ഐ കണ്ണൂ൪ ജില്ലാ പ്രസിഡൻറ് സരിൻ ശശിയെ അറസ്റ്റ് ചെയ്തതെന്നും മൊഴിനൽകി. മൂന്നുദിവസം പൂ൪ത്തിയാക്കിയ സന്തോഷിൻെറ പ്രോസിക്യൂഷൻ വിസ്താരം ചൊവ്വാഴ്ച തുടരും. അതിന് ശേഷം പ്രതിഭാഗം ക്രോസ് വിസ്താരം നടക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.