60 കഴിഞ്ഞവരെ പിരിച്ചയക്കില്ല -തൊഴില്‍ മന്ത്രാലയം

റിയാദ്: 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ നിന്ന് പിരിച്ചയക്കാൻ സൗദി തൊഴിൽ മന്ത്രാലയത്തിന് ഉദ്ദേശ്യമില്ളെന്ന് അധികൃത൪ വ്യക്തമാക്കി. എന്നാൽ, തൊഴിലുടമ ഇത്തരം നിബന്ധന തൊഴിൽ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ അത് ഇരുവരും തമ്മിലെ ധാരണയുടെ ഭാഗമായി കാണുമെന്നും മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.
60 കഴിഞ്ഞ തൊഴിലാളി ജോലിയിൽ തുടരാൻ യോഗ്യനാണെങ്കിൽ തൊഴിലുടമയുടെ താൽപര്യം പരിഗണിച്ച് മന്ത്രാലയം വഴി മുടക്കില്ളെന്ന് തൊഴിൽ മന്ത്രാലയത്തിലെ മാധ്യമവിഭാഗം മേധാവി അബ്ദുൽ അസീസ് അശ്ശംസാൻ പറഞ്ഞു. 60 തികഞ്ഞവരെ പിരിച്ചയക്കാൻ തൊഴിലുടമയോട് മന്ത്രാലയം നി൪ബന്ധിക്കില്ല.
സൗദിയിൽ നിലവിലുള്ള 80 ലക്ഷം വിദേശികളിൽ അഞ്ച് ലക്ഷവും 60 കഴിഞ്ഞവരാണ്. സ്വദേശികളെയും തൊഴിൽ മന്ത്രാലയം പ്രത്യേക പരിഗണന നൽകിയ ബ൪മ, ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും ജോലിക്ക് നിയമിക്കാൻ മന്ത്രാലയം സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പിരിച്ചയക്കുന്ന വിദേശികളിൽ 60 തികഞ്ഞവരെ പരിഗണിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങൾ ഏകീകരിച്ച തൊഴിൽ നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണെന്നും അശ്ശംസാൻ പറഞ്ഞു. അവിദഗ്ധ തൊഴിലാളികളിൽ ഭൂരിപക്ഷവും തൊഴിൽ കരാറിൻെറ അടിസ്ഥാനത്തിലല്ല ജോലി ചെയ്യുന്നത്. തൊഴിൽ വിപണിക്ക് ഭീഷണി സൃഷ്ടിക്കുന്നതും കൃത്രിമത്തിന് പ്രേരിപ്പിക്കുന്നതും ഇത്തരം തൊഴിലാളികളാണ്.
90 ശതമാനം വിദേശ തൊഴിലാളികളുടെയും മാസാന്ത വേതനം 2,000 റിയാലിൽ കുറവാണ്. 1,000 റിയാലിൽ കുറഞ്ഞ വേതനമുള്ളവരാണ് 70 ശതമാനവും. അവിദഗ്ധരും ശമ്പളം കുറഞ്ഞവരുമായ ഈ തൊഴിലാളികളുടെ സ്ഥാനത്ത് സ്വദേശികളെ നിയമിക്കൽ അപ്രായോഗികമാണെന്നും അബ്ദുൽ അസീസ് അശ്ശംസാൻ പറഞ്ഞു.
നിതാഖാത് ആരംഭിച്ച 18 മാസത്തിനുള്ളിൽ നാല് ലക്ഷം സ്വദേശികൾക്ക് ജോലി നൽകാനായി. കഴിഞ്ഞ അഞ്ച് വ൪ഷത്തിനുള്ളിൽ 75,000 സ്വദേശികൾക്ക് മാത്രമാണ് ജോലി ലഭിച്ചിരുന്നത്. 1,60,000 സ്ത്രീകൾക്കും സ്വദേശിവത്കരണത്തിൻെറ ഭാഗമായി ജോലി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.