ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ വസ്ത്രനി൪മാണശാല തക൪ന്നുണ്ടായ അപകടത്തിനിടെ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ സ്ത്രീയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ലോകത്തെ നടുക്കിയ അപകടത്തിൽ 17 ദിവസങ്ങളാണ് രേഷ്മ എന്ന സ്ത്രീ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിഞ്ഞത്. എട്ടുനില കെട്ടിടത്തിൻെറ നിലവറയിലാണ് ഇവ൪ കുടുങ്ങിപ്പോയത്. രേഷ്മക്ക് കാര്യമായ പരിക്കുകളൊന്നുമേറ്റിട്ടില്ലെന്ന് സൈന്യം അറിയിച്ചു.
രക്ഷാപ്രവ൪ത്തക൪ വലിയ സ്ളാബ് പൊട്ടിക്കാനൊരുങ്ങും മുമ്പേ ഉള്ളിൽ ആരെങ്കിലും ജീവനോടെയുണ്ടോയെന്ന് വിളിച്ചുചോദിച്ചപ്പോഴാണ് ഞരങ്ങുന്ന ശബ്ദം കേട്ടത്. അവ൪ക്ക് നേരെ കൈയുയ൪ത്തിക്കാണിച്ച രേഷ്മ രക്ഷിക്കൂ എന്ന് കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞതായും രക്ഷാപ്രവ൪ത്തക൪ വെളിപ്പെടുത്തി. തനിക്ക് ജീവനുണ്ട്, തന്നെ രക്ഷിക്കൂവെന്ന് അവൾ വിളിച്ചുപറഞ്ഞതായി ദൃക്സാക്ഷികളും പറയുന്നു. പുറത്തെടുക്കാനെടുത്ത 40 മിനിറ്റുകൾക്കിടയിൽ രേഷ്മക്ക് വെള്ളവും ബിസ്കറ്റും നൽകി. ഓക്സിജൻ സിലിണ്ട൪ എത്തിച്ച് കൃത്രിമശ്വാസവും നൽകി.
17 ദിവസങ്ങൾ ഭൂമിക്കടിയിൽ മൃതദേഹങ്ങൾക്കൊപ്പം കുരുങ്ങിക്കിടന്നിട്ടും അവ൪ക്ക് കാര്യമായി പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. രക്ഷാപ്രവ൪ത്തകരും കാണാതായ പ്രിയപ്പെട്ടവ൪ക്കായി കാത്തുനിന്നവരും രേഷ്മയുടെ ജീവനായി പ്രാ൪ഥനകൾ നടത്തി. തക൪ന്ന വസ്ത്രനി൪മാണശാലയിലെ തൊഴിലാളിയാണോ രേഷ്മ എന്നത് വ്യക്തമായിട്ടില്ല.
നിലവറയിൽ ആളുകൾ കുടുങ്ങിയതായി ബോധ്യപ്പെട്ടതിനെ തുട൪ന്ന് ഇവിടേക്ക് വെള്ളവും ഭക്ഷണവും എത്തിച്ചിരുന്നുവെങ്കിലും അവയാണോ ജീവൻ നിലനി൪ത്താൻ രേഷ്മയെ സഹായിച്ചതെന്ന് വ്യക്തമായിട്ടില്ല. വെള്ളം പോലും ലഭിക്കാതെയാണ് മണ്ണിനടിയിൽ ഇത്ര ദിവസം കഴിച്ചുകൂട്ടിയതെങ്കിൽ റെക്കോഡുമായാണ് രേഷ്മ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്.
ഹെയ്തി ഭൂമികുലുക്കത്തെത്തുട൪ന്ന് 27 ദിവസം മണ്ണിനടിയിൽ കുടുങ്ങിയ ഇവാൻസ് മോൻസിനാക് ആണ് ഒരു പ്രകൃതിദുരന്തത്തിനിരയായി ഏറ്റവുമധികം കാലം മണ്ണിനടിയിൽ കഴിഞ്ഞ വ്യക്തി. ഓടയിൽ നിന്നൂ൪ന്നിറങ്ങിയ വെള്ളം കുടിച്ചാണ് അദ്ദേഹം അത്രയുംകാലം ജീവൻ നിലനി൪ത്തിയത്.
അവസാന കണക്കനുസരിച്ച് വസ്ത്രനി൪മാണശാല കെട്ടിടം തക൪ന്നുണ്ടായ മരണസംഖ്യ 1000 കടന്നു.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവ൪ക്കായുള്ള തിരച്ചിൽ ഇനിയും അവസാനിച്ചിട്ടില്ല. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 1021 മൃതദേഹങ്ങളാണ് ആകെ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.