ന്യൂദൽഹി: രാജീവ്ഗാന്ധിക്കെതിരെ വിവാദ വെളിപ്പെടുത്തലുകകളടങ്ങുന്ന വിക്കിലീക്‌സ് രേഖകൾ പുറത്ത്. രാജീവ്ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നതിന് വ൪ഷങ്ങൾക്ക് മുമ്പ്, 1970കളിൽ യുദ്ധവിമാന കച്ചവടത്തിന് ഇടനിലക്കാരനായി പ്രവ൪ത്തിച്ചുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തായിരിക്കുന്നത്.
ഇന്ത്യൻ എയ൪ലൈൻസിൽ പൈലറ്റ് ആയിരുന്ന കാലത്താണ് സ്വീഡിഷ് കമ്പനിയായ സാബ് സ്‌കാനിയക്ക് വേണ്ടി വിഗ്ഗൻ യുദ്ധവിമാന കച്ചവടത്തിന് രാജീവ് ഇടനിലക്കാരനായത്. അക്കാലത്ത് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ഹെൻട്രി കിസ്സിൻജ൪ക്ക് ദൽഹിയിലെ സ്ഥാനപതി അയച്ച കേബിളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. വിക്കിലീക്ക്‌സിന് ലഭിച്ച ഈ രേഖകൾ 'ദ ഹിന്ദു' ദിനപത്രമാണ് തിങ്കളാഴ്ച രേഖകൾ പുറത്തുവിട്ടത്.
വിമാനകച്ചവടത്തിന് രാജീവിന്റെ കുടുംബസ്വാധീനം ഉപയോഗപ്പെടുത്താൻ ശ്രമിച്ചതായും പറയുന്നുണ്ട്. ഇന്ത്യയിൽ നിന്ന് പ്രധാന ഇടനിലക്കാരനായി രാജീവ് പ്രവ൪ത്തിച്ചുവെങ്കിലും ഇടപാട് നടന്നില്ല. ബ്രിട്ടീഷ് കമ്പനിയായ സെപെകാറ്റ് ജാഗ്വ൪ ആണ് ഇടപാട് സ്വന്തമാക്കിയത്. സാബ് ഇടപാടിൽ നിന്ന് പിന്മാറുകയായിരുന്നു.
രാഷ്ട്രീയത്തിൽ നിന്നും പൂ൪ണമായും വിട്ടുനിന്ന രാജീവിനെ സഹോദരൻ സജ്ഞയ് ഗാന്ധിയുടെ മരണത്തെ തുട൪ന്ന് മാതാവ് ഇന്ദിരാഗാന്ധിയാണ് നി൪ബന്ധിച്ച് പൊതുരംഗത്തിറക്കിയത്. ക്ലീൻ ഇമേജുമായി രാഷ്ട്രീയത്തിലിറങ്ങിയ രാജീവിന്റെ പ്രതിച്ഛായക്ക് പിന്നീട് ബോഫോഴ്‌സ് ആയുധ ഇടപാട് കേസ് വലിയ തിരിച്ചടിയുണ്ടാക്കി. ബോഫോഴ്‌സ് കേസ് പുറത്തായതിനെ തുട൪ന്ന് 1989ൽ നടന്ന തെരഞ്ഞെടുപ്പിൽ രാജീവും കോൺഗ്രസും പരാജയമേറ്റു വാങ്ങിയിരുന്നു.
ഇതിന് പുറമെ അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ സോഷ്യലിസ്റ്റ് നേതാവായിരുന്ന ജോ൪ജ് ഫെ൪ണാണ്ടസ് സി.ഐ.എയുടെ ധനസഹായം തേടിയതായും വിക്കിലീക്‌സ് രേഖകൾ വെളിപ്പെടുത്തുന്നു. ഫ്രഞ്ച് സ൪ക്കാരിന്റെ സഹായം തേടാനും ഫെ൪ണാണ്ടസ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.