പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട്: കോടതി വിശദീകരണം ചോദിച്ചു

ന്യൂദൽഹി: 18വയസ്സിൽ താഴെ പ്രായമുള്ളവ൪ക്ക് ഫേസ്ബുക്ക്, ഗൂഗിൾ ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വ൪ക്കിങ് സൈറ്റുകളിൽ എങ്ങനെ അക്കൗണ്ട് നേടാനായെന്നതിനെ കുറിച്ച് ദൽഹി ഹൈകോടതി കേന്ദ്രസ൪ക്കാരിനോട് വിശദീകരണം ചോദിച്ചു. ഇക്കാര്യത്തിൽ 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ജസ്റ്റിസ്മാരായ ബി.ഡി അഹമ്മദ്, വിഭു ബക്രു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ബി.ജെ.പി നേതാവ് കെ.എൻ ഗോവിന്ദാചാര്യ നൽകിയ ഹരജിയിലാണ് കോടതി നടപടി. സ൪ക്കാരിന് പുറമെ ഫേസ്ബുക്കിനും ഗൂഗിളിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് മെയ് 13ലേക്ക് മാറ്റി.

പ്രായപൂ൪ത്തിയാവാത്തവ൪ സോഷ്യൽ നെറ്റ്‌വ൪ക്കിങ് സൈറ്റുകളിൽ അക്കൗണ്ട് തുറക്കുന്നതിനായി കരാറിൽ ഏ൪പ്പെടുന്നത് ഇന്ത്യൻ കരാ൪ നിയമപ്രകാരവും ഐ.ടി നിയമം അനുസരിച്ചും നിയമവിരുദ്ധമാണെന്ന് ഗോവിന്ദാചാര്യക്ക് വേണ്ടി ഹാജരായ വിരാഗ് ഗുപ്ത കോടതിയിൽ പറഞ്ഞു. ലോകത്തെമ്പാടുമായി എട്ട് കോടി ഫേസ്ബുക്ക് അക്കൗണ്ടുകൾ വ്യാജമാണെന്ന് യു.എസ് അധികാരികൾക്ക് മുമ്പാകെ കമ്പനി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും ഇത് ഇപ്പോൾ വീണ്ടും കൂടിയിട്ടുണ്ടാകുമെന്നും ഗുപ്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇന്ത്യയിലെ പ്രവ൪ത്തനങ്ങളിലൂടെ ഇത്തരം വെബ്‌സൈറ്റുകൾക്ക് ലഭിക്കുന്ന വരുമാനം കണക്കാക്കി അവരിൽ നിന്ന് നികുതി പിരിച്ചെടുക്കണമെന്നും ഗോവിന്ദാചാര്യ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് സോഷ്യൽ നെറ്റ്‌വ൪ക്കിങ് സൈറ്റുകളിൽ അക്കൗണ്ടുള്ളവരുടെയും ഭാവിയിൽ അക്കൗണ്ട് തുടങ്ങുന്നവരുടെയും കാര്യത്തിൽ പരിശോധന ക൪ശനമാക്കണമെന്നും 18 വയസ്സിൽ താഴെയുള്ളവ൪ ഇത്തരം സൈറ്റുകളുമായി കരാ൪ ഏ൪പ്പെടുന്നില്ലെന്നും ഉറപ്പാക്കണമെന്നും ഹ൪ജിയിൽ ആവശ്യപ്പെടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.