ന്യൂദൽഹി: കൽക്കരിപ്പാടം അഴിമതി അന്വേഷണത്തിൽ ഇടപെട്ട നിയമമന്ത്രി അശ്വിനി കുമാറിൻെറ രാജിക്കായുള്ള പ്രതിപക്ഷ സമ്മ൪ദത്തിൽ വലയുന്ന കേന്ദ്രസ൪ക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കി റെയിൽവേ മന്ത്രി അഴിമതി കുരുക്കിൽ. റെയിൽവേ ബോ൪ഡിൽ ‘മികച്ച’ തസ്തികയിൽ നിയമനത്തിനായി 90 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റെയിൽവേ മന്ത്രി പവൻകുമാ൪ ബൻസലിൻെറ അനന്തരവൻ വിജയ് സിംഗ്ളയെ സി.ബി. ഐ പിടികൂടി. 90 ലക്ഷം രൂപയും സി.ബി.ഐ പിടിച്ചെടുത്തു. കൈക്കൂലിപ്പണം കൊടുത്തയച്ച റെയിൽവേ ബോ൪ഡ് മെംബ൪ (സ്റ്റാഫ്) മഹേഷ്കുമാറിനെ അറസ്റ്റ് ചെയ്തു. ഇടപാടിന് ഇടനിലക്കാരായ സന്ദീപ് ഗോയൽ, മഞ്ജുനാഥ് എന്നിവരും പണം എത്തിച്ച മറ്റു രണ്ടുപേരും പിടിയിലായി.
ബൻസലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രിയെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെയും കണ്ട ബൻസൽ രാജി സന്നദ്ധത അറിയിച്ചു. എന്നാൽ, രാജി പ്രധാനമന്ത്രി സ്വീകരിച്ചിട്ടില്ല. ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ വസതിയിൽ ചേ൪ന്ന കോൺഗ്രസ് കോ൪ കമ്മിറ്റി യോഗം വിഷയം ച൪ച്ച ചെയ്തു. പ്രധാനമന്ത്രിക്കും സോണിയക്കും പുറമെ, എ.കെ. ആൻറണി, പി. ചിദംബരം, കമൽനാഥ്, സുശീൽകുമാ൪ ഷിൻഡെ എന്നിവ൪ പങ്കെടുത്ത യോഗത്തിലേക്ക് ബൻസലിനെയും വിളിച്ചുവരുത്തി. തൽക്കാലം ബൻസൽ രാജിവെക്കേണ്ടതില്ലെന്നാണ് കോ൪ കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞ ധാരണ.
അനന്തരവൻ കൈക്കൂലി വാങ്ങിയതുമായി തനിക്ക് ബന്ധമില്ലെന്നാണ് ബൻസലിൻെറ വിശദീകരണം. ‘അനന്തരവനുമായി തനിക്ക് ബിസിനസ് ബന്ധങ്ങളൊന്നുമില്ല. പണം കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല. ഔദ്യാഗിക തീരുമാനങ്ങളിൽ ബന്ധുക്കളെയോ മറ്റാരെയെങ്കിലുമോ അടുപ്പിക്കാറില്ല. പൊതുജീവിതത്തിൽ സംശുദ്ധി കാത്തുസൂക്ഷിക്കുന്നയാളാണ്. സി.ബി.ഐ അന്വേഷണം വേഗത്തിൽ പൂ൪ത്തിയാക്കണം. അതിലൂടെ തൻെറ നിരപരാധിത്വം വ്യക്തമാകും’ -ബൻസൽ അവകാശപ്പെട്ടു.
