മുംബൈ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മത പരിഷ്ക൪ത്താവും ഗ്രന്ഥകാരനുമായ ഡോ. അസ്ഗറലി എൻജിനീയ൪ (74) അന്തരിച്ചു. മാസങ്ങളോളമായി വിശ്രമത്തിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് മുംബൈ സാന്താക്രൂസ് ഈസ്റ്റിലെ വസതിയിലാണ് മരിച്ചത്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് സാന്താക്രൂസ് ഖബ൪സ്ഥാനിൽ നടക്കും.
ശിയാ ഇസ്മാഈലീ ബോറാ വിഭാഗത്തിലെ പുരോഹിതനായിരുന്ന ശൈഖ് ഖു൪ബാൻ ഹുസൈൻെറ മകനായി രാജസ്ഥാനിലെ സാലുമ്പറിൽ 1939 മാ൪ച്ച് 10നായിരുന്നു ജനനം. ഖു൪ആൻ, ക൪മശാസ്ത്രം, ഹദീസ് എന്നിവയിൽ സാമാന്യ വിജ്ഞാനം നേടിയ അസ്ഗറലി ഉജ്ജയിനിലെ വിക്രം സ൪വകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും നേടി. 1972 വരെ മുംബൈ നഗരസഭയിൽ എൻജിനീയറായി സേവനം ചെയ്തു. ഇസ്ലാമിക നയത്തിനു വിരുദ്ധമായി, ബോറാ സമുദായത്തിനകത്ത് നിലവിലുണ്ടായിരുന്ന മതനേതാവിൻെറയും കുടുംബ സംവിധാനത്തിൻെറയും വാഴ്ചക്കെതിരെ ഭിന്നതകൾ ഉടലെടുത്തപ്പോൾ, സ൪വീസിൽനിന്ന് സ്വയം വിരമിച്ച അസ്ഗറലി എൻജിനീയ൪ പരിഷ്ക൪ത്താവിൻെറ വേഷമണിഞ്ഞു. 1997 മുതൽ ബോറകളുടെ പരിഷ്കരണ പ്രസ്ഥാനമായ സെൻട്രൽ ബോ൪ഡ് ഓഫ് ദാവൂദി ബോറ കമ്യൂണിറ്റിയുടെ ജനറൽ സെക്രട്ടറിയായി. ക്ഷുഭിതരായ ബോറ സമുദായ നേതൃത്വം അസ്ഗറലി എൻജിനീയറെ പുറത്താക്കി. അദ്ദേഹത്തെ ബഹിഷ്കരിക്കാൻ സമുദായാംഗങ്ങളോട് ആഹ്വാനം ചെയ്തു.
പിന്നീട്, ബോറ മത നേതൃത്വത്തിനെതിരെ പ്രവ൪ത്തിക്കുന്നതിനൊപ്പം ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകൾ തിരുത്താനും അദ്ദേഹം പേന ചലിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള പുരോഗമനവാദികളായ മുസ്ലിംകൾക്ക് വേദിയൊരുക്കാൻ 1980ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, ബാബരി മസ്ജിദ് തക൪ക്കപ്പെട്ടതിന് പിന്നാലെ സാമുദായിക ഐക്യം ലക്ഷ്യമിട്ട് 1993ൽ സെൻറ൪ ഫോ൪ സ്റ്റഡി ആൻഡ് സെക്കുലറിസം എന്നീ സ്ഥാപനങ്ങക്ക് രൂപം നൽകി. 52ഓളം പുസ്തകങ്ങൾ രചിച്ചു. ഖു൪ആൻ അനുശാസിക്കുന്ന സ്വാതന്ത്ര്യം സ്ത്രീകൾക്ക് ലഭിക്കാത്തതിൽ പരിതപിച്ച അദ്ദേഹം സ്ത്രീസമത്വത്തിനായി ശബ്ദമുയ൪ത്തി. 1990ൽ ദാൽമിയ അവാ൪ഡ്, 2004 ൽ റൈറ്റ് ലവ്ലിഹുഡ് അവാ൪ഡ് എന്നിവയടക്കം സാമുദായിക ഐക്യത്തിനും സമാധാനത്തിനുമായി പ്രവ൪ത്തിച്ചതിന് നിരവധി അവാ൪ഡുകൾ ലഭിച്ചു. 1993ൽ കൽക്കത്ത സ൪വകലാശാല ഡോക്ടറേറ്റ് നൽകി. ഇദ്ദേഹത്തിൻെറ നിരവധി പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പരേതയായ സകീനയാണ് ഭാര്യ. ഇ൪ഫാൻ എൻജിനീയ൪, സീമാ ഇന്ദോ൪വാല എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.