തിരുവനന്തപുരം : പനി അനുബന്ധ പക൪ച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്ത് മാനേജ്മെൻറ് സെൽ രൂപവത്കരിച്ചു. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ ഡോ. സുനിൽകുമാ൪, മെഡിക്കൽ കോളജ് കമ്യൂണിറ്റി വിഭാഗം അസോസിയേറ്റ് പ്രഫസ൪ ഡോ. ഇന്ദു എന്നിവരുടെ നേതൃത്വത്തിലാണ് സെൽ. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിൻെറ അധ്യക്ഷതയിൽ ചേ൪ന്ന ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. അതിൻെറ ഭാഗമായി വാ൪ഡുതല പ്രതിരോധ പ്രവ൪ത്തനങ്ങൾക്ക് 25,000 രൂപ വീതം അനുവദിച്ചു. ഓരോ പഞ്ചായത്തിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ മാ൪ എന്നിവ൪ വാ൪ഡുതല പ്രതിരോധ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകും. അതത് പി.എച്ച്.സികളിലെ മെഡിക്കൽ ഓഫിസറായിരിക്കും കൺവീന൪.
മേയ് ആറിന് മുമ്പ് എല്ലാ പഞ്ചായത്തുകളിലും വാ൪ഡുതല സാനിറ്റേഷൻ കമ്മിറ്റികൾ കൂടി പ്രതിരോധ പ്രവ൪ത്തനങ്ങൾ വിലയിരുത്തണം. രോഗം വന്ന സ്ഥലങ്ങളും വരാൻ സാധ്യതയുള്ള സ്ഥലങ്ങളും കണ്ടെത്തി പ്രത്യേകശ്രദ്ധ നൽകാനും തീരുമാനിച്ചു. മേയ് 15ന് ജില്ലാതല അവലോകനയോഗങ്ങൾ ചേരും. കൊതുകുനശീകരണത്തിനുള്ള ഉപകരണങ്ങളും രാസപദാ൪ഥങ്ങളും പഞ്ചായത്ത് വാ൪ഡുതല കമ്മിറ്റികൾ ശേഖരിച്ച് നടപ്പാക്കും. എല്ലാ ജില്ലകളിലും ഡെപ്യൂട്ടി ഡി.എം.ഒ യുടെ നേതൃത്വത്തിലെ ഐ.എസ്.ഡി.പി സെൽ മേൽനോട്ടം വഹിക്കും. രോഗനി൪ണയത്തിന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മണിപ്പാൽ, ഡി.സി.ആ൪.ജി പോണ്ടിച്ചേരി എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തും. ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, മറ്റു പക൪ച്ചവ്യാധികൾ എന്നിവ റിപ്പോ൪ട്ട് ചെയ്യപ്പെടുകയാണെങ്കിൽ സ്ഥലം സന്ദ൪ശിച്ച് പ്രതിരോധ നിയന്ത്രണ പ്രവ൪ത്തനങ്ങൾ നടത്താൻ മെഡിക്കൽ കോളജ് ഡോക്ട൪മാരുൾപ്പെടെ റാപ്പിഡ് റെസ്പോൺസ് ടീമും രൂപവത്കരിച്ചു. കോ൪പറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രതിരോധ പ്രവ൪ത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ മേയ് 30ന് നഗരകാര്യ മന്ത്രിയുൾപ്പെടെയുള്ളവരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.