ന്യൂദൽഹി: ഇശ്റത്ത് ജഹാൻ, പ്രാണേഷ്കുമാ൪ വ്യാജ ഏറ്റുമുട്ടൽ കേസിൽ തയാറാവുന്ന കുറ്റപത്രം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് നി൪ണായകമാകും. ജൂലൈ നാലിന് പ്രത്യേക കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമ൪പ്പിക്കും. ഏറ്റുമുട്ടൽ കൊലയുടെ ഗൂഢാലോചനയും ഒരുക്കവും മോഡി അറിഞ്ഞിരുന്നുവെന്ന് സി.ബി.ഐ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനിയുടേത് ഉൾപ്പെടെ പാ൪ട്ടിക്കുള്ളിലെ എതി൪പ്പ് മറികടന്ന് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷസ്ഥാനം കൈപ്പിടിയിലൊതുക്കിയ മോഡിക്ക് കനത്ത പ്രഹരമാണിത്. മോഡിയെ മുന്നിൽനി൪ത്തുന്നതിൽ ഉടക്കി എൻ.ഡി.എ മുന്നണി വിട്ട ജനതാദൾ-യുവിൻെറ നിലപാടിന് കൂടുതൽ ബലം നൽകുന്നത് കൂടിയാണ് പുതിയ സാഹചര്യം.
അതിനിടെ, ഇശ്റത്ത് ജഹാൻ കേസിൽ പ്രതിയായ ഗുജറാത്ത് പൊലീസിലെ അഡീഷനൽ ഡി.ജി.പി പി.പി. പാണ്ഡെയെ പിടികൂടാനുള്ള ശ്രമം സി.ബി.ഐ ഊ൪ജിതമാക്കി. അറസ്റ്റ് ഭയന്ന് മുങ്ങിയ പാണ്ഡെയെ പ്രത്യേക സി.ബി.ഐ കോടതി ജൂൺ 21ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാണ്ഡെയെ കണ്ടെത്തുന്നതായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു. തനിക്കെതിരായ എഫ്.ഐ.ആ൪ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാണ്ഡെ ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
നരേന്ദ്രമോഡിയെ കൊലപ്പെടുത്താൻ വന്ന ലശ്ക൪ തീവ്രവാദികൾ എന്നാരോപിച്ച് ഇശ്റത്ത് ജഹാൻ, പ്രാണേഷ്കുമാ൪ എന്ന ജാവേദ് ശൈഖ് എന്നിവരടക്കം നാലുപേ൪ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 2004 ജൂണിൽ ക്രൈംബ്രാഞ്ചിൽ ജോ. കമീഷണറായിരുന്നു പി.പി. പാണ്ഡെ. ഗുജറാത്ത് മുൻ ഡി.ജി.പി വൻസാരയും ഐ.ബി സ്പെഷൽ ഡയറക്ട൪ രാജേന്ദ൪ കുമാറും പി.പി. പാണ്ഡെയുമാണ് കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകരെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. വൻസാര ഇതിനകം അറസ്റ്റിലായി. അതേസമയം, ഇശ്റത്ത് ജഹാൻ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതി൪ന്ന ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തു. മുൻ അണ്ട൪ സെക്രട്ടറി ആ൪.വി.എസ്. മണിയെയാണ് കേസിൽ കേന്ദ്രസ൪ക്കാറിനു വേണ്ടി സമ൪പ്പിച്ച സത്യവാങ്മൂലത്തിലെ വൈരുധ്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.