ന്യൂദൽഹി: സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ മറ്റൊരു മുൻആഭ്യന്തരമന്ത്രികൂടി കുരുക്കിൽ. രാജസ്ഥാനിലെ ബി.ജെ.പി നേതാവും മുൻ ആഭ്യന്തര മന്ത്രിയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാബ്ചന്ദ് കട്ടാരിയക്കെതിരെ കൊലക്കുറ്റത്തിനും ഗൂഢാലോചനക്കും സി.ബി.ഐ കുറ്റപത്രം സമ൪പ്പിച്ചു. ഇതേ കേസിലാണ് നരേന്ദ്രമോഡിയുടെ വിശ്വസ്തനും ഗുജറാത്ത് മുൻആഭ്യന്തര സഹമന്ത്രിയുമായ അമിത്ഷാ നേരത്തെ അറസ്റ്റിലായത്.
ഗുലാബ്ചന്ദ് കട്ടാരിയയെ പ്രതിയാക്കി സി.ബി.ഐ ചൊവ്വാഴ്ചയാണ് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ അനുബന്ധ കുറ്റപത്രം സമ൪പ്പിച്ചത്. നേരത്തെ ചോദ്യം ചെയ്തിരുന്നു. സൊഹ്റാബുദ്ദീനെ പൊലീസ് ഏറ്റുമുട്ടലിൽ വധിക്കുന്നതിനു നടന്ന നീക്കങ്ങളിൽ കട്ടാരിയ പങ്കാളിത്തം വഹിച്ചുവെന്ന് സി.ബി.ഐ അന്വേഷണത്തിൽ തെളിഞ്ഞു. കട്ടാരിയയും അനുബന്ധ കുറ്റപത്രത്തിൽ പേരുള്ള മറ്റു മൂന്നു പേരും അടുത്തമാസം നാലിന് കോടതി മുമ്പാകെ ഹാജരാകണം. 500 പേജ് വരുന്ന കുറ്റപത്രത്തിൽ 40 പുതിയ സാക്ഷികളുടെ മൊഴി ഉൾപ്പെടുത്തിയിട്ടുണ്ട്. ആ൪.കെ. മാ൪ബിൾ ഡയറക്ട൪ വിമൽ പട്നി, ആന്ധ്രപ്രദേശ് പൊലീസിലെ ഐ.പി.എസ്. ഓഫിസ൪ നരസിംഹ ബാലസുബ്രഹ്മണ്യം, ഇൻസ്പെക്ട൪ ശ്രീനിവാസ റാവു എന്നിവരാണ് മറ്റു പ്രതികൾ.
രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, കട്ടാരിയ കുരുക്കിലായത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവും. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നയിക്കുന്നത് വസുന്ധര രാജെയാണ്.
2005 നവംബ൪ 26നാണ് സൊഹ്റാബുദ്ദീനെയും ഭാര്യ കൗസ൪ബിയേയും ഗുജറാത്ത് പൊലീസ് ഹൈദരാബാദിൽനിന്ന് പിടികൂടി ഗാന്ധിനഗറിൽ വെച്ച് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഇതിനു സാക്ഷിയായ തുളസിറാം പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. രാജസ്ഥാനിലെയും ഗുജറാത്തിലെയും പൊലീസ് ഈ കൃത്യത്തിൽ കണ്ണിചേ൪ന്നു പ്രവ൪ത്തിച്ചു. രാജസ്ഥാനിലെ മാ൪ബിൾ വ്യവസായികളെ സൊഹ്റാബുദ്ദീൻ ശല്യം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്വേഷകരുടെ ഭാഷ്യം. മാ൪ബിൾ വ്യവസായി പട്നിയിൽ നിന്ന് 24 കോടി രൂപ നോട്ടക്കൂലി സൊഹ്റാബുദ്ദീൻ ശൈഖ് ആവശ്യപ്പെട്ടതായി കുറ്റപത്രത്തിൽ പറഞ്ഞു.
സൊഹ്റാബുദ്ദീൻ വധം സംബന്ധിച്ച കേസിൻെറ വിചാരണ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാനൂം ഭീഷണിപ്പെടുത്താനുമുള്ള സാധ്യതകൾ മുൻനി൪ത്തി കേസിൻെറ വിചാരണ ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന സി.ബി.ഐയുടെ അഭ്യ൪ഥനമാനിച്ചായിരുന്നു സുപ്രീംകോടതി നടപടി. ഗുജറാത്ത് മുൻമന്ത്രി അമിത്ഷാ അടക്കം 19 പ്രതികൾക്കെതിരെയാണ് ഇതുവരെ കുറ്റപത്രം സമ൪പ്പിച്ചിരുന്നത്. കട്ടാരിയ അടക്കം നാലു പേ൪കൂടി കുടുങ്ങിയതോടെ പ്രതികൾ 23 ആയി.
സൊഹ്റാബുദ്ദീൻ കേസിൽ അറസ്റ്റിൻെറ വക്കിലെത്തിയപ്പോഴാണ് അമിത്ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച അമിത്ഷാ2010 ജൂലൈയിൽ അറസ്റ്റിലായി മൂന്നു മാസത്തിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.