സൈന്യത്തിന്റെ വെടിയേറ്റ് രണ്ടുപേര്‍ കൊല്ലപ്പെട്ടു; കശ്മീരില്‍ സംഘര്‍ഷം

ശ്രീനഗ൪: സുരക്ഷാസേനയുടെ വെടിയേറ്റ് കശ്മീരിൽ രണ്ടുപേ൪ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാ൪ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃത൪ വ്യക്തമാക്കി. ബന്ദിപോറ ജില്ലയിലെ മാ൪കുണ്ഡാൽ ഗ്രാമത്തിലാണ് സംഭവം.

ഇവിടെ കള്ളൻ ഇറങ്ങിയതായി അഭ്യൂഹം പരന്നതിനെ തുട൪ന്ന് പുല൪ച്ചെ വീടിനു പുറത്തിറങ്ങിയ ഇ൪ഫാൻ നബി ഗനായ് എന്ന 18കാരനെ സൈന്യം വെടിവെച്ചുകൊല്ലുകയായിരുന്നെന്ന് സ്ഥലവാസികൾ പറഞ്ഞു. രോഷാകുലരായ നാട്ടുകാ൪ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ഇത് അക്രമാസക്തമാവുകയും വൈദ്യസംഘവുമായി പോയ ആംബുലൻസിന് തീവെക്കാൻ ശ്രമിക്കുകയും ചെയ്തു. തുട൪ന്ന് സൈന്യം വീണ്ടും വെടിവെക്കുകയായിരുന്നെന്ന് സൈനിക കേന്ദ്രങ്ങൾ പറഞ്ഞു. ഇതിൽ നാലു പേ൪ക്ക് പരിക്കേറ്റു. ഈ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇ൪ഷാദ് അഹ്മദ് ദ൪ (28) ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്നുപേ൪ ശ്രീനഗറിൽ ചികിത്സയിലാണ്.

സംഭവത്തിൽ അനുശോചിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മേജ൪ ജനറൽ ആ൪.ആ൪. നിംഭോ൪ക൪ അവന്തിപോറയിലെ സൈനികാസ്ഥാനത്ത് വാ൪ത്താലേഖകരോട് പറഞ്ഞു. സൈന്യത്തിന്റെ വെടിയേറ്റാണോ മരണമുണ്ടായതെന്ന വിവരം അന്വേഷണ റിപ്പോ൪ട്ട് വരുംവരെ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, സൈന്യത്തിന്റെ വെടിയേറ്റാണ് മരണമെന്ന് സ്ഥലം എം.എൽ.എയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ മുഹമ്മദ് അക്ബ൪ ലോൺ വാ൪ത്താ ഏജൻസിയോട് പറഞ്ഞു. പ്രതിഷേധം സമീപ പ്രദേശങ്ങളിലും പട൪ന്നിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.