പ്ളാച്ചിമട നഷ്ടപരിഹാരം കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂദൽഹി: നിയമസഭ പാസാക്കിയ പ്ളാച്ചിമട ഇരകളുടെ ദുരിതാശ്വാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള പ്രത്യേക ട്രൈബ്യൂണൽ ബില്ലിൻെറ കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉറപ്പുനൽകിയെന്ന കേരള മുഖ്യമന്ത്രിയുടെ വാദം നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രംഗത്ത്. പ്ളാച്ചിമട ബിൽ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലുള്ള വിവരം പോലും തനിക്കറിയില്ലെന്ന്, തന്നെ വന്നു കണ്ട പ്ളാച്ചിമട സമരക്കാരുടെ പ്രതിനിധി സംഘത്തോട്  കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ പറഞ്ഞു. ബിൽ അട്ടിമറിക്കാൻ കോ൪പറേറ്റുകൾ കഴിഞ്ഞമാസം ആഭ്യന്തര മന്ത്രാലയത്തിൽ സമ്മ൪ദം ചെലുത്തിയതിനു പിറകെയാണ് കേരള മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും വിരുദ്ധസ്വരത്തിൽ സംസാരിച്ചത്.
കേരളത്തിൻെറ പ്രശ്നങ്ങൾ ധരിപ്പിക്കാൻ ദൽഹിയിലെത്തിയ മുഖ്യമന്ത്രി ഈ മാസം നാലിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ച൪ച്ച നടത്തിയിരുന്നു. ച൪ച്ചയിൽ, ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കാതെ പിടിച്ചുവെച്ച പ്ളാച്ചിമട നഷ്ടപരിഹാര ബില്ലിൻെറ കാര്യം ധരിപ്പിച്ചുവെന്നും കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയെന്നും മുഖ്യമന്ത്രി മാധ്യമപ്രവ൪ത്തകരെ അറിയിക്കുകയും ചെയ്തു. എന്നാൽ, വിളയോടി വേണുഗോപാൽ, അനീഷ് തില്ലങ്കേരി എന്നിവരുടെ നേതൃത്വത്തിൽ പ്ളാച്ചിമട നിവേദകസംഘം വെള്ളിയാഴ്ച ആഭ്യന്തരമന്ത്രിയെ കണ്ട് വിഷയം ധരിപ്പിച്ചപ്പോൾ, ഇത്തരമൊരു ബിൽ മന്ത്രാലയം പിടിച്ചുവെച്ച വിവരം തനിക്ക് ഇതുവരെ അറിയില്ലെന്ന് ഷിൻഡെ തുറന്നു പറഞ്ഞു. പ്ളാച്ചിമട ബിൽ മന്ത്രാലയത്തിൻെറ കൈയിലാണോ എന്ന് നിവേദകസംഘത്തിൻെറ മുന്നിൽ വെച്ച് തന്നെ പ്രൈവറ്റ് സെക്രട്ടറിയോട് ഷിൻഡെ ചോദിക്കുകയും ചെയ്തു. ഉത്തരമൊന്നും പറയാതെ മൗനം പാലിച്ച പ്രൈവറ്റ് സെക്രട്ടറിയോട് മൂന്നു തവണ ചോദ്യം ആവ൪ത്തിച്ചിട്ടും അദ്ദേഹം നിശ്ശബ്ദത തുട൪ന്നു. അത്തരമൊരു ബിൽ ഉണ്ടെങ്കിൽ താൻ പരിശോധിക്കുമെന്നും നിവേദനത്തിൽ ഉന്നയിച്ച ആവശ്യത്തിൻെറ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും ഷിൻഡെ ഉറപ്പുനൽകി. കേരളത്തിൻെറ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 15 അംഗ വിദഗ്ധ സമിതി നടത്തിയ വിശദ പഠനത്തിനൊടുവിലാണ് പ്ളാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ തയാറാക്കിയതെന്ന് നിവേദകസംഘത്തെ നയിച്ച വിളയോടി വേണുഗോപാൽ ഷിൻഡെയോട് പറഞ്ഞു. 2011 ഫെബ്രുവരി 24ന് പാസാക്കിയ ബിൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി ഗവ൪ണ൪ മുഖേന രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചിരുന്നുവെന്നും കോ൪പറേറ്റുകളുടെ സമ്മ൪ദത്തിനു വഴങ്ങി മന്ത്രാലയം തടഞ്ഞുവെച്ചിരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു. കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവ൪ത്തകരെ കണ്ട  വേണുഗോപൽ കേന്ദ്രവും സംസ്ഥാനവും ഒത്തുചേ൪ന്ന് കേരളത്തെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.