പയ്യന്നൂ൪: രാജസ്ഥാനിൽ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയവേ പഴയങ്ങാടിയിൽ പിടിയിലായ ബിട്ടി മൊഹന്തിയെ പയ്യന്നൂ൪ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് എം. സ്മിത പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡയിൽ വിട്ട് ഉത്തരവായി.
പ്രതിയെ രാജസ്ഥാൻ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകേണ്ടതിനാലാണ് പൊലീസ് കസ്റ്റഡിയിൽ വിടുന്നതെന്ന് കോടതി വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. നിക്കോളാസ് കസ്റ്റഡിയിൽ വിട്ടതിനെ എതി൪ത്തു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പയ്യന്നൂ൪ സി.ഐ അബ്ദുൽ റഹീമും പഴയങ്ങാടി എസ്.ഐയും ചേ൪ന്ന് പഴയങ്ങാടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച മൂന്നരയോടെ പ്രതിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയെങ്കിലും നടപടിക്രമങ്ങൾ പൂ൪ത്തിയാവാൻ അഞ്ചു മണിയായി. പഴയങ്ങാടി പൊലീസ് തയാറാക്കിയ സത്യവാങ്മൂലത്തിലെ അപാകത കാരണമാണ് നടപടിക്രമം വൈകിയത്. സത്യവാങ്മൂലത്തിൽ എന്തിനുവേണ്ടി കസ്റ്റഡിയിൽ വാങ്ങുന്നുവെന്ന് വിശദീകരിക്കാത്തതാണ് പ്രശ്നമായത്. പുതിയ സത്യവാങ്മൂലം കോടതി ആവശ്യപ്പെടുകയായിരുന്നു. തുട൪ന്ന്, പയ്യന്നൂ൪ സി.ഐ പുതിയ സത്യവാങ്മൂലം തയാറാക്കി സമ൪പ്പിച്ചു. രാവിലെ പ്രൊഡക്ഷൻ വാറൻറ് തയാറാക്കിയതിലും പിശക് ചൂണ്ടിക്കാട്ടിയിരുന്നു.
സ൪ക്കാറിനെയും വിവിധ സ൪ക്കാ൪ സ്ഥാപനങ്ങളെയും വഞ്ചിച്ചുവെന്ന കേസാണ് ബിട്ടിക്കെതിരെ പഴയങ്ങാടി പൊലീസ് ചുമത്തിയത്. വ്യാജ രേഖ ചമക്കൽ, വ്യാജ പേരിൽ സ൪ക്കാ൪ സ്ഥാപനങ്ങളെ വഞ്ചിക്കൽ തുടങ്ങിയ കാര്യങ്ങളായിരിക്കും പ്രധാനമായും കേരള പൊലീസ് അന്വേഷിക്കുക. രാജസ്ഥാൻ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെത്തി വിശദമായ അന്വേഷണം നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ നി൪ദേശം നൽകിയിട്ടുണ്ട്.
തളിപ്പറമ്പ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പയ്യന്നൂ൪, തളിപ്പറമ്പ്, ശ്രീകണ്ഠപുരം സി.ഐമാരുൾപ്പെടെയുള്ള സംഘമാണ് അന്വേഷണത്തിന് ചുക്കാൻപിടിക്കുന്നത്. തളിപ്പറമ്പ് സി.ഐ രാജസ്ഥാനിലും പയ്യന്നൂ൪ സി.ഐ ആന്ധ്രപ്രദേശിലും ശ്രീകണ്ഠപുരം സി.ഐ ഒഡിഷയിലുമെത്തി തെളിവുകൾ ശേഖരിക്കും. എന്നാൽ, താൻ ബിട്ടി മൊഹന്തി അല്ലെന്നും രാഘവ് രാജ് ആണെന്നുമുള്ള വാദം ഇയാൾ ആവ൪ത്തിക്കുകയാണ്. പയ്യന്നൂരിലെത്തിച്ച ബിട്ടി മാധ്യമപ്രവ൪ത്തകരോട് സംസാരിക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.