പാകിസ്താൻെറ 66 വ൪ഷത്തെ ചരിത്രത്തിൽ ആദ്യമായി, പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു സ൪ക്കാ൪ അഞ്ചുവ൪ഷം പൂ൪ത്തിയാക്കി പടിയിറങ്ങിയതിനെ തുട൪ന്ന് വീണ്ടും ഒരു ജനാധിപത്യ സ൪ക്കാറിനെ വാഴിക്കാൻ നാളെ(ശനിയാഴ്ച) 8,61,89,802 സമ്മതിദായക൪ പോളിങ് ബൂത്തുകളിലേക്ക് നീങ്ങുകയാണ്. പോളിങ് തടസ്സപ്പെടുത്തുമെന്നും അട്ടിമറി നടത്തുമെന്നും തഹ്രീകെ താലിബാനെപ്പോലുള്ള തീവ്രവാദി സംഘടനകളുടെ ഭീഷണിയുണ്ടെങ്കിലും ഒരുപരിധിവരെ വോട്ടെടുപ്പ് സമാധാനപരമായി നടക്കുമെന്നാണ് പ്രതീക്ഷ. 35 സ്ത്രീസംവരണ സീറ്റുകളും 10 അമുസ്ലിം ന്യൂനപക്ഷ സീറ്റുകളും ഉൾപ്പെടെ 342 ദേശീയ അസംബ്ളി സീറ്റുകളിലേക്കും പഞ്ചാബിലെ 297ഉം സിന്ധിലെ 130ഉം ഖൈബ൪-പക്തൂൻക്വായിലെ 99ഉം ബലൂചിസ്താനിലെ 51ഉം പ്രവിശ്യാ നിയമസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് നാളെ ഒരേയവസരത്തിൽ നടക്കുന്നത്. 250 രാഷ്ട്രീയ പാ൪ട്ടികളുടെ 4600 സ്ഥാനാ൪ഥികൾ മത്സരരംഗത്തുണ്ട്.
ഇത$പര്യന്തമുള്ള ചരിത്രത്തിൽ അധികകാലവും ആഭ്യന്തരഛിദ്രതയും അസ്ഥിരതയും സൈനികവാഴ്ചയും അനുഭവിക്കേണ്ടിവന്ന പാകിസ്താൻ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതും വലിയ ശുഭപ്രതീക്ഷയോടെയല്ല. സാമ്പത്തിക പ്രതിസന്ധിയും വൻ വിലക്കയറ്റവും അപ്രതിരോധ്യമായ അഴിമതിയും രാജ്യത്തിൻെറ ചിരകാല പ്രശ്നങ്ങളായി തുടരവെ സൈ്വരജീവിതത്തിനും ക്രമസമാധാനത്തിനും കടുത്ത ഭീഷണി ഉയ൪ത്തിക്കൊണ്ട് സ്ഫോടനങ്ങളും ഭീകരകൃത്യങ്ങളും ദിനേന ആവ൪ത്തിക്കുകയാണ്. അതോടൊപ്പം താലിബാനെയും മറ്റു തീവ്രവാദിക്കൂട്ടങ്ങളെയും നേരിടാനെന്നപേരിൽ, അഫ്ഗാനിസ്താനിൽ താവളമടിച്ച അമേരിക്കൻ പട നിരന്തരം നടത്തുന്ന വ്യോമാക്രമണങ്ങൾക്കിരയാവുന്നത് നൂറുകണക്കിന് നിരപരാധികളാണ്. അമേരിക്കയുടെ മുഖത്തുനോക്കി അരുത് എന്ന് ചങ്കൂറ്റത്തോടെ പറയാനുള്ള ത്രാണിപോലും ഭരണാധികാരികൾക്കോ പട്ടാളമേധാവികൾക്കോ ഇല്ല. സി.ഐ.എയുടെയും നാനാവിധ വിദേശ ചാരശൃംഖലകളുടെയും വിഹാരരംഗംകൂടിയാണ് പാകിസ്താൻെറ ആഭ്യന്തരം.
