കോട്ടയം: മാധ്യമ പ്രവ൪ത്തക൪ ഊഹാപോഹങ്ങളുടെ പിന്നാലെ പോവുകയും യഥാ൪ഥ വസ്തുതകൾ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥ അഭികാമ്യമല്ലെന്ന് രാഷ്ട്രപതി പ്രണബ് കുമാ൪ മുഖ൪ജി. വസ്തുതകൾ ജനങ്ങളിലെത്തിക്കുന്നതിന് പകരം സെൻസേഷണലിസത്തിൻെറ പിന്നാലെ പോകുന്നതും ശരിയല്ല. കോട്ടയത്ത് ‘മലയാള മനോരമ’യുടെ ശതോത്തര രജത ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയിൽതന്നെ ഉറപ്പുനൽകുന്ന രാജ്യമാണ് നമ്മുടേത്. ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുമ്പോൾ തന്നെ മാധ്യമ പ്രവ൪ത്തക൪ക്ക് അവരുടേതായ ബാധ്യതകളുമുണ്ട്. ഉയ൪ന്ന മൂല്യബോധം കാത്തുസൂക്ഷിക്കാൻ മാധ്യമ പ്രവ൪ത്തക൪ തയാറാകണം. സത്യത്തിൽ അധിഷ്ഠിതമായ കാര്യങ്ങളാകണം വാ൪ത്തയാക്കേണ്ടത്. പൊതുജനാഭിപ്രായത്തെ ശരിയായ ദിശയിലേക്ക് നയിക്കാനും നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിക്കാനും മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. രാഷ്ട്രീയമോ വാണിജ്യപരമോ ആയ താൽപ്പര്യങ്ങൾ സ്വതന്ത്ര അഭിപ്രായപ്രകടനത്തെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും മാധ്യമങ്ങൾ നടത്തണം. വായനക്കാരോടും പ്രേക്ഷകരോടും അതുവഴി രാജ്യത്തോടു മുഴുവനും മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്.
കേരളീയ സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. വ്യവസായവത്കരണവും അതുവഴി വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കലും കേരളത്തിന് ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ വ൪ധിക്കേണ്ടതുമുണ്ട്. വിദേശ മലയാളികളുടെ വരുമാനം ഈ മേഖലകളിലേക്ക് തിരിച്ചുവിടേണ്ടത് ആവശ്യമാണ്. അതോടൊപ്പം, ആരോഗ്യകരമായ ജീവിത ശൈലിയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കണം. പ്രമേഹം, മാനസിക സംഘ൪ഷം തുടങ്ങിയ രോഗങ്ങൾ ഒഴിവാക്കാനുള്ള ജീവിത ശൈലിയാണ് കേരളത്തിന് ആവശ്യം. മുതി൪ന്നവരുടെ എണ്ണം കേരളത്തിൽ അതിവേഗം വ൪ധിക്കുകയാണ്. ഈ സാഹചര്യത്തിൽ മുതി൪ന്നവരെ ബഹുമാനിക്കാനും ആദരിക്കാനും പുതുതലമുറയെ ശീലിപ്പിക്കണം. നഗരവത്കരണത്തിൻെറ ഭാഗമായി വ൪ധിച്ചുവരുന്ന മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പരിഹരിക്കാനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒഴിവാക്കാനും സമൂഹത്തെ ബോധവത്കരിക്കുന്ന കാര്യത്തിൽ മാധ്യമങ്ങൾക്ക് നി൪ണായക പങ്ക് വഹിക്കാനാകുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഗവ൪ണ൪ എച്ച്.ആ൪. ഭരദ്വാജ്, കേന്ദ്ര വാ൪ത്താവിതരണമന്ത്രി കപിൽ സിബൽ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, ജോസ് കെ.മാണി എം.പി, മനോരമ പത്രാധിപ൪ മാമ്മൻ മാത്യു എന്നിവ൪ സംസാരിച്ചു.
കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ, സംസ്ഥാന മന്ത്രിമാരായ കെ.സി ജോസഫ്, കെ.ബാബു, അനൂപ് ജേക്കബ്, കെ.പി. സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല, വ്യവസായ പ്രമുഖൻ എം.എ. യൂസഫലി, എസ്.എൻ. ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങി ഒട്ടേറെ പ്രമുഖ൪ ചടങ്ങിൽ പങ്കെടു ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.