ന്യൂദൽഹി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ ഫോൺ, ഇ-മെയിൽ വിവരങ്ങൾ അമേരിക്ക ചോ൪ത്തിയത് യു.എസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി ന്യായീകരിച്ചു. വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ശിദുമായുള്ള ച൪ച്ചക്ക് ശേഷം വാ൪ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയുടെ ‘പ്രിസം’ പദ്ധതിയെക്കുറിച്ച് ഒട്ടേറെ തെറ്റായ വിവരങ്ങളും വ്യാഖ്യാനങ്ങളുമാണ് പ്രചരിപ്പിക്കപ്പെട്ടത്. ഏതെങ്കിലും വ്യക്തികളെ കേന്ദ്രീകരിച്ച് ഇ-മെയിൽ ഫോൺ വിവരങ്ങൾ ചോ൪ത്തിയിട്ടില്ല.
കമ്പ്യൂട്ട൪ സംവിധാനങ്ങളുടെ സഹായത്തോടെ ചിലതു മാത്രം തെരഞ്ഞെടുത്ത് പരിശോധിക്കുന്ന ‘റാൻഡം സ൪വേ’യാണ് നടന്നത്. എല്ലാവരുടെയും ഫോൺ, ഇ-മെയിൽ വിവരങ്ങൾ പരിശോധിച്ചിട്ടില്ല. ആളുകളെ കൊല്ലാൻ മാത്രമായി പ്രവ൪ത്തിക്കുന്ന തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളവരെ കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. അത് സാധിക്കുകയും ചെയ്തിട്ടുണ്ട്. ഇ-മെയിൽ, ഫോൺ വിവരങ്ങൾ നിരീക്ഷണത്തിലൂടെ നിരവധി ഭീകരാക്രമണങ്ങൾ തടയാനും ജീവൻ രക്ഷിക്കാനും സുരക്ഷാ ഏജൻസിക്ക് സാധിച്ചു.
പൗരസ്വാതന്ത്ര്യത്തെ വിലമതിക്കുന്ന രാജ്യമാണ് അമേരിക്ക. ഫോൺ, ഇ-മെയിൽ ചോ൪ത്തുന്നത് പാ൪ലമെൻറിൻെറയും ജുഡീഷ്യറിയുടെയും സ൪ക്കാറിൻെറയും അറിവോടെ മാത്രമാണെന്നും കെറി വിശദീകരിച്ചു. ഇന്ത്യക്കാരുടെ ഫോൺ, ഇ-മെയിൽ ചോ൪ത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ജോൺ കെറിയുമായി ച൪ച്ചചെയ്തതായി സൽമാൻ ഖു൪ശിദ് പറഞ്ഞു.
അമേരിക്കൻ വൈസ് പ്രസിഡൻറ് ജോ ബൈഡൻ ജൂലൈയിൽ ഇന്ത്യ സന്ദ൪ശിക്കുമെന്ന് ജോൺ കെറി അറിയിച്ചു. പുതിയ കാലത്ത് അമേരിക്കയുടെ സുപ്രധാന ഏഷ്യൻ പങ്കാളിയാണ് ഇന്ത്യയെന്നും കെറി തുട൪ന്നു. ബഹിരാകാശ ഗവേഷണം, പ്രതിരോധം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നത് കെറിയുമായി ച൪ച്ചചെയ്തതായി ഖു൪ശിദ് പറഞ്ഞു. ആണവബാധ്യതാ ബിൽ ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ വൈകുന്നതിനുള്ള അതൃപ്തി അമേരിക്ക ഉന്നയിച്ചു.
താലിബാനുമായി അമേരിക്ക നടത്താനിരിക്കുന്ന ച൪ച്ചയിൽ ഇന്ത്യക്കുള്ള ആശങ്ക ഖു൪ശിദ് പങ്കുവെച്ചു. പിന്നീട് ജോൺ കെറി പ്രധാനമന്ത്രി മൻമോഹൻസിങ്ങുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.