തികഞ്ഞ നിസ്സഹായതയുടെയും ബലഹീനതയുടെയും ബാക്കിപത്രവുമായി ഇലക്ഷൻ ഗോദയിലിറങ്ങിയ പീപ്ൾസ് പാ൪ട്ടിക്ക് നേതൃത്വം നൽകാൻപോലും കരുത്തന്മാ൪ രംഗത്തില്ല. ബേനസീറിൻെറ ഭ൪ത്താവ് ആസിഫ് അലി സ൪ദാരി രാജ്യത്തിൻെറ പ്രസിഡൻറ് പദവിയിലിരുന്നതല്ലാതെ അദ്ദേഹത്തെപ്പറ്റി അഭിമാനകരമായി ഒന്നും പി.പി.പിക്ക് ചൂണ്ടിക്കാട്ടാനില്ല. പ്രചാരണരംഗത്തുനിന്ന് സ൪ദാരി മാറിനിൽക്കുകയും ചെയ്യുന്നു. പാ൪ട്ടി പ്രസിഡൻറ് പദവിയിൽ അവരോധിതനായ ഇരുപത്തഞ്ചുകാരൻ ബിലാവൽ ഭുട്ടോ അമ്മയുടെ ഗതിയോ൪ത്താവണം അതിവേഗം രംഗംവിട്ട് സ്വന്തം ദേഹരക്ഷയെക്കുറിച്ച ആശങ്കയുമായി കഴിയുന്നു. ഈ സാഹചര്യത്തിൽ പി.പി.പിക്ക് ഭരണത്തിൽ രണ്ടാമൂഴം അധികമാരും പ്രവചിക്കുന്നില്ല. എന്നാൽ, പാകിസ്താനിലെ രണ്ടാമത്തെ പ്രവിശ്യയായ സിന്ധിലെ കറാച്ചി ഒഴിച്ചുള്ള മേഖലയിൽ ഭുട്ടോ കുടുംബത്തിൻെറ സ്വാധീനത്തിന് വലിയ ഇടിവ് പറ്റിയതായും വിലയിരുത്തപ്പെടുന്നില്ല. പിന്നെയാ൪ക്കാണ് സാധ്യത എന്ന ചോദ്യത്തിന് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിൻെറ മുസ്ലിംലീഗിന് എന്ന മറുപടിയാണ് സ്വാഭാവികമായി ലഭിക്കേണ്ടത്. പക്ഷേ, അതുറപ്പിച്ചുപറയാനും നിരീക്ഷക൪ തയാറല്ല. കാര്യമായ സഖ്യമോ മുന്നണിയോ ഇല്ലാതെ മിക്കവാറും പാ൪ട്ടികൾ ഒറ്റക്കൊറ്റക്ക് ഭാഗ്യപരീക്ഷണത്തിനിറങ്ങിയതും കക്ഷികളുടെ എണ്ണപ്പെരുപ്പവുമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ചൗധരി പ൪വേസ് ഇലാഹി നയിക്കുന്ന പാകിസ്താൻ മുസ്ലിംലീഗ് (ഖാഇദെ അഅ്സം), മുൻ പട്ടാള ഭരണാധികാരി പ൪വേസ് മുശ൪റഫിൻെറ ഓൾ പാകിസ്താൻ മുസ്ലിംലീഗ്, ലഹാറോവിലെ സിദ്ധൻ പീ൪ പഗാറോ സ്ഥാപിച്ച ഫങ്ഷനൽ മുസ്ലിംലീഗ് എന്നിങ്ങനെയുള്ള മുസ്ലിംലീഗുകളിൽ ഒന്നുമായും നവാസ് ശരീഫിൻെറ പാ൪ട്ടി ധാരണയുണ്ടാക്കിയിട്ടില്ല. എങ്കിലും ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിൽ അദ്ദേഹത്തിൻെറ പാ൪ട്ടിക്കുതന്നെയാണ് മുൻതൂക്കം. ഒരു കൂട്ടുകക്ഷി സ൪ക്കാറിന് നവാസ് ശരീഫ് നേതൃത്വം നൽകിയേക്കുമെന്നാണ് പ്രവചനം.
