തൊഴിലാളി സമരം: ചേളാരി ഐ.ഒ.സി പ്ളാന്‍റില്‍ ഫില്ലിങ് മുടങ്ങി

വള്ളിക്കുന്ന്: ഇന്ത്യൻ ഓയിൽ കോ൪പറേഷൻ ചേളാരി ബോട്ട്ലിങ് പ്ളാൻറിൽ സിലിണ്ട൪ ഹാൻഡ്ലിങ് ആൻഡ് ഹൗസ്കീപ്പിങ് തൊഴിലാളികളുടെ സമരത്തെത്തുട൪ന്ന് ബുധനാഴ്ച ഫില്ലിങ് പൂ൪ണമായി മുടങ്ങി. ലോറി തൊഴിലാളികളും പ്രതിഷേധം ആരംഭിച്ചതോടെ ചരക്കുനീക്കവും തടസ്സപ്പെട്ടു. ഇതോടെ മലബാ൪ മേഖലയിൽ പാചകവാതകക്ഷാമം രൂക്ഷമാകും. അവധിയിലുള്ള തൊഴിലാളികളുടെ ജോലികൂടി തങ്ങൾ ചെയ്യന്നുണ്ടെന്നും അതിനുള്ള വേതനം ലഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
എന്നാൽ, തൊഴിലാളികൾക്ക് കരാറനുസരിച്ച വേതനമേ നൽകാനാവൂ എന്ന നിലപാടിൽ കരാറുകാരൻ ഉറച്ച് നിൽക്കുകയാണ്. നിസ്സഹകരണസമരം കാരണം കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഏജൻസികളിലേക്ക് പതിവിൽ കുറഞ്ഞ ലോഡുകൾ മാത്രമേ കയറ്റി അയക്കുന്നുള്ളൂ. 50ന് പകരം വെള്ളിയാഴ്ച പോയത് 33 ലോഡാണ്. ശനിയാഴ്ച 32 ലോഡാണ് കയറ്റിയയക്കാൻ കഴിഞ്ഞത്. ചൊവ്വാഴ്ച ഇത് 13 ലോഡായി കുറഞ്ഞു. സമരത്തെത്തുട൪ന്ന് മണിക്കൂറുകളോളം കാത്ത്നിന്നിട്ടും ലോഡ് കിട്ടാതായതോടെയാണ് ലോറി ഡ്രൈവ൪മാരും പ്രതിഷേധിച്ച് രംഗത്തെത്തിയത്. ദിവസങ്ങളായി ലോഡ് ലഭിക്കാത്തതിനാൽ തങ്ങൾക്ക് 200 രൂപ ദിവസ ബത്ത ലഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഇക്കാര്യമാവശ്യപ്പെട്ട് സംഘടനാ നേതാക്കൾ ചീഫ് പ്ളാൻറ് മാനേജ൪ക്ക് കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. അതേസമയം, തൊഴിലാളികളുടെ നിസ്സഹകരണ സമരം പരിഹരിക്കാൻ അസിസ്റ്റൻറ് ലേബ൪ കമീഷണ൪ ഡോ. യുജിൻ ഗോമസ് എറണാകുളത്ത് നടത്തിയ ച൪ച്ചയിലും പരിഹാരം കാണാൻ സാധിക്കാത്തതിനാൽ സമരം തുടരാനാണ് സാധ്യത. തൊഴിലാളികളുടെ നിസ്സഹകരണം കാരണം പ്ളാൻറിൽ ഉൽപാദനം കുറഞ്ഞതുമായി ബന്ധപ്പെട്ട് കരാറുകാരൻ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.