അഹ്മദാബാദ്: കോളജ് വിദ്യാ൪ഥിനി ഇശ്റത് ജഹാനെയും മലയാളി അടക്കം മറ്റു മൂന്നുപേരെയും വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ ഒരു പൊലീസ് ഓഫിസറെക്കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു. ഗാന്ധിനഗറിലെ സ്പെഷൽ ഓപറേഷൻ ഗ്രൂപ് ഇൻസ്പെക്ട൪ ഭരത് പട്ടേലാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കേസിൽ ശനിയാഴ്ച അറസ്റ്റിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തരുൺ ബാരോട്ടിനൊപ്പം ഇയാളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് എ.യു.ജുജാരു ഇരുവരെയും 24 മണിക്കൂ൪ നേരത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയെ ലശ്കറെ ത്വയ്യിബ ഭീകരരെന്നു പറഞ്ഞാണ് ഇശ്റത് ജഹാൻ, അംജദലി അക്ബറലി റാണ, മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, സീശൻ ജൗഹ൪ എന്നിവരെ 2004ൽ ഗുജറാത്ത് പൊലീസ് വെടിവെച്ചുകൊന്നത്. അന്ന് അഹ്മദാബാദിൽ ക്രൈംബ്രാഞ്ച് എസ്.ഐ ആയിരുന്നു ഭരത് പട്ടേൽ. 2004 ജൂൺ 15ന് കൊല്ലപ്പെട്ട അക്ബറലി റാണയെ സംഭവസ്ഥലത്തെത്തിച്ചത് പട്ടേലാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. റോഡ് ഡിവൈഡറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട റാണയുടെ വലതുകൈക്കരികെ എ.കെ.56 റൈഫിൾ കിടപ്പുണ്ടായിരുന്നു. ഈ റൈഫിളിൻെറയും വെടിയുണ്ടകളുടെയും ഉറവിടം പട്ടേലിന് അറിയാമെന്ന് സി.ബി.ഐ അഭിഭാഷകൻ അഭിഷേക് അറോറ കോടതിയിൽ വാദിച്ചു.
സംഭവത്തിൽ അന്നത്തെ അഹ്മദാബാദ് അസിസ്റ്റൻറ് പൊലീസ് കമീഷണ൪ ജി.എൽ. സിംഗാളും കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. ഡെപ്യൂട്ടി ഇൻസ്പെക്ട൪ ജനറൽ ഡി.ജി. വൻസാര അടക്കം 19 പൊലീസ് ഉദ്യോഗസ്ഥ൪ നേരത്തേ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.