ബഹുമാന്യരേ,
കേരളത്തിലെ പ്രബലമായ രണ്ട് സമുദായങ്ങളുടെ തലപ്പത്തിരിക്കുന്നവരാണ് നിങ്ങൾ രണ്ടുപേരും. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വിലപ്പെട്ട സംഭാവനയ൪പ്പിച്ച ചരിത്രമാണ് രണ്ട് സമുദായങ്ങൾക്കുമുള്ളത്. സമുദായത്തിൻെറ നേതൃപരമായ ചരിത്രം തിരിച്ചറിഞ്ഞ് പ്രവ൪ത്തിച്ച പാരമ്പര്യമാണ് അതിൻെറ മുൻകാല അമരത്തിരിക്കുന്നവ൪ക്കുണ്ടായിരുന്നത്. സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനോ പരസ്പരം കാലുഷ്യം വ൪ധിപ്പിക്കുന്നതിനോ വ്യക്തിപരമായ പ്രതിച്ഛായ വ൪ധിപ്പിക്കുന്നതിനോ പ്രവ൪ത്തിച്ചവരായിരുന്നില്ല അവ൪. എന്നാൽ, അതെല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നുവെന്ന് തോന്നിയതുകൊണ്ടും, അത്തരം ചില അവസ്ഥകളെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ബോധ്യമുള്ളതുകൊണ്ടുമാണ് നിങ്ങൾക്ക് രണ്ടുപേ൪ക്കും ഇത്തരമൊരു തുറന്ന കത്തെഴുതാൻ ഞാൻ തയാറായത്.
ആലപ്പുഴ ഡി.സി.സി പാസാക്കിയ ഒരു പ്രമേയത്തിലെ വാക്കുകളാണ് ഇപ്പോൾ നിങ്ങൾ രണ്ടുപേരും ഉയ൪ത്തിയിരിക്കുന്ന പ്രശ്നത്തിൻെറ കാതൽ എന്ന് ഞാൻ മനസ്സിലാക്കുന്നു. പ്രമേയത്തിലെ ചില പരാമ൪ശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഞാൻ ആദ്യമേ പറയട്ടെ. വ്യക്തികളെക്കുറിച്ചുള്ള ഇത്തരം വിശേഷണങ്ങൾ ഒരു പൊതുപ്രസ്ഥാനത്തിൻെറ പരിസരത്ത് കടന്നുവരേണ്ട ഒന്നല്ല. എന്നാൽ, മറിച്ചൊരു ചോദ്യം നിങ്ങൾ രണ്ടുപേരുടെയും മുന്നിൽ ഞാൻ ഉന്നയിക്കുന്നു. വ്യക്തിപരമായ ഇത്തരം പരാമ൪ശങ്ങളെ അപലപിക്കാനുള്ള എന്ത് ധാ൪മിക അടിത്തറയാണ് നിങ്ങൾ രണ്ടുപേ൪ക്കുമുള്ളത്? പൊതുസമൂഹത്തിൽ നിൽക്കുന്നവരെയും ഇഷ്ടപ്പെടാത്തവരെയും ഏറ്റവും ഗ൪ഹണീയമായ ഭാഷയിൽ അപലപിക്കുന്ന സമ്പ്രദായമല്ളേ കഴിഞ്ഞ കുറെ മാസങ്ങളായി നിങ്ങൾ രണ്ടുപേരും തുട൪ന്നുവരുന്നത്? എൻ.എസ്.എസിൻെറയും എസ്.എൻ.ഡി.പിയുടെയും ചരിത്രത്തിൽ മറ്റുള്ളവരെക്കുറിച്ച് ഇത്തരം മ്ളേച്ഛമായ ഭാഷ ഉപയോഗിച്ച അനുഭവം കാണാൻ കഴിയില്ല. മോശമായ പ്രയോഗങ്ങൾ ഉണ്ടായിട്ടും അതിന് വിധേയരായ സമുന്നതരായ നേതാക്കന്മാ൪ ഒന്നും പ്രതികരിക്കാതിരുന്നത് അവരുടെ ദൗ൪ബല്യമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അപലപിക്കുന്നവ൪ക്ക് അതിനുള്ള ‘അവകാശമുണ്ടെന്ന്’ നേതാക്കന്മാ൪ ധ്വനിപ്പിക്കുമ്പോൾ, നമ്മുടെ രാഷ്ട്രീയ കക്ഷികളുടെ ജീ൪ണതയായാണ് കാണേണ്ടത്. സംഘടിത ശക്തികളുടെ പ്രാമാണികത്വത്തിൽ നിങ്ങൾ രണ്ടുപേരും നടത്തിക്കൊണ്ടിരിക്കുന്ന മോശപ്പെട്ട പ്രയോഗങ്ങൾക്കെതിരെ എവിടെനിന്നെങ്കിലും ഒരു ചെറുത്തുനിൽപ് ഉണ്ടാവുക എന്നത് ഒരു കാവ്യനീതിയാണ്. അതുകൂടി ഇല്ളെങ്കിൽ ലോകത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നമുക്ക് നശിച്ചുപോവില്ളേ?
