വാഷിങ്ടൺ: അമേരിക്കയുടെ ഫോൺ ചോ൪ത്തൽ സംബന്ധിച്ച് നി൪ണായക വിവരങ്ങൾ പുറത്തുവിട്ട യു.എസ് ദേശീയ സുരക്ഷാ ഏജൻസി (എൻ.എസ്.എ) സാങ്കേതിക വിഭാഗം മുൻ ഉദ്യോഗസ്ഥൻ എഡ്വേഡ് സ്നോഡന് അഭയംനൽകുന്നതിനെതിരെ അമേരിക്കൻ ഭരണകൂടത്തിൻെറ മുന്നറിയിപ്പ്.
നേരത്തേ, ടെലിഫോൺസൈബ൪ വിവരങ്ങൾ ചോ൪ത്തുന്ന വാ൪ത്ത പുറത്തുവന്നയുടൻ ഹോങ്കോങ്ങിലേക്കു കടന്ന സ്നോഡൻ ക്യൂബയിലേക്കുള്ള വഴിമധ്യേ കഴിഞ്ഞദിവസം റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തിയിരുന്നു.
മോസ്കോയിൽനിന്ന് ക്യൂബയിലേക്ക് ടിക്കറ്റ് ബുക്ചെയ്ത സ്നോഡൻ ഹവാനയിലേക്കു പറന്നതായി റിപ്പോ൪ട്ടുണ്ട്. എന്നാൽ, സ്നോഡൻ മോസ്കോയിൽ തന്നെയാണുള്ളതെന്ന സൂചനയാണ് എക്വഡോ൪ വിദേശകാര്യ മന്ത്രി ഹനോയിയിൽ നൽകിയത്. സ്നോഡൻ എവിടെയാണുള്ളതെന്ന് കൃത്യമായി പറയാൻ എക്വഡോ൪ വിദേശ കാര്യ മന്ത്രി തയാറായില്ല. എക്വഡോ൪ സ്നോഡന് രാഷ്ട്രീയ അഭയം നൽകുമെന്ന്് റിപ്പോ൪ട്ട് ഉണ്ടായിരുന്നു.
മോസ്കോയിലെത്തിയ ശേഷം ഇദ്ദഹേം എക്വഡോ൪ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എക്വഡോറിൽ സ്നോഡന് രാഷ്ട്രീയ അഭയം ലഭിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് അമേരിക്കൻ ഭരണകൂടം മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ട സ്നോഡന് രാഷ്ട്രീയ അഭയം നൽകുകയോ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ അനുവാദം നൽകുകയോ ചെയ്യരുതെന്ന് യു.എസ് വിദേശ കാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സ്നോഡനെ അമേരിക്കക്ക് വിട്ടുനൽകുന്നതിന് മറ്റു രാജ്യങ്ങളുടെ സഹായമുണ്ടാകണമെന്നും പ്രസ്താവനയിലുണ്ട്.
സ്നോഡൻ വിഷയത്തിൽ ചൈനയുടെയും റഷ്യയുടെയും നിലപാടുകളെ ഏറെ സംശയത്തോടെയാണ് അമേരിക്കൻ നയതന്ത്രജ്ഞ൪ നോക്കിക്കാണുന്നത്. സ്നോഡന് ഹോങ്കോങ്ങിൽ അഭയംനൽകിയത് ചൈനയുടെ അറിവോടെയാണെന്നാണ് യു.എസ് കരുതുന്നത്. ഹോങ്കോങ്ങിൽ അഭയം ലഭിച്ചതു സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യാഗിക വിശദീകരണം പുറപ്പെടുവിക്കാത്തതാണ് ഇത്തരമൊരു നിഗമനത്തിന് കാരണം. സ്നോഡന് അഭയം നൽകുന്നതിന് മുൻകൈയെടുക്കുന്ന റഷ്യൻ നിലപാടിലും അമേരിക്കക്ക് കടുത്ത അമ൪ഷമുണ്ട്. ഈ നിലപാട് തുട൪ന്നാൽ റഷ്യയും ചൈനയും വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.