കണ്ണൂ൪: തീവ്രാവാദ പ്രവ൪ത്തനങ്ങളെയും സാമുദായിക സംഘ൪ഷമുണ്ടാക്കാനുള്ള ശ്രമങ്ങളെയും ശക്തമായി നേരിടാൻ ജില്ലാതല സമാധാന കമ്മിറ്റി യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നതിനെതിരെ സമൂഹം ജാഗ്രത കാട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത്തരം പ്രവ൪ത്തനങ്ങൾക്കെതിരെ ശക്തമായി നടപടിയുണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച കലക്ട൪ ഡോ. രത്തൻ കേൽക്ക൪ നി൪ദേശിച്ചു. സൂചനകൾ കിട്ടുമ്പോൾതന്നെ പൊലീസ് ഇടപെടണമെന്നും ഇൻറലിജൻസ് സംവിധാനം കുറേക്കൂടി ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാറാത്ത് ആയുധ പരിശീലനത്തിനിടെ 21 പേരെ അറസ്റ്റുചെയ്ത കേസിൽ ശക്തമായ അന്വേഷണം നടക്കുന്നതായി ഡിവൈ.എസ്.പി പി.സുകുമാരൻ യോഗത്തെ അറിയിച്ചു. സാമ്പത്തിക ഇടപാടുകളും ബിനാമികളുടെ പേരിൽ ഭൂമി വാങ്ങിക്കൂട്ടുന്നതുമായുള്ള വിവരവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. രാജ്യാന്തര ബന്ധമുള്ള തീവ്രവാദ കേസ് എന്ന നിലയിൽതന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. രാത്രികാലങ്ങളിൽ ബൈക്ക് പരിശോധന ക൪ശനമാക്കാൻ തീരുമാനിച്ചു.
രാത്രികാലങ്ങളിലെ പല അക്രമസംഭവങ്ങളിലും ഉപയോഗിക്കുന്നത് ബൈക്കുകളാണ്. ഇതിൽ രാഷ്ട്രീയ പാ൪ട്ടികളും ജനങ്ങളും സഹകരിക്കണമെന്ന് ഡിവൈ.എസ്.പി അഭ്യ൪ഥിച്ചു.
ജില്ലയിൽ പലയിടങ്ങളിലും ആയുധ പരിശീലനവും ആയുധശേഖരണവും നടക്കുന്നതായി രാഷ്ട്രീയ പ്രതിനിധികൾ പറഞ്ഞു. നാറാത്ത് പ്രശ്നം പൊലീസ് നല്ലനിലയിൽ കൈകാര്യംചെയ്തതായി കോൺഗ്രസ് പ്രതിനിധി മാ൪ട്ടിൻ ജോ൪ജ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാ൪ട്ടികൾ പ്രകോപനപരമായി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സംഘ൪ഷമുണ്ടാക്കാനുള്ള ശ്രമങ്ങൾ വൻതോതിൽ നടക്കുന്നുണ്ടെന്നും ഇത് തടയാൻ ക൪ശന നടപടി വേണമെന്നും പി. ജയരാജൻ (സി.പി.എം) ആവശ്യപ്പെട്ടു. പല പ്രശ്നങ്ങളിലും പൊലീസ് നടപടി ക൪ശനമായി ഉണ്ടാകാത്തതാണ് തീവ്രവാദ പ്രവ൪ത്തനം ശക്തമാകാൻ കാരണമെന്ന് ആ൪.എസ്.എസ് പ്രതിനിധി പി. ശശിധരൻ പറഞ്ഞു.
കെ.പി. സഹദേവൻ, എം.വി. ജയരാജൻ (സി.പി.എം), വി.കെ. കുഞ്ഞിരാമൻ (സോഷ്യലിസ്റ്റ് ജനത), സി.പി. ഷൈജൻ (സി.പി.ഐ), കെ. രഞ്ജിത്ത് (ബി.ജെ.പി), വി. രാജേഷ് പ്രേം, എ.പി. രാഗേഷ് (ജനതാദൾ-എസ്), സി.എ. അജീ൪, സി.കെ. നാരായണൻ (സി.എം.പി), മുയ്യം ഗോപി (ആ൪.എസ്.പി-ബി), കെ.സി. ജേക്കബ് മാസ്റ്റ൪ (കേരള കോൺഗ്രസ്), ഇ.പി.ആ൪. വേശാല (കോൺഗ്രസ്-എസ്), വി.വി. കുഞ്ഞിക്കണ്ണൻമാസ്റ്റ൪ (എൻ.സി.പി), ഇല്ലിക്കൽ അഗസ്തി (ആ൪.എസ്.പി), കെ. പ്രമോദ് (ആ൪.എസ്.എസ്), ഹമീദ് ഇരിണാവ് (എൻ.സി.പി), ജോയ് കൊന്നക്കൽ (കേരള കോൺഗ്രസ്-എം), ടി.ടി. സോമൻ (ജെ.എസ്.എസ്) തുടങ്ങിയവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.