ന്യൂദൽഹി: പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോ൪പറേഷൻെറ അഞ്ചു ശതമാനം ഓഹരി വാങ്ങാമെന്ന തമിഴ്നാട് സ൪ക്കാ൪ നി൪ദേശം കേന്ദ്ര പരിഗണനയിൽ. എന്നാൽ, മാനേജ്മെൻറ്, സ്റ്റാഫ് നയങ്ങളിൽ മാറ്റമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
പത്രങ്ങളിൽ ഇതേക്കുറിച്ച് വായിച്ചിരുന്നുവെന്നും എന്നാൽ മുഖ്യമന്ത്രി ജയലളിതയുടെ കത്ത് കണ്ടിട്ടില്ലെന്നും ധനമന്ത്രി പി.ചിദംബരം പറഞ്ഞു. കത്ത് പ്രധാനമന്ത്രിക്കായിരിക്കുമെന്നാണ് വിശ്വാസം. അതിൻെറ കോപ്പി തൻെറ അടുത്തെത്തിയിട്ടില്ല. എന്നാലും, അതിൽ പറഞ്ഞിരിക്കുന്നത് ഇതാണെന്നാണ് കരുതുന്നത്. തുക സെബി മാനദണ്ഡങ്ങൾക്ക് വിധേയമാണോ എന്നറിയാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും ചിദംബരം പറഞ്ഞു.
ഞങ്ങൾക്ക് തുറന്ന മനസ്സാണുള്ളത്. സെബി മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കാനാണ് ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചത്. ഇതിന് വേറെ വഴിയുണ്ടെങ്കിൽ സ്വീകരിക്കാൻ തയാറാണ്. എന്നാൽ, അതിനുമുമ്പ് സെബിയുമായി കൂടിയാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് സ൪ക്കാറിൻേറത് നി൪ദേശം മാത്രമാണ്. ഞങ്ങൾ അത് തള്ളിയിട്ടില്ല, പരിഗണനയിലാണ്. ഉചിതമാണെങ്കിൽ സ്വീകരിക്കും. ലിഗ്നൈറ്റ് കോ൪പറേഷൻെറ 89 ശതമാനം ഓഹരിയാണ് സ൪ക്കാറിൻെറ കൈവശമുള്ളത്. ബാക്കി പൊതുമേഖലാ സ്ഥാപനങ്ങളായ എൽ.ഐ.സി, ജി.ഐ.സി തുടങ്ങിയവയുടെ പക്കലാണ്. അതിനാൽ, പൊതുമേഖലയിലെ നവരത്ന സ്ഥാപനമെന്ന സ്വഭാവത്തിന് മാറ്റമുണ്ടാകില്ലെന്നും ചിദംബരം വ്യക്തമാക്കി. ഓഹരി വിറ്റഴിക്കൽ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ജൂലൈ മൂന്നിന് അ൪ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് 17 തൊഴിലാളി സംഘടനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.