ന്യൂദൽഹി: സമാജ് വാദി പാ൪ട്ടിക്കെതിരെയും അധ്യക്ഷൻ മുലായം സിംങ് യാദവിനെതിരെയും നിശിത വിമ൪ശമുന്നയിച്ച കേന്ദ്രമന്ത്രി ബേനി പ്രസാദിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് സമാജ് വാദി പാ൪ട്ടി.
അടിസ്ഥാനരഹിതമായ പ്രസ്താവനകളാണ് ബേനി പ്രസാദ് നടത്തുന്നതെന്ന് സമാജ് വാദി പാ൪ട്ടി വക്താവ് രാജേന്ദ്ര ചൗധരി പ്രതികരിച്ചു. മുമ്പ് തെരഞ്ഞെടുപ്പുകളിൽ ബേനി പ്രസാദിനും മകനും കെട്ടിവെച്ച കാശ് പോയ ചരിത്രമാണുള്ളതെന്നും ചൗധരി വിമ൪ശിച്ചു. ബേനി പ്രസാദിന്റെ മാനസികനില തകരാറിലായിരിക്കുകയാണെന്ന് സമാജ് വാദി പാ൪ട്ടി ജനറൽ സെക്രട്ടറി റാം അസ്രി കുശ്വാഹ പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രമേ താൻ രാജിവെക്കുകയുള്ളൂവെന്നും എന്തു പ്രത്യാഘാതവും നേരിടാൻ ഒരുക്കമാണെന്നും ബേനി പ്രസാദ് അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പോടെ സമാജ് വാദി പാ൪ട്ടിയുടെ ശവമെടുപ്പ് നടക്കുമെന്ന ബേനി പ്രസാദിന്റെ പ്രസ്താവനയാണ് വീണ്ടും വിവാദമായത്. പൊതു തെരഞ്ഞെടുപ്പിൽ വെറും നാലു സീറ്റുകൾ മാത്രമേ സമാജ് വാദി പാ൪ട്ടിക്ക് ലഭിക്കുകയുള്ളുവെന്നും അദ്ദേഹം വിമ൪ശിച്ചിരുന്നു.
നേരത്തെ, സമാജ് വാദി പാ൪ട്ടി നേതാവ് മുലായം സിങ് യാദവിന് തീവ്രവാദ ബന്ധമുണ്ടെന്ന ബേനി പ്രസാദിന്റെ പരാമ൪ശം വിവാദമാകുകയും അദ്ദേഹം ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.