ഇറ്റലിയില്‍ 109 ഇന്ത്യക്കാര്‍ തടവില്‍

ന്യൂദൽഹി: കടൽക്കൊലക്കേസിൽ പ്രതികളായ നാവികരെ ഇന്ത്യയിലേക്കയക്കില്ലെന്ന നിലപാടുമായി  ഇന്ത്യൻ നിയമവ്യവസ്ഥയെ അവഹേളിച്ച ഇറ്റലിയിൽ 109 ഇന്ത്യൻ പൗരന്മാ൪ തടവിൽ കഴിയുന്നതായി റിപ്പോ൪ട്ട്. ഇതേക്കുറിച്ച് കേന്ദ്രസ൪ക്കാറിന് വ്യക്തമായ വിവരമില്ലെന്നും റിപ്പോ൪ട്ടിലുണ്ട്. ആരൊക്കെയാണ് ജയിലുകളിലുള്ളതെന്നോ എന്തെല്ലാം കുറ്റങ്ങൾ ചുമത്തിയാണ് അവരെ തടവിലിട്ടതെന്നോ സ൪ക്കാറിന് അറിയില്ല.
തെളിവുകളുണ്ടായിട്ടും ഇറ്റാലിയൻ നാവികരെ തിരിച്ചുപോകാൻ അനുവദിക്കുകയും ഇറ്റലിയിലെ തടവിൽ കഴിയുന്ന സ്വന്തം പൗരന്മാരെ അവഗണിക്കുകയും ചെയ്യുന്ന  സ൪ക്കാറിൻെറ നിലപാട് അദ്ഭുതാവഹമാണെന്ന് ദൽഹിയിലെ അഭിഭാഷകൻ അവി സിങ് അഭിപ്രായപ്പെട്ടു. ഇറ്റലിയിലെ ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ ഇടപെട്ട് വിവരങ്ങൾ ശേഖരിക്കണമെന്നും കേസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  
ഇറ്റാലിയൻ ജയിലുകളിൽ 600 മുതൽ 700വരെ തടവുകാരുണ്ടാവാമെന്ന് ഇറ്റലിയിലെ സിഖ് നേതാവ് സുഖ്ദേവ് സിങ് കാങ് പറഞ്ഞു. തടവിൽ കഴിയുന്നവരെ കുറിച്ച വിവരങ്ങൾ പുറത്തുവിടാൻ ഇറ്റലിയുടെ നിയമവ്യവസ്ഥ അനുവദിക്കില്ലെന്നാണ് 2010 ഫെബ്രുവരിയിൽ രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് സ൪ക്കാ൪ നൽകിയ വിശദീകരണം.  പഞ്ചാബിൽനിന്നുള്ള ക൪ഷകത്തൊഴിലാളികളാണ് അഴികൾക്കുള്ളിലായവരിൽ ഭൂരിപക്ഷവും. രാജ്യത്തേക്ക് അതിക്രമിച്ച് കയറൽ, കലഹമുണ്ടാക്കൽ, മോഷണം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പല൪ക്കെതിരെയും ചുമത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.