കണ്ണൂരില്‍ അറസ്റ്റിലായത് മകനെന്ന് ബിട്ടിയുടെ പിതാവ്

 ശ്രീകണ്ഠപുരം: രാഘവ്രാജെന്ന പേരിൽ കണ്ണൂരിൽ ജോലി ചെയ്യവേ അറസ്റ്റിലായത് തൻെറ മകൻ ബിട്ടി മൊഹന്തി തന്നെയാണെന്ന് പിതാവ് ബി.ബി മൊഹന്തി കേരള പൊലീസിൻെറ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഒഡിഷയിലെ കട്ടക്കിൽ ശനിയാഴ്ചയാണ് ബിട്ടിയുടെ പിതാവിനെ കേരള പൊലീസ് സംഘം ചോദ്യം ചെയ്തത്. അൽവാ൪ പീഡനക്കേസിൽ പരോളിലിറങ്ങി മുങ്ങിയ ബിട്ടി മൊഹന്തിയെക്കുറിച്ചുള്ള അന്വേഷണത്തിനായി ഒഡിഷയിലെത്തിയ പൊലീസ് സംഘത്തിൻെറ ചോദ്യം ചെയ്യൽ ആറു മണിക്കൂറോളം നീണ്ടു. രാഘവേന്ദരാജ് എന്ന പേരിൽ ബാങ്കിൽ നൽകിയ ഫോട്ടോ, ബിട്ടിയെ അറസ്റ്റു ചെയ്ത് കൊണ്ടുപോകുന്നതടക്കമുള്ള ഫോട്ടോ എന്നിവ ബി.ബി. മൊഹന്തിയെ കാണിച്ചപ്പോൾ ഒരു സംശയവുമില്ലാതെ തൻെറ മകനാണെന്ന് ഉറപ്പിക്കുകയായിരുന്നു. മുൻ ഡി.ജി.പി ആയതിനാൽ ഇയാളെ ചോദ്യം ചെയ്യുന്നത് കേരള പൊലീസിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
മുൻകൂട്ടി തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് ഇയാളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഒഡിഷ ഡി.ജി.പി മിശ്ര ഐ.പി.എസിനെ കണ്ട് അനുമതി വാങ്ങിയതിനുശേഷം ഒഡിഷ കട്ടക്കിലെ ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ ഓഫിസിലേക്ക് ബി.ബി. മൊഹന്തിയെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ശ്രീകണ്ഠപുരം സി.ഐ ജോസി ജോസ്, എസ്.പി സ്ക്വാഡിലെ റാഫി അഹമ്മദ്, കെ. ജയരാജൻ, പഴയങ്ങാടി സ്റ്റേഷനിലെ അനിൽ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് വിവരങ്ങൾ ശേഖരിച്ചത്.
രാഘവ്രാജും ബിട്ടിയും ഒരാളാണെന്ന് തെളിയിക്കുന്ന രേഖകളും പിതാവിൻെറ മൊഴിയും അന്വേഷണ സംഘത്തിനു ലഭിച്ച പ്രധാന ഘടകങ്ങളാണ്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.