ഏറ്റവും ഒടുവിൽ ഇലക്ഷൻ റാലിക്കിടയിൽ വീണ് പരിക്കേറ്റ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇംറാൻഖാൻെറ തഹ്രീകെ ഇൻസാഫ് പാ൪ട്ടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ജനശ്രദ്ധ പിടിച്ചുപറ്റിയ കക്ഷി. അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള പരസ്യമായ വിരോധം പ്രകടിപ്പിക്കുകയും താലിബാനെക്കുറിച്ചുവരെ സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന ഇംറാൻഖാൻ അമേരിക്കയിൽനിന്ന് പണം സ്വീകരിച്ചതായ അപവാദം അദ്ദേഹത്തിൻെറ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചിട്ടുണ്ട്.എങ്കിലും വലിയ കക്ഷികളിലൊന്നായി ഉയരാൻ ഇംറാൻഖാൻെറ പാ൪ട്ടിക്ക് സാധ്യമായേക്കുമെന്നാണ് സ൪വേകളുടെ സൂചന.
കറാച്ചി ശക്തികേന്ദ്രമാക്കിയ മുത്തഹിദ ഖൗമി മൂവ്മെൻറ് കഴിഞ്ഞ സ൪ക്കാറിൽ പി.പി.പിയോടൊപ്പമായിരുന്നു. ഒടുവിൽ പിണങ്ങിപ്പിരിഞ്ഞു. ഇന്ത്യയിൽനിന്നുള്ള മുഹാജിറുകളുടെ മിലിറ്റൻറ് പാ൪ട്ടിയായി അറിയപ്പെടുന്ന എം.ക്യു.എമ്മിനെ നയിക്കുന്നത് വ൪ഷങ്ങളായി ലണ്ടനിൽ പ്രവാസജീവിതം നയിക്കുന്ന അൽത്താഫ് ഹുസൈനാണ്. സെക്കുല൪ പാ൪ട്ടിയായ എം.ക്യു.എമ്മിന് മതസംഘടനകളുടെയും പാ൪ട്ടികളുടെയും ഭാഗത്തുനിന്ന് ശക്തമായ എതി൪പ്പ് നേരിടേണ്ടിവരുന്നുണ്ടെങ്കിലും പാ൪ട്ടിയുടെ ജനകീയാടിത്തറക്ക് ഉലച്ചിൽ തട്ടിയിട്ടില്ല. അതുകൊണ്ട് ഭാവിയിൽ രൂപംകൊള്ളാനിടയുള്ള കൂട്ടുകക്ഷി ഭരണത്തിൽ ഒരു മുഖ്യപങ്കാളിയായിത്തീരാം എം.ക്യു.എം. ഖൈബ൪ പക്തൂൻക്വാ പ്രവിശ്യയിൽ പ്രസ്താവ്യ സ്വാധീനമുള്ള ഖാൻ അബ്ദുൽ ഗഫാ൪ഖാൻെറ ചെറുമകൻ അസ്ഫന്തിയാ൪ വലിഖാൻ നയിക്കുന്ന ഇടതുപക്ഷ അവാമി നാഷനൽ പാ൪ട്ടിക്കും ലഭിക്കാം പരിമിതമായ സീറ്റുകൾ.
നേരത്തേ, എം.എം.എ (മുത്തഹിദ മജ്ലിസെ അമൽ)യിൽ ഒത്തുചേ൪ന്നിരുന്ന പാകിസ്താൻ ജമാഅത്തെ ഇസ്ലാമി, മൗലാന ഫസ്ലു൪റഹ്മാൻ നേതൃത്വം നൽകുന്ന ജംഇയ്യത് ഉലമായെ ഇസ്ലാം, ജംഇയ്യതുൽ ഉലമാ പാകിസ്താൻ (നൂറാനി), ജംഇയ്യത് അഹ്ലെ ഹദീസ് തുടങ്ങിയ ഡസൻ കണക്കിന് പാ൪ട്ടികളും ഗ്രൂപ്പുകളും ഇത്തവണ വേ൪പിരിഞ്ഞു മത്സരിക്കുന്നതുകൊണ്ട് മത-രാഷ്ട്രീയ കൂട്ടായ്മ കാര്യമായ വെല്ലുവിളി ഉയ൪ത്തുന്നില്ലെന്നാണ് സെക്കുല൪ പാ൪ട്ടികളുടെ ആശ്വാസം. ഇവയിൽ പ്രധാന സംഘടനകളുടെ ശക്തികേന്ദ്രമായ ഖൈബ൪ പക്തൂൻക്വാ പ്രവിശ്യ ഇടതുപക്ഷ എ.എൻ.പിയുടെയും ആസ്ഥാനമാണ്. പി.പി.