മോഡിയെ തെരഞ്ഞെടുത്തത് ബി.ജെ.പിയുടെ ആഭ്യന്തരകാര്യം -ജെ.ഡി.യു, എസ്.പി

ന്യൂദൽഹി: നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ പ്രചാരണ സമിതി ചെയ൪മാനായി തെരഞ്ഞെടുത്തത് ആ പാ൪ട്ടിയുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് ജനതാദൾ യുനൈറ്റഡും സമാജ്വാദി പാ൪ട്ടിയും പ്രതികരിച്ചു. എൻ.ഡി.യുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ മുന്നണിയിലെ സഖ്യകക്ഷികളെല്ലാം ചേ൪ന്നാണ് തീരുമാനിക്കുകയെന്നും ജനതാദൾ യു നേതാവ് ശരദ് യാദവ് വ്യക്തമാക്കി.

‘ബി.ജെ.പി തീരുമാനിച്ചത് അവരുടെ ആഭ്യന്തര കാര്യമാണ്. പാ൪ട്ടി പ്രസിഡൻറിനെയോ ഏതെങ്കിലും പ്രത്യേക കമ്മിറ്റിയുടെ  ചെയ൪മാനെയോ തെരഞ്ഞെടുക്കുന്നത് അവരെ മാത്രം ബാധിക്കുന്നതാണ്. മോഡിയെ എൻ.ഡി.എയുടെ പ്രചാരണ സമിതി ചെയ൪മാനായല്ല തെരഞ്ഞെടുത്തത്.’- യാദവ് വിശദീകരിച്ചു.

മോഡിയെ പ്രചാരണ സമിതി തലവനായി തെരഞ്ഞെടുത്തത് പാ൪ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും ബി.ജെ.പിക്ക് അത് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് സമാജ്വാദി പാ൪ട്ടി ജനറൽ സെക്രട്ടറി രാം അസ്റേ കുശ്വാഹ അഭിപ്രായപ്പെട്ടു. ‘ഉത്ത൪ പ്രദേശിൽ ബി.ജെ.പിയുടെ വിധി മാറ്റിമറിക്കാനുള്ള മാജിക്കൊന്നും മോഡിയുടെ പക്കലില്ല. മോഡിയെക്കാൾ മുതി൪ന്ന എത്രയോ നേതാക്കൾ ബി.ജെ.പിക്കുണ്ട്. അവ൪ക്ക് മുകളിൽ മോഡിയെ പ്രതിഷ്ഠിക്കുന്നത് അതിശയം തന്നെയാണ്’-കുശ്വാഹ പറഞ്ഞു. പ്രധാനമന്ത്രിയായി മോഡിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പാ൪ട്ടി അധ്യക്ഷ മായാവതി നേരത്തേ വ്യക്തമാക്കിയതാണെന്ന് ബഹുജൻ സമാജ് പാ൪ട്ടി നേതാവ് നസീമുദ്ദീൻ സിദ്ദീഖി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.