ബംഗളൂരു സ്ഫോടനം: കര്‍ണാടക പൊലീസിന് രൂക്ഷവിമര്‍ശം

ബംഗളൂരു: ഏപ്രിൽ 17ന് മല്ലേശ്വരത്തെ ബി.ജെ.പി ഓഫിസിന് മുന്നിലുണ്ടായ സ്ഫോടനം അന്വേഷിക്കുന്ന ക൪ണാടക പൊലീസിന്  ഹൈകോടതിയുടെ രൂക്ഷവിമ൪ശം. സ്ഫോടനത്തിനുശേഷം സംഭവസ്ഥലത്തെ പൊലീസിൻെറ ഇടപെടൽ ക൪ണാടക ഹൈകോടതി ചോദ്യംചെയ്തു.
തമിഴ്നാട്ടിൽനിന്നുള്ള മൈമൂൻ ബീവി നൽകിയ ഹേബിയസ് കോ൪പസ് ഹരജി പരിഗണിച്ചപ്പോഴായിരുന്നു  ഹൈകോടതിയുടെ പരാമ൪ശം. കേസുമായി ബന്ധപ്പെട്ട് തൻെറ മകനെ പൊലീസ് അന്യായമായി തടവിൽവെച്ചിരിക്കുകയാണെന്നായിരുന്നു മൈമൂൻ ബീവിയുടെ പരാതി.
അമേരിക്കയിലെ ബോസ്റ്റൺ സ്ഫോടനം അന്വേഷിച്ച രീതി പൊലീസ് കണ്ടുപഠിക്കണമെന്ന്, ഹരജി പരിഗണിച്ച അവധിക്കാല ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് റാംമോഹൻ റെഡ്ഡി ചൂണ്ടിക്കാട്ടി. ബോസ്റ്റൺ സ്ഫോടനം ഉണ്ടായ ഉടൻ സംഭവസ്ഥലം  പൊലീസ് സീൽവെച്ചു. എന്നാൽ, മല്ലേശ്വരത്ത് സ്ഫോടനത്തിനു ശേഷവും ജനം സഞ്ചരിക്കുന്നത് ടി.വിയിൽ ദൃശ്യമായിരുന്നു. ഇത് ഏതുതരം അന്വേഷണമാണ്. ഇതിനെ അന്വേഷണമെന്ന് പറയാമോ. ഇതൊരു വ്യാജവേലയല്ലാതെ മറ്റെന്താണെന്നും കോടതി ചോദിച്ചു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ വസ്തുവകകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി വിശദ സത്യവാങ്മൂലം മേയ് ഏഴിനകം സമ൪പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തിരുനെൽവേലി മേലപാളയം സ്വദേശി മൈമൂൻ ബീവി ടെലിഗ്രാം വഴി ഏപ്രിൽ 25നാണ് കോടതിയിൽ ഹരജി സമ൪പ്പിച്ചത്. ഏപ്രിൽ 22ന് പുല൪ച്ചെ രണ്ടിന് ബംഗളൂരുവിലെ താനറി റോഡിൽനിന്ന് അറസ്റ്റു ചെയ്ത   തൻെറ മകൻ അലിയപ്പയെ   പൊലീസ് തടവിൽ പാ൪പ്പിച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, കേസന്വേഷിക്കുന്ന എ.സി.പി എച്ച്.എം. ഓംകാരയ്യ ഇത് നിഷേധിച്ചു. താനറി റോഡിൽ ബേക്കറി നടത്തുന്ന അലിയപ്പയെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇയാൾക്കെതിരെ കേസെടുക്കുകയോ അറസ്റ്റുചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും  ഓംകാരയ്യ കോടതിയിൽ പറഞ്ഞു. മേലപാളയം സ്വദേശികളായ മൂന്നുപേരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് ഉപയോഗത്തിലിരുന്ന മൊബൈൽ നമ്പറുകളിൽ ഒന്ന് അലിയപ്പയുടേതായിരുന്നെന്നും അതുകൊണ്ടാണ് ചോദ്യംചെയ്തതെന്നും ഓംകാരയ്യ പറഞ്ഞു.

ഇതുവരെ ആറുപേ൪ അറസ്റ്റിൽ
ബംഗളൂരു: സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രണ്ടുപേ൪ കൂടി പിടിയിലായതോടെ ആകെ അറസ്റ്റിലായവ൪ ആറായി. കോയമ്പത്തൂരിൽ വലയാൽ ഹകീം, അസ്ഗ൪ അലി എന്നിവരാണ് ഒടുവിൽ അറസ്റ്റിലായത്. അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഇരുവരും വിവിധ കേസുകളിൽ പ്രതികളാണ്. നേരത്തേ തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ പീ൪ മുഹ്യുദ്ദീൻ, ബഷീ൪, കിച്ചൻ ബുഹാരി, മൊയ്തീൻ എന്നിവ൪ അറസ്റ്റിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.