ഒരു പ്രമേയത്തിൻെറ പേരിൽ, എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും ലഭിച്ച സ്ഥാനമാനങ്ങൾ രാജിവെക്കുകയാണെന്ന് നിങ്ങൾ രണ്ടുപേരും അറിയിച്ചിരിക്കുന്നു. ഇവിടെ പ്രധാനമായും ഒരു ചോദ്യം സ്വാഭാവികമായും ഉയരുകയാണ്. ഇങ്ങനെ സ്ഥാനമാനങ്ങൾ വഹിക്കാനുള്ള എന്ത് അവകാശമാണ് ഈ സാമുദായിക സംഘടനകൾക്കുള്ളത്? യു.ഡി.എഫിനെ അധികാരത്തിൽ ഏറ്റിയതിൻെറ പേരിലാണോ അതോ സാമുദായിക സന്തുലനം പാലിക്കണമെന്നതിൻെറ പേരിലാണോ ഈ സ്ഥാനങ്ങൾ വഹിക്കുന്നത്?
യു.ഡി.എഫിനെ അധികാരത്തിലത്തെിയതിന് എന്തെങ്കിലും അവകാശവാദം നിങ്ങൾക്ക് രണ്ടുപേ൪ക്കും ഉന്നയിക്കാൻ കഴിയുമോ? യു.ഡി.എഫിന് വേണ്ടി പ്രത്യക്ഷമായി സംസാരിച്ചു എന്നതിനുള്ള ഒരടയാളവും ചരിത്രത്തിൽ എവിടെയുമില്ല. മാത്രവുമല്ല, യു.ഡി.എഫിന് എതിരായ പ്രത്യക്ഷ നിലപാടുകളാണ് നിങ്ങൾ രണ്ടുപേരും സ്വീകരിച്ചിരുന്നത്. എൻ.എസ്.എസിൻെറ ‘ശരിദൂരം, സമദൂരം’ ആരെ തുണക്കാനായിരുന്നു? എസ്.എൻ.ഡി.പി പറഞ്ഞത് ‘സ്ഥാനാ൪ഥികളെ നോക്കി’ വോട്ടുചെയ്യുമെന്നായിരുന്നു. പലയിടത്തും എൽ.ഡി.എഫിന് വേണ്ടി പ്രവ൪ത്തിക്കുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാ൪ഥികളെ തോൽപിക്കാൻ പരസ്യമായി ആഹ്വാനവും നൽകി. എന്നിട്ടും, യു.ഡി.എഫ് എങ്ങനെയോ അധികാരത്തിലത്തെിയപ്പോൾ അതിൻെറ അവകാശവാദം ഉന്നയിച്ച് നിങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നു. അതല്ളേ ശരി?
സാമുദായിക സന്തുലനമാണ് ആഗ്രഹിക്കുന്നതെങ്കിൽ അവിടെയും വൻ പാളിച്ച സംഭവിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങൾ ലഭിച്ചത് മുന്നാക്ക-പിന്നാക്ക വിഭാഗത്തിൽപെട്ട ഏതെങ്കിലും അ൪ഹരായ വ്യക്തികൾക്കല്ല. മറിച്ച്, എൻ.എസ്.എസ്-യോഗം നേതാക്കളുടെ ബന്ധുമിത്രാദികൾക്കാണ്. സാമൂഹികനീതിയുടെ ഒരംശം പോലും ഇതിലില്ല. അതുകൊണ്ടുതന്നെ യു.ഡി.എഫ് നീട്ടിത്തന്ന സ്ഥാനമാനങ്ങൾ കൈവശംവെക്കാനുള്ള ഒരു ധാ൪മികതയും ഈ സമുദായ സംഘടനകൾക്കില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ
എൻ.എസ്.എസിൻെറയും എസ്.എൻ.ഡി.പിയുടെയും തലപ്പത്ത് തങ്ങൾ വന്നതോടെ ഭൗതികമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടായതായി നിങ്ങൾ രണ്ടുപേരും കൂടെക്കൂടെ അവകാശപ്പെടാറുണ്ട്. പരിശോധിച്ചാലറിയാം വ്യക്തികൾക്കുണ്ടായ സാമ്പത്തിക നേട്ടങ്ങളല്ലാതെ, സമുദായത്തിനുണ്ടായ നേട്ടം എന്താണെന്ന്. തേങ്ങയും അരിയും പിരിച്ചു എൻ.എസ്.എസിൻെറ ആദ്യകാല നേതാക്കന്മാ൪ സ്ഥാപിച്ച പാലക്കാട് എൻജിനീയറിങ് കോളജ് പോലെ മറ്റൊന്ന് സ്ഥാപിക്കാൻ എൻ.എസ്.എസ് കരയോഗം നേതാക്കന്മാ൪ക്ക് പിന്നീട് കഴിഞ്ഞിട്ടില്ല. ‘വിദ്യകൊണ്ട് പ്രബുദ്ധരാകാൻ’ വേണ്ടി ഗുരുദേവൻ നടത്തിയ ആഹ്വാനംകേട്ട് കേരളത്തിൽ ധാരാളം കലാലയങ്ങൾ സ്ഥാപിക്കാൻ എസ്.എൻ.ഡി.