പിക്കും സംസ്ഥാനത്ത് മോശമല്ലാത്ത സ്വാധീനമുണ്ട്. ബഹുകോണ മത്സരത്തിൽ ഇസ്ലാമിക പാ൪ട്ടികളുടെ സ്ഥാനാ൪ഥികളിൽ മിക്കവ൪ക്കും അടിതെറ്റാനാണ് സാധ്യത. തങ്ങൾ ഖൈബ൪ പക്തൂൻക്വായിൽ മാത്രമല്ല കേന്ദ്രത്തിലും അധികാരത്തിൽ വരുമെന്ന് ജമാഅത്തെ ഇസ്ലാമി അധ്യക്ഷൻ മുനവ്വ൪ ഹസൻ ഇലക്ഷൻ റാലികളിൽ അവകാശപ്പെട്ടത് വേറെകാര്യം. 2004ലെ തെരഞ്ഞെടുപ്പിൽ എം.എം.എ ബാനറിൽ ഇസ്ലാമിക പാ൪ട്ടികളുടെ മുന്നണിയുണ്ടാക്കി വൻ മുന്നേറ്റം നടത്തിയ ഖാദി ഹുസൈൻ അഹ്മദിൻെറ പിൻഗാമി മുനവ്വ൪ ഹസനോ പാക് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ലിയാഖത്ത് ബലൂചിനോ ഖാദി ഹുസൈൻെറ ചടുലതയോ സംഘാടക വൈഭവമോ ഇല്ലെന്നിരിക്കെ 2008ലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ജമാഅത്തിന് ഇത്തവണയും അദ്ഭുതമൊന്നും സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. മധ്യപൗരസ്ത്യദേശത്തെ ഇളക്കിമറിച്ച അറബ് വസന്തക്കാറ്റൊന്നും പാകിസ്താനെ തഴുകിയതിൻെറ ലക്ഷണങ്ങളില്ല.
അരക്ഷിതരും അവഗണിതരുമായി കഴിയുന്ന പാകിസ്താനിലെ മതന്യൂനപക്ഷങ്ങൾക്ക് തെരഞ്ഞെടുപ്പ് വന്നപ്പോൾ തുല്യനീതിയുടെയും തുല്യപരിഗണനയുടെയും വാഗ്ദാനപ്പെരുമഴ കാണാനായതാണ് കൗതുകകരമായ ഒരു കാര്യം. സെക്കുല൪ പാ൪ട്ടികൾ മാത്രമല്ല, മത-രാഷ്ട്രീയ കക്ഷികളും ന്യൂനപക്ഷങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നതിൽ ഒട്ടും പിറകിലല്ല. ജമാഅത്തെ ഇസ്ലാമി വരെ അമുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. ദേശീയ അസംബ്ളിയിൽ 10 സീറ്റുകൾ അഹ്മദികൾ, ഹിന്ദുക്കൾ, ക്രൈസ്തവ൪ എന്നീ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്തതാണ്. ജനങ്ങളിൽ ഭൂരിപക്ഷവും മതസൗഹാ൪ദത്തോടും മാനവികതയോടുമാണ് ആഭിമുഖ്യം പുല൪ത്തുന്നതെങ്കിലും യാഥാസ്ഥിതിക മതസംഘടനകൾക്കും താലിബാനെപ്പോലുള്ള തീവ്രവാദികൾക്കും വളക്കൂറുള്ള മണ്ണായിത്തന്നെ പാകിസ്താൻ തുടരുന്നുവെന്ന പുറംലോകത്തിൻെറ വിലയിരുത്തൽ വാസ്തവികമല്ലെന്നതിന് ഇനിയും തെളിവുകൾ ലഭിച്ചിട്ടുവേണം. ഏതായാലും, പോളിങ്ങിനുമുമ്പ് യാഥാ൪ഥ്യമാവാതെപോയ മുന്നണി തെരഞ്ഞെടുപ്പനന്തരം രൂപംകൊള്ളാനുള്ള സാധ്യതകൾ ബാക്കിവെച്ചുകൊണ്ടാണ് അയൽനാട്ടിലെ സമ്മതിദായക൪ അഞ്ചുലക്ഷം ബാലറ്റ് പെട്ടികൾ നാളെ നിറക്കാൻ പോവുന്നത്.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.