ന്യൂദൽഹി: രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിന് പ്രധാനമന്ത്രി മൻമോഹൻസിങ് ബുധനാഴ്ച അസമിലെത്തി നാമനി൪ദേശപത്രിക സമ൪പ്പിക്കും.
അസമിൽ ഒഴിവുവരുന്ന രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. രാജ്യസഭയിൽ മൻമോഹൻസിങ്ങിൻെറ അംഗത്വ കാലാവധി അടുത്ത മാസം 14ന് തീരും. 1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ് മൻമോഹൻസിങ്.
അസമിൽ ഒഴിവുവരുന്ന രണ്ടാമത്തെ രാജ്യസഭാ സീറ്റിലേക്ക് മൻമോഹൻസിങ്ങിൻെറ അവിടത്തെ വീട്ടുടമസ്ഥ കൂടിയായ മുൻ മുഖ്യമന്ത്രി ഹിതേശ്വ൪ സൈകിയയുടെ വിധവ ഹേമപ്രഭ സൈകിയ നാമ നി൪ദേശം നൽകിയേക്കും. ഹേമപ്രഭയുടെ ഗുവാഹതിയിലെ വീടാണ് മൻമോഹൻസിങ്ങിന് അസമിലെ മേൽവിലാസം കാണിക്കാനായി വാടകക്ക് എടുത്തിട്ടുള്ളത്. മത്സരിക്കുന്ന സംസ്ഥാനത്ത് രാജ്യസഭാ സ്ഥാനാ൪ഥിക്ക് വീടുണ്ടായിരിക്കണമെന്നാണ് ചട്ടം. അസം ഗണപരിഷത്തിലെ കുമാ൪ ദീപക് ദാസാണ് രാജ്യസഭയിൽനിന്ന് വിരമിക്കുന്നത്.
മൻമോഹൻസിങ്ങിന് ഇക്കുറിയും തെരഞ്ഞെടുപ്പ് വിജയം അനായാസമാണ്. 126 അംഗ അസം നിയമസഭയിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും കൂടി 94 സീറ്റുണ്ട്. അസം ഗണപരിഷത്തും മറ്റു പ്രതിപക്ഷ പാ൪ട്ടികളും മത്സരിച്ചാൽകൂടി ഒരു സ്ഥാനാ൪ഥിയെയും ജയിപ്പിക്കാൻ സാധിക്കില്ല. മേയ് 30നാണ് വോട്ടെടുപ്പ്. ഹേമപ്രഭയുടെ സ്ഥാനാ൪ഥിത്വം ഉറപ്പിച്ചാൽ വീട്ടുടമസ്ഥയും വാടകക്കാരനും രാജ്യസഭയിൽ എത്തുമെന്ന് ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.