രക്തം മാറി നല്‍കിയ സംഭവം: സ്റ്റാഫ് നഴ്സിന് സസ്പെന്‍ഷന്‍

കോഴിക്കോട്: മെഡി. കോളജ് ആശുപത്രിയിൽ രക്തം മാറി നൽകി രോഗി മരിക്കാനിടയായ സംഭവത്തിൽ സ്റ്റാഫ് നഴ്സ് വി. രഹ്നയെ സസ്പെൻഡ് ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. രവീന്ദ്രൻ അറിയിച്ചു. സംഭവ സമയം വാ൪ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രജനി ആൻറണിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രക്തംമാറി നൽകിയതിനെ തുട൪ന്ന് കുറ്റിയിൽതാഴെ ചാത്തോത്ത് കുന്നുമ്മൽ മോഹൻദാസിൻെറ ഭാര്യ തങ്കം (61) മരിച്ചത്.
മെഡി. കോളജ് ആശുപത്രിയിൽ ഉദരകരൾരോഗ വിഭാഗത്തിൽ മേയ് ഏഴാം തീയതി മുതൽ ഇവ൪ ചികിത്സയിലായിരുന്നു. ഇവരെ വെള്ളിയാഴ്ച ഡിസ്ചാ൪ജ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഉദരരോഗ വിഭാഗം, ഉദരകരൾരോഗ വിഭാഗം, സ൪ജറി വിഭാഗം എന്നീ മൂന്ന് യൂനിറ്റുകളും 26, 27 വാ൪ഡുകളിലാണ്. 40 കിടക്കകൾ മാത്രമുള്ള മൂന്ന് യൂനിറ്റുകളിലേക്കും ഒരു നഴ്സാണ് ഉള്ളത്.
27ാം  വാ൪ഡിൽ തങ്കമ്മ എന്ന സ്ത്രീക്ക് നൽകാനുള്ള രക്തം അവരുടെ മകൻ നഴ്സ് രഹ്നയെ ഏൽപിച്ചിരുന്നുവത്രേ.  ഈ രക്തമാണ് ആളുമാറി 26ാം വാ൪ഡിലെ തങ്കത്തിന് നൽകിയത്. എന്നാൽ, തങ്കത്തിന് രക്തം ആവശ്യമില്ലെന്ന് കൂടെ നിൽക്കുന്നവ൪ സൂചിപ്പിച്ചിരുന്നുവെങ്കിലും ശ്രദ്ധിക്കാതെ തങ്കമ്മക്ക് നൽകേണ്ട മരുന്നും തങ്കത്തിന് നൽകിയെന്ന് ബന്ധുക്കൾ ആരോപിച്ചു. രക്തം കയറ്റിയ ഉടൻ തങ്കത്തിൻെറ ആരോഗ്യ സ്ഥിതി മോശമായി. തുട൪ന്ന് ഇവരെ ഐ.സി.യുവിലേക്ക് മാറ്റി വേണ്ട ചികിത്സ നൽകിയെന്നും ശേഷം ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ഇവ൪ സംസാരിച്ചിരുന്നുവെന്നും യൂനിറ്റ് ചീഫ് ഡോ. വ൪ഗീസ് തോമസ് പറഞ്ഞു.
എന്നാൽ, പിന്നീട് ശ്വാസതടസ്സമുണ്ടാവുകയും രോഗം മൂ൪ച്ഛിക്കുകയും ചെയ്തത് രക്തം മാറിക്കയറ്റിയതിൻെറ പാ൪ശ്വഫലമായിരിക്കാമെന്നും നഴ്സിൻെറ അശ്രദ്ധയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
11 മണിയോടെ തങ്കം മരിച്ചെങ്കിലും അധികൃത൪ തിരിഞ്ഞുനോക്കാത്തത് പ്രതിഷേധത്തിനിടയാക്കി. പുല൪ച്ചെ രണ്ടു മണിയോടെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. തുട൪ന്ന് അസ്വാഭാവിക മരണത്തിന് മെഡി. കോളജ് പൊലീസ് കേസെടുത്തു.
ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.പി. ശശിധരൻ, ആ൪.എം.ഒ ഡോ. അനീൻകുട്ടി, നഴ്സിങ് സൂപ്രണ്ട് മേരി എന്നിവരടങ്ങുന്ന സംഘം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി സൂപ്രണ്ടിന് റിപ്പോ൪ട്ട് സമ൪പ്പിച്ചതിൻെറ അടിസ്ഥാനത്തിലാണ് നഴ്സ് വി. രഹ്നയെ സസ്പെൻഡ് ചെയ്തതും ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടതും.
പോസ്റ്റ്മോ൪ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.