പുതിയ രാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളുക -മുജ്തബാ ഫാറൂഖ്

ഹൈദരാബാദ്: സാമൂഹിക നീതിയിലും ധാ൪മികതയിലും അധിഷ്ഠിതമായ പുതിയ രാഷ്ട്രീയം ഉയ൪ത്തിക്കൊണ്ടുവരുകയല്ലാതെ രാജ്യത്തിന് ഭാവിയില്ലെന്ന് വെൽഫെയ൪ പാ൪ട്ടി ദേശീയ അധ്യക്ഷൻ മുജ്തബാ ഫാറൂഖ്. ഹൈദരാബാദ് നിസാം കോളജ് ഗ്രൗണ്ടിൽ നടന്ന വെൽഫെയ൪ പാ൪ട്ടി ആന്ധ്രപ്രദേശ് ഘടകത്തിൻെറ രൂപവത്കരണ പ്രഖ്യാപന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടുത്ത വെയിലിനെ അവഗണിച്ചെത്തിയ പതിനായിരങ്ങൾ റാലിക്ക് ആവേശമായി.
വെൽഫെയ൪ പാ൪ട്ടി ദേശീയ ജനറൽ സെക്രട്ടറി ഡോ. എസ്.ക്യു.ആ൪ ഇല്യാസ്, വൈസ് പ്രസിഡൻറുമാരായ അബ്ദുൽ വഹാബ് ഖിൽജി, ലളിതാ നായക്, സഫറുൽ ഇസ്ലാം ഖാൻ, ജനറൽ സെക്രട്ടറി പി.സി. ഹംസ, സെക്രട്ടറി ഷീമാ മുഹ്സിൻ, ലോക്സത്ത പാ൪ട്ടി നേതാവ് ജയപ്രകാശ് നാരായൺ എം.എൽ.എ, വിപ്ളവ കവി ഗദ്ദ൪, പ്രകാശ് അംബേദ്ക൪, നീലം ഡൊമിനിക്, ഖാലിദാ പ൪വീൻ എന്നിവ൪ റാലിയെ അഭിസംബോധന ചെയ്തു.
ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാനുള്ള ശേഷി പിന്നാക്ക വിഭാഗങ്ങൾ നേടിയെടുക്കണമെന്ന് ഗദ്ദ൪ ആഹ്വാനം ചെയ്തു. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരും മുസ്ലിം ന്യൂനപക്ഷവും സംഘടിച്ച് രാഷ്ട്രീയ ശക്തിയാവുക മാത്രമാണ് വരേണ്യ കൊള്ളയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ഏക മാ൪ഗം -അദ്ദേഹം പറഞ്ഞു.
ആന്ധ്രയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കലാകാരന്മാ൪ അവതരിപ്പിച്ച നാടൻ പാട്ടുകളുടെയും സമര പാട്ടുകളുടെയും നാടോടി കലാരൂപങ്ങളുടെയും അവതരണവും സമ്മേളന വേദിയിൽ നടന്നു. കലാകാരന്മാരോടൊപ്പം ചേ൪ന്ന് ഗദ്ദറും വിപ്ളവഗാനങ്ങൾ ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.