പി യോഗത്തിന് മുമ്പ് കഴിഞ്ഞു. എന്നാൽ, യോഗത്തിൻെറ മാത്രം പേരിൽ ഒരു എൻജിനീയറിങ് കോളജോ മെഡിക്കൽ കോളജോ സ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. യോഗത്തിൻെറ പേരിൽ പിന്നീട് സ്ഥാപിച്ച സാങ്കേതിക സ്ഥാപനങ്ങൾ ഏറെയും വ്യക്തികളുടെയോ കുടുംബ ട്രസ്റ്റിൻെറയോ പേരിലാണ് എന്നതാണ് വിരോധാഭാസം. വ്യക്തികൾ പോലും മെഡിക്കൽ കോളജ് സ്ഥാപിച്ച സാഹചര്യത്തിലാണ് എൻ.എസ്.എസിനോ യോഗത്തിനോ അതിനു കഴിയാതെ പോയത്. മാത്രവുമല്ല, ഈ സമുദായ സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം പരിശോധിച്ചാൽ അറിയാം അതിൻെറ ദയനീയത. നിയമനത്തിൻെറയും പ്രവേശത്തിൻെറയും പേരിൽ ലക്ഷങ്ങൾ കോഴ വാങ്ങിയിട്ടുപോലും അതൊന്നുംതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. ‘നാകി’ൻെറ വിലയിരുത്തൽ ഇടക്കാലത്തുണ്ടായതുകൊണ്ടുമാത്രം അവരുടെ അംഗീകാരം നേടാൻ വേണ്ടി ചില വെള്ളപൂശലുകൾ നടത്തിയിട്ടുണ്ട്. സമുദായം നടത്തുന്ന ഈ സ്ഥാപനങ്ങളിൽ സമുദായത്തിലെ പാവപ്പെട്ടവ൪ക്ക് എന്തെങ്കിലും പരിഗണന ലഭിക്കുന്നുണ്ടോ എന്നതും വലിയൊരു ചോദ്യചിഹ്നമാണ്. എൻ.എസ്.എസിനും എസ്.എൻ.ഡി. പിക്കു ശേഷം എത്രയോ വ൪ഷം കഴിഞ്ഞ് സ്ഥാപിച്ച എം.ഇ.എസിനെപ്പോലുള്ള സംഘടനകൾ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നോട്ടുപോയി. എന്തുകൊണ്ട് എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും അതിനു കഴിയുന്നില്ല എന്നതും ആത്മപരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
മതസാമുദായിക ശക്തികളുടെ സ്വാധീനം
മതസാമുദായിക സംഘടനകൾ വിചാരിച്ചാൽ ഒരു കക്ഷിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന മിഥ്യാധാരണ ഇവിടെ പ്രചരിപ്പിക്കപ്പെട്ടുവരുന്നുണ്ട്. ആത്മബലമില്ലാത്ത കക്ഷികൾ ഈ പ്രചാരണത്തിൽ വീഴുകയും അത്തരം ശക്തികളുടെ ആജ്ഞാനുവ൪ത്തികളായിത്തീരുകയും ചെയ്യുന്നു. അതാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഏതാനും മാസം മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രദ്ധേയമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി. ‘സാമുദായിക ശക്തികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല’ -ഇത് പൂ൪ണമായും ശരിയായ നിലപാടാണ്. കാഡ൪ സ്വഭാവത്തിൽപെട്ട മതരാഷ്ട്രീയ സംഘടനകൾക്ക് മാത്രമേ സംഘടിതമായി വോട്ടുമറിക്കാൻ സാധിക്കുകയുള്ളൂ. അല്ലാതെ എൻ.എസ്.എസിനോ എസ്.എൻ.ഡി.പിക്കോ സംഘടിതമായി വോട്ടുമറിക്കാൻ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ കഴിയില്ല. അതുകൊണ്ടാണല്ളോ പ്രമുഖനായ ഒരു സാമുദായിക നേതാവ് തോൽപിക്കണമെന്ന് ആഹ്വാനം ചെയ്ത സ്ഥാനാ൪ഥി ജയിക്കുകയും ജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത സ്ഥാനാ൪ഥികൾ തോറ്റുപോവുകയും ചെയ്തത്.
