ന്യൂദൽഹി: ഇന്ത്യയുടെ ഹജ്ജ് ക്വോട്ട സൗദി ഭരണകൂടം പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ ഹജ്ജ് ക്വോട്ട വെട്ടിക്കുറക്കാനുള്ള നിയമ മന്ത്രാലയത്തിൻെറ ഉപദേശം കേന്ദ്ര സ൪ക്കാ൪ സ്വീകരിച്ചു. മക്കയിൽ ഹറം വികസനത്തിൻെറ ഭാഗമായുള്ള നി൪മാണപ്രവൃത്തികളുടെ പേരിൽ വെട്ടിക്കുറച്ച 34,005 സീറ്റുകളാണ് സ്വകാര്യ ഓപറേറ്റ൪മാ൪ക്കുള്ള ക്വോട്ടയിൽ നിന്ന് കുറക്കുന്നതെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട തീ൪ഥാടക൪ക്കെല്ലാം ഈ വ൪ഷത്തെ ഹജ്ജ് യാത്ര ഉറപ്പായി.
സ്വകാര്യ ഹജ്ജ് ക്വോട്ട വെട്ടിക്കുറക്കാൻ നിയമോപദേശം ലഭിച്ചത് ഞായറാഴ്ച ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. 2013ലെ ഹജ്ജിന് 1,70,025 സീറ്റുകളാണ് സൗദി അറേബ്യ ഇന്ത്യക്ക് അനുവദിച്ചിരുന്നത്. ഇതിൽ 1,25,025 സീറ്റുകൾ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ സ൪ക്കാ൪ ക്വോട്ടയിലേക്ക് മാറ്റിവെച്ച കേന്ദ്ര സ൪ക്കാ൪, ബാക്കി 45,000 സീറ്റുകൾ സ്വകാര്യ ഓപറേറ്റ൪മാരുടെ ക്വോട്ടയായി മാറ്റുകയും ചെയ്തു. എന്നാൽ 20 ശതമാനം സീറ്റുകൾ ഹറം വികസനത്തിൻെറ ഭാഗമായുള്ള നി൪മാണപ്രവൃത്തികളുടെ പേരിൽ വെട്ടിക്കുറച്ചു. ബദൽ വഴി ആലോചിച്ച കേന്ദ്ര വിദേശ മന്ത്രാലയം മൂന്ന് സാധ്യതകളാണ് നിയമ മന്ത്രാലയത്തോട് ആരാഞ്ഞത്. വെട്ടിക്കുറച്ച 34,005 സീറ്റുകളും സ൪ക്കാ൪ ക്വോട്ടയിൽ കുറവ് വരുത്തുകയെന്നതായിരുന്നു ഒന്നാമത്തേത്. 34,005 സീറ്റുകളും സ്വകാര്യ ക്വോട്ടയിൽ നിന്ന് കുറക്കുകയെന്നായിരുന്നു രണ്ടാമത്തെ വഴി. സ൪ക്കാ൪ ക്വോട്ടയിൽ നിന്നും സ്വകാര്യ ക്വോട്ടയിൽ നിന്നും യഥാക്രമം 25,005ഉം 9000ഉം സീറ്റുകൾ വീതം വെട്ടിക്കുറക്കുകയെന്നതായിരുന്നു മൂന്നാമത്തെ നി൪ദേശം.
നി൪ദേശങ്ങൾപരിഗണിച്ച നിയമ മന്ത്രാലയം വെട്ടിക്കുറച്ച 34,005 സീറ്റുകളും സ്വകാര്യക്വോട്ടയിൽ കുറവ് വരുത്തുകയാണ് വേണ്ടതെന്ന് വിദേശ മന്ത്രാലയത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഈ വ൪ഷത്തെ സ്വകാര്യ ഹജ്ജ് സേവനത്തിന് യോഗ്യതയുള്ള ഓപറേറ്റ൪മാരുടെ തെരഞ്ഞെടുപ്പ് ഇതുവരെയും പൂ൪ത്തിയായിട്ടില്ലെന്ന് പറഞ്ഞ നിയമ മന്ത്രാലയം, അവരുടെ അപേക്ഷകൾക്ക് അംഗീകാരം ലഭിച്ച ശേഷം മാത്രമേ ഓപറേറ്റ൪മാ൪ക്ക് തീ൪ഥാടകരെ തെരഞ്ഞെടുക്കാൻ കഴിയൂ എന്നും നിയമോപദേശം നൽകി. നിലവിൽ മന്ത്രാലയം വീതിച്ചുനൽകാത്ത ക്വോട്ടക്കു മേൽ നിയമപരമായി അവകാശവാദമുന്നയിക്കാൻ അധികാരമില്ലെന്നും നിയമോപദേശമുണ്ട് .
മുഴുവൻ സീറ്റുകളും സ൪ക്കാ൪ ക്വോട്ടയിൽ നിന്ന് വെട്ടിക്കുറക്കാനുള്ള നി൪ദേശം തള്ളിയ നിയമ മന്ത്രാലയം രണ്ടു ക്വോട്ടയിലും 20 ശതമാനം വീതം കുറവ് വരുത്തുകയെന്ന നി൪ദേശവും അംഗീകരിച്ചില്ല. അങ്ങനെ ചെയ്താൽ നിലവിൽ ഹജ്ജ് കമ്മിറ്റികൾ ഇതിനകം തെരഞ്ഞെടുത്ത 25,005 ഹാജിമാരുടെ അവസരം നിഷേധിക്കപ്പെടുമെന്നും ഇത് നീതിപൂ൪ണമാകില്ലെന്നും നിയമ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീ൪ഥാടകരുടെ തെരഞ്ഞെടുപ്പ് പൂ൪ത്തിയാക്കിയ ശേഷം അവസരം നിഷേധിച്ചാൽ സങ്കീ൪ണമായ നിയമക്കുരുക്കുകൾക്ക് വഴിവെക്കുമെന്ന ആശങ്കയും മന്ത്രാലയം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.