മുംബൈ: ‘മരണം’ ശംശാദ് ബീഗത്തിന് പുത്തരിയല്ല. ജീവിച്ചിരിക്കുമ്പോൾതന്നെ തൻെറ മരണ വാ൪ത്ത പലതവണ കേൾക്കാനുള്ള ‘ഭാഗ്യമുണ്ടായ’ അപൂ൪വ വ്യക്തിത്വങ്ങളിൽ ഒരാളാണ് അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ശംശാദ് ബീഗം.
70കളുടെ അവസാനത്തിൽ ‘മോ൪ട്ടൽ മെൻ ഇമ്മോ൪ട്ടൽ മെലഡീസ്’ എന്നപേരിൽ ദൂരദ൪ശൻ സംഗീത പരിപാടി സംഘടിപ്പിച്ചപ്പോഴാണ് അവരുടെ മരണ വാ൪ത്ത ആദ്യം വിവാദമായത്. പാകിസ്താനിൽനിന്ന് നൂ൪ജഹാനെ വരെ ക്ഷണിച്ചുകൊണ്ടുവന്ന് പരിപാടിയിൽ പങ്കെടുപ്പിച്ച അധികൃത൪, ശംശാദിനെ എന്തുകൊണ്ട് ക്ഷണിച്ചില്ലെന്ന് ചോദ്യമുയ൪ന്നു. ദൂരദ൪ശൻ വക്താവ് ഇങ്ങനെയാണ് മറുപടി നൽകിയത്. ‘അവ൪ മരിച്ചുപോയെന്നാണ് ഞങ്ങൾ കരുതിയത്.’ ദൂരദ൪ശൻ ഇതിന് ആധാരമായി പറഞ്ഞതാവട്ടെ അക്കാലത്ത് ചില ഹിന്ദി പത്രങ്ങളിൽ ശംശാദ് ബീഗത്തിൻേറതായി വന്ന തെറ്റായ ചരമ വാ൪ത്തയും. 1998ലാണ് പത്രങ്ങൾ ഇവരെ വീണ്ടും ‘കൊല്ലുന്നത്’. ഇത്തവണ സ്വന്തം പേരുതന്നെയാണ് പൊല്ലാപ്പായത്. മുപ്പതുകളിൽ ആകാശവാണിയിലൂടെ പ്രശസ്തയായ ഹിന്ദുസ്ഥാനി വോക്കലിസ്റ്റും മുൻ താരസുന്ദരി സൈറാബാനുവിൻെറ മുത്തശ്ശിയുമായ ശംശാദ് ബീഗമാണ് യഥാ൪ഥത്തിൽ മരിച്ചത്.എന്നാൽ, വാ൪ത്തയോടൊപ്പം പത്രങ്ങൾ നൽകിയത് മുംബൈയിൽ ജീവിച്ചിരിക്കുന്ന ശംശാദ് ബീഗത്തിൻെറ ഫോട്ടോയും ജീവചരിത്രക്കുറിപ്പുമായിരുന്നു. മലയാളത്തിലെ പ്രശസ്തമായ ചില പത്രങ്ങൾ ശംശാദിൻെറ സംഭാവനകൾ വിലയിരുത്തുന്ന ഫീച്ചറുകൾവരെ പ്രസിദ്ധീകരിച്ചാണ് രംഗം കൊഴുപ്പിച്ചത്. പത്രവാ൪ത്തകൾ കണ്ട് ദൽഹിയിലുള്ള എതാനും ബന്ധുക്കൾ ഫോൺചെയ്ത് അറിയിച്ചപ്പോഴാണ് ഇവ൪ വിവരമറിയുന്നത്. വാ൪ത്ത പരന്നതോടെ തുടരെയുണ്ടായ ഫോൺവിളികളിൽ ബീഗം വലഞ്ഞു.
അന്ന് വാ൪ത്തയുടെ നിജ$സ്ഥിതി അറിയാനായി ഇവരുടെ മുംബൈയിലെ വസതിയിലെത്തിയ മാധ്യമം പ്രതിനിധിയോട് അവ൪ ഇങ്ങനെ പറഞ്ഞു.‘ എല്ലാവ൪ക്കും നല്ലതുമാത്രം വരട്ടേയെന്നാണ് ഞാൻ പ്രാ൪ഥിക്കാറുള്ളത്. എന്നെക്കുറിച്ച് ഇത്തരമൊരു വാ൪ത്തയുണ്ടായപ്പോൾ ആകാംക്ഷാപൂ൪വം തിരക്കിയ സുഹൃത്തുക്കളോടും സംഗീത പ്രേമികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു’.
വിഭജനത്തിൽ വേദനയോടെ മുംബൈ: ശംശാദ് ബീഗം എന്നും വേദനയോടെ ഓ൪ത്തിരുന്നത് ഇന്ത്യാ-പാക് വിഭജനമായിരുന്നു. ലാഹോറിൽ ബാല്യം ചെലവിട്ട ഇവ൪ പഞ്ചാബി സിനിമയിലാണ് പിന്നണി ഗായികയെന്ന നിലയിൽ അരങ്ങേറിയത്. ഈ ഗാനങ്ങൾ ശ്രദ്ധിക്കാനിടയായ മെഹബൂബ് ഖാൻ അവരെ ഹിന്ദി സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. വിഭജനത്തിനു തൊട്ടുമുമ്പാണ് ഇതെല്ലാം സംഭവിച്ചത്. കുടുംബാംഗങ്ങളിൽ നല്ലൊരു വിഭാഗവും പാകിസ്താനിലേക്ക് പോയിട്ടും ഇന്ത്യയിൽ തുടരാനാണ് ശംശാദിൻെറ തീരുമാനം. ലതാ മങ്കേഷ്ക്ക൪ പിന്നണി സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നതിന് എത്രയോ മുമ്പുതന്നെ നൂ൪ജഹാൻ, സുരയ്യ എന്നിവരോടൊപ്പം ആ രംഗം കൈയടക്കാൻ ശംശാദ് ബീഗത്തിനായി. വടക്കേ ഇന്ത്യയിൽ ഹോളിപോലുള്ള ആഘോഷങ്ങളിൽ ഇന്നും അവരുടെ ഗാനങ്ങളാണ് ആലപിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.