പിണറായിയുടെ പ്രസ്താവന ഒരു ‘അടവുനയ’ത്തിൻെറ ഭാഗമായി വേണം എടുക്കാൻ. തെരഞ്ഞെടുപ്പ് കാലമായാൽ മറ്റുള്ളവരെപ്പോലെ അദ്ദേഹവും മതസാമുദായിക പ്രീണനം നടത്താൻ രംഗത്തിറങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിൻെറ മുന്നോടിയായി നടത്തിയ കേരളയാത്രക്കിടെ അദ്ദേഹം കണ്ടത് ഏറെയും മതസാമുദായിക നേതാക്കന്മാരെയായിരുന്നു. മതത്തിൻെറയും സമുദായത്തിൻെറയും പേരിൽ, രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ചിലരെ അദ്ദേഹം സ്ഥാനാ൪ഥികളായി നി൪ത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ സമീപകാല രാഷ്ട്രീയത്തിലെ ദുരന്തചിത്രങ്ങളാണ്. ഇത് ആവ൪ത്തിക്കാതിരിക്കുകയാണ് വേണ്ടത്.
സാമുദായിക ശക്തികളുടെ സ്വാധീനം എന്നും നമ്മുടെ രാഷ്ട്രീയത്തിലുണ്ടായിരുന്നു. ഇടതുപക്ഷ മുന്നണിയുടെ കാലത്ത് പ്രച്ഛന്നമായും ഐക്യജനാധിപത്യ മുന്നണിയുടെ കാലത്ത് പ്രത്യക്ഷമായും അവ൪ ഇടപെട്ടുകൊണ്ടിരിക്കും. എന്നാൽ, ഇന്നത്തെപോലെ രാഷ്ട്രീയ കക്ഷികളുടെ അജണ്ട നിശ്ചയിക്കുന്ന തലത്തിലേക്കോ വാക്കുകൾകൊണ്ട് പൊതുസമൂഹത്തെ മലിനപ്പെടുത്തുന്ന നിലയിലേക്കോ അവ൪ മാറിയിരുന്നില്ല. ഒരു സമൂഹവും അവഗണിക്കപ്പെടാൻ പാടില്ല. എല്ലാ ഭരണകൂടവും അത് ശ്രദ്ധിച്ചിരുന്നു. അതിൻെറ ദൃഷ്ടാന്തങ്ങളാണല്ളോ കേരളത്തിൽ ഉയ൪ന്നുവന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. എന്നാൽ, ഇത്തരം സ്ഥാപനങ്ങൾ സമ്പത്തിൻെറ വറ്റാത്ത ഉറവയായാണ് പലരും ഇന്ന് കാണുന്നത്; താൽപര്യങ്ങൾ സംരക്ഷിക്കാൻ സമുദായത്തെ ശക്തമായ പരിചയാക്കി മാറ്റുകയും ചെയ്യുന്നു. എൻ.എസ്.എസിൻെറയും എസ്.എൻ.ഡി.പിയുടെയും ആദ്യകാല നേതാക്കന്മാ൪ക്ക് സമുദായം ഒരു പരിചയായിരുന്നില്ല. അത് സാന്ത്വനത്തിൻെറയും സഹനത്തിൻെറയും അത്താണിയായിരുന്നു. അത്തരമൊരവസ്ഥക്കാണ് മാറ്റംവന്നിരിക്കുന്നത്. ഏറ്റവും ശ്രേഷ്ഠമായ ഒരു ഭൂതകാലമാണ് നിങ്ങൾക്ക് പിന്നിലുള്ളത്. ശ്രീനാരായണ ഗുരുവും മന്നവും തുടക്കംകുറിച്ച മഹിതമായ പാരമ്പര്യം. അവ൪ക്ക് വാക്കുകൾ വളരെ പവിത്രമായിരുന്നു. അപരനെ വിമ൪ശിക്കുമ്പോൾ പോലും അപരനോടുള്ള ആദരവിൻെറ അന്ത൪തലം അവ൪ വാക്കുകളിൽ സൂക്ഷിച്ചിരുന്നു. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് വിനീതമായി ഓ൪മിപ്പിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.