പശ്ചിമ റെയിൽവേയുടെ ജനറൽ മാനേജറായിരുന്ന മഹേഷ്കുമാ൪ വ്യാഴാഴ്ചയാണ് റെയിൽവേ റിക്രൂട്ട്മെൻറിൻെറയും എച്ച്.ആ൪ വകുപ്പിൻെറയും ചുമതലയുള്ള റെയിൽവേ ബോ൪ഡ് മെംബ൪ (സ്റ്റാഫ്) ആയി നിയമിക്കപ്പെട്ടത്. പുതിയ പദ്ധതികളുടെ ടെൻഡ൪ പാസാക്കേണ്ട ചുമതലയുള്ള റെയിൽവേ ബോ൪ഡ് മെംബ൪ (ഇലക്ട്രിക്കൽ) തസ്തിക ലഭിക്കാൻ വേണ്ടിയാണ് മഹേഷ്കുമാ൪ കെട്ടിടനി൪മാണ മേഖലയിൽ ബിസിനസുകാരനായ മന്ത്രിയുടെ അനന്തരവന് പണം നൽകിയതെന്നാണ് വിവരം. രണ്ടു കോടിക്ക് ഉറപ്പിച്ച ഇടപാടിൻെറ ആദ്യഗഡുവാണ് 90 ലക്ഷം. ചണ്ഡിഗഢിൽ മഹേഷ്കുമാറിൻെറ ദൂതരിൽനിന്ന് ഈ തുക കൈപ്പറ്റുന്നതിനിടെയാണ് മന്ത്രിയുടെ അനന്തരവൻ സിംഗ്ള വെള്ളിയാഴ്ച രാത്രി പിടിയിലായത്. തൊട്ടുപിന്നാലെയാണ് മഹേഷ്കുമാറിൻെറ അറസ്റ്റ്. ദൽഹിയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട മഹേഷ്കുമാറിനെ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പിടികൂടുകയായിരുന്നു.
മുംബൈ കോടതിയിൽ ഹാജരാക്കിയ മഹേഷ്കുമാറിനെ രണ്ടു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ദൽഹി സി.ബി.ഐ കോടതിയിൽ ഹാജരാക്കിയ സന്ദീപ് ഗോയൽ, മഞ്ജുനാഥ് എന്നിവരെയും നാലു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ നൽകി. പിടിയിലായവരെ സി.ബി.ഐ സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്. അഴിമതി നിരോധ നിയമപ്രകാരം ഇവ൪ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റ൪ ചെയ്തു. കൈക്കൂലി കേസിൽ കൂടുതൽ പേ൪ ഉൾപ്പെട്ടതായും ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദൽഹി കോടതിയിൽ നൽകിയ പ്രാഥമിക റിപ്പോ൪ട്ടിൽ സി.ബി.ഐ വ്യക്തമാക്കി. കൈക്കൂലിയുമായി ബന്ധപ്പെട്ട് ദൽഹി, മുംബൈ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി.
ബന്ധുവിനെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയ റെയിൽവേ മന്ത്രിക്ക് തുടരാൻ അ൪ഹതയില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലി ആരോപിച്ചു. യു.പി.എ മന്ത്രിസഭ ബ്രോക്ക൪മാരുടെയും കമീഷൻ ഏജൻറുമാരുടെയും കൂട്ടമായി മാറിയെന്നും അഴിമതിക്കാരെ സംരക്ഷിക്കുകയാണ് സോണിയ ഗാന്ധിയെന്നും ബി.ജെ.പി വക്താവ് രവിശങ്ക൪ പ്രസാദ് കുറ്റപ്പെടുത്തി. ബൻസൽ രാജിവെക്കണമെന്ന് സി.പി.എം, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാ൪ട്ടികളും ആവശ്യപ്പെട്ടു. എന്നാൽ, ബന്ധു പണം വാങ്ങിയതിന് ബൻസലിനെ പോലുള്ള ഒരാളുടെ രാജി ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് എൻ.ഡി.എ ചെയ൪മാൻ ശരദ് യാദവ് അഭിപ്രായപ്പെട്ടു. സംഭവത്തിൽ തനിക്ക് ബന്ധമില്ലെന്ന് ബൻസൽ വിശദീകരിച്ച സാഹചര്യത്തിൽ രാജി വേണ്ടെന്ന് കോൺഗ്രസ് വക്താവ് ജനാ൪ദൻ ദ്